തിക്കുറിശിക്കു മരണമുണ്ടോ?
Saturday, March 1, 2025 8:37 PM IST
മലയാള നാടകവേദിയിലും ചലച്ചിത്ര ലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച ആചാര്യനാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവി, നാടകകൃത്ത്, നാടകനടൻ, വാഗ്മി, ഗദ്യകാരൻ, നർമലേഖകൻ, പാരഡിക്കവി, ചലച്ചിത്ര നടൻ, തിരക്കഥാകൃത്ത്, സംഭാഷണ രചയിതാവ്, സംവിധായകൻ, ഗാനരചയിതാവ് എന്നിങ്ങനെ അനവധി ശാഖകളിൽ കൈവച്ചു വിജയംവരിച്ച സകലകലാ വല്ലഭൻ.
തിക്കുറിശിയുടെ വീട്ടിൽ
എനിക്കദ്ദേഹവുമായി ദീർഘകാലത്തെ പരിചയമുണ്ട്. 1965ൽ എന്റെ "ഭൂമിയിലെ മാലാഖ' നാടകം ചലച്ചിത്രമാക്കിയപ്പോൾ അതിൽ ഹൃദയാലുവും സ്നേഹസന്പന്നനുമായ വാറുണ്ണി മുതലാളിയുടെ ഭാഗം തന്മയത്വത്തോടെ അഭിനയിച്ചതു തിക്കുറിശിയാണ്. അന്നുമുതലുള്ള പരിചയം ഞങ്ങൾ നിലനിർത്തിപ്പോന്നു. തിരുവനന്തപുരത്തെ ജവഹർ നഗറിലെ അദ്ദേഹത്തിന്റെ വസതിയിൽ രണ്ടു മൂന്നു വട്ടം ഞാൻ പോയിട്ടുണ്ട്.
ചെന്നപ്പോഴെല്ലാം അദ്ദേഹവും തൃശൂർ സ്വദേശിനിയായ സഹധർമിണി സുലോചനയും എന്ന സ്നേഹപൂർവം സ്വീകരിച്ചിരുന്നു. ഒടുവിൽ പോയത് 1995 സെപ്റ്റംബറിൽ. നാടകമല്ലാത്ത എന്റെ ആദ്യ കൃതിയായ "നാടകത്തിന്റെ കാണാപ്പുറങ്ങളു'ടെ കൈയെഴുത്തു പ്രതിയുമായിട്ടാണ് ഞാനന്നു പോയത്.
അതിന് ഒരവതാരിക വേണമെന്നു ഞാനാവശ്യപ്പെട്ടപ്പോൾ അദ്ദേഹം ആശ്ചര്യത്തോടെ എന്നെ നോക്കി. തുടർന്നൊരു ചോദ്യം. "ഒട്ടനവധി നാടകങ്ങളെഴുതി ഏറെ പ്രശസ്തനായിത്തീർന്ന ജോസിന് ഇനിയെന്തിന് ഒരവതാരിക?' ഉള്ളടക്കത്തെക്കുറിച്ച് അല്പം വിശദീകരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "ജോസിന്റെ ആഗ്രഹം എനിക്കുള്ള ബഹുമതിയായി ഞാൻ കരുതുന്നു'.
കൈയെഴുത്തുപ്രതി വായിച്ചു. സംതൃപ്തനായ അദ്ദേഹം ഒരു മാസത്തിനുള്ളിൽ പണ്ഡിതോചിതവും പ്രൗഢോജ്വലവുമായ ഒരവതാരിക എഴുതുക മാത്രമല്ല, അതിന്റെ അന്ത്യത്തിൽ ആശംസോപഹാരമായി തിക്കുറിശി എന്ന കവി എന്നിലെ നാടകകൃത്തിനെ സ്പർശിച്ചുകൊണ്ട് ഇരുപത്തിരണ്ടു വരികളുള്ള ഒരു കവിതകൂടി കുറിച്ച് അയച്ചുതന്നു. എന്റെ ഏതാനും നാടകങ്ങൾ അദ്ദേഹം വായിച്ച് ആസ്വദിച്ചിട്ടുണ്ടെന്ന അറിവ് എന്നിൽ ആശ്ചര്യം പകർന്നു. അന്ന് അദ്ദേഹത്തോടൊപ്പമിരുന്ന് ഉച്ചഭക്ഷണം കഴിച്ചു. തുടർന്നു സകല വിഷയങ്ങളെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു.
അദ്ദേഹത്തിന്റെ പല പ്രസംഗങ്ങളും ലേഖനങ്ങളും ഞാനാസ്വദിച്ചിട്ടുണ്ട്. അത്യന്താധുനിക നാടകങ്ങളെയും കവിതകളെയും നഖശിഖാന്തം അദ്ദേഹം എതിർത്തിരുന്നു. അവയെ എതിർത്തുകൊണ്ടു പ്രസംഗിക്കുന്പോഴും ലേഖനമെഴുതുന്പോഴും എതിരാളികൾക്കു മറുത്തൊന്നും പറയാൻപറ്റാത്തവിധം യുക്തിഭദ്രമായി പഴുതടച്ചും പ്രഹരമേല്പിച്ചുമാണതു ചെയ്യുക.
സംസാരിച്ച കൂട്ടത്തിൽ ഞാൻ അദ്ദേഹത്തിന്റെ ഏക മകളായ കനകശ്രീയെക്കുറിച്ചും അവളുടെ കവിതകളെക്കുറിച്ചും പ്രശംസാപൂർവം പറഞ്ഞു. 1988ൽ ഇരുപത്തൊന്പതാം വയസിൽ ഒരു മോട്ടോർ ബൈക്കപകടത്തിൽപ്പെട്ട് അന്തരിച്ച ആ കുട്ടിയുടെ ഭാവനാസുന്ദരങ്ങളായ ചില കവിതകൾ എനിക്കപ്പോൾ ഓർമവന്നു. "രാത്രി' എന്ന കവിതയിലെ രണ്ടു വരികൾ ഞാൻ ചൊല്ലി. അതിതാണ്...
"സന്ധ്യേ, സൂര്യനും നീയും സംഗമിച്ചുണ്ടാകുന്ന
സന്തതി "രാത്രി' എന്തേ കറുത്തുപോകാൻ ബന്ധം?
എത്ര ഉജ്വലവും ഉദാത്ത മൗലികവുമായ ഭാവന! അകമഴിഞ്ഞ ആനന്ദത്തോടെ ഞാനിതേപ്പറ്റി പറഞ്ഞപ്പോൾ തിക്കുറിശിയുടെ നയനങ്ങൾ നീരണിയുന്നതു കണ്ടു.
മകളെക്കുറിച്ചുള്ള ദുഃഖം കണ്ണീരായി കിനിഞ്ഞുവരികയായിരുന്നു. ഞാൻ നോക്കുന്പോൾ, ഇതെല്ലാം കേട്ട് അല്പമകലെയിരിക്കുന്ന സുലോചന കണ്ണുകൾ തുടയ്ക്കുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ആ മാതൃഹൃദയം തേങ്ങുന്നു. കനകശ്രീയെക്കുറിച്ച് ഒന്നും പറയേണ്ടിയിരുന്നില്ലെന്ന് അപ്പോൾ തോന്നി.
ആ പിതാവ് തൊണ്ടയിടറിക്കൊണ്ടു പറഞ്ഞു, "എന്റെ മോളു ഇതുപോലെ അനവധി കവിതകൾ എഴുതിയിട്ടുണ്ട്. ഇതൊന്നും ഞാനറിഞ്ഞിരുന്നില്ല. എന്നെ കാണിച്ചിരുന്നുമില്ല. മരണാനന്തരം കുറെ നാളുകൾക്കു ശേഷം അവളുടെ മേശ പരിശോധിച്ചപ്പോൾ കുത്തിക്കുറിച്ച കുറെ കടലാസുകൾ കണ്ടു.
ഡയറി എഴുതിയതായിരിക്കുമെന്ന് ആദ്യം തോന്നി. പിന്നെയാണ് മനസിലായത് അവയെല്ലാം എന്റെ മോളെഴുതിയ ഒന്നാന്തരം കവിതകളാണെന്ന്'. അച്ഛൻ കുറ്റപ്പെടുത്തുമോയെന്നു ഭയന്ന്, കാണിക്കാൻ ധൈര്യപ്പെടാതെ എല്ലാം ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു ആ മകൾ.
ഭാസ്കരൻ മാഷിന്റെ വിസ്മയം
തിക്കുറിശി അവയെല്ലാമെടുത്തു തന്റെ ആത്മസുഹൃത്തായ പി. ഭാസ്കരനെ ഏല്പിച്ചു. കനകശ്രീയുടെ കവിതകളുടെ വിഷയ വൈവിധ്യവും രചനാവൈഭവവും കണ്ട് ഭാസ്കരൻ മാഷ് അദ്ഭുതപ്പെട്ടു.
അദ്ദേഹത്തിന്റെ അവതാരികയോടെ നൂറ്റി മുപ്പത്തിയൊന്നു കവിതകളുടെ ഒരു സമാഹാരം "കനകശ്രീ കവിതകൾ' എന്ന പേരിൽ നാഷണൽ ബുക് സ്റ്റാൾ പ്രസിദ്ധപ്പെടുത്തി. അന്നു ഞങ്ങൾ സംസാരിച്ചപ്പോൾ മകളെക്കുറിച്ച് എത്ര പറഞ്ഞിട്ടും മതിവരുന്നില്ല തിക്കുറിശിക്ക്. അതുകൊണ്ടാണ് ആ അച്ഛൻ ഇങ്ങനെ വിലപിച്ചത്.
"ആകാശമൊരു കടലാസുപോൽ കൈയിൽ കിട്ടി ഈ കാണും മരമെല്ലാം തൂലികകളുമാക്കി ഏഴുകടലും നീലമഷിയായി മാറ്റീയച്ഛ- നെഴുതിക്കഴിഞ്ഞാലും തീരില്ല നിന്നെപ്പറ്റി'
ഇതിൽനിന്ന് ആ അച്ഛന്റെ ആഴമേറിയ സ്നേഹവാത്സല്യങ്ങളും തീവ്രമായ ദുഃഖവും നമുക്ക് അളക്കാൻ കഴിയും. വിപുലമായ ഒരു ഗ്രന്ഥശേഖരമുണ്ടായിരുന്നു അദ്ദേഹത്തിന്.
മഹാകാവ്യങ്ങൾ, മതഗ്രന്ഥങ്ങൾ, ജീവചരിത്രങ്ങൾ, ഇതിഹാസങ്ങൾ, ചന്പുക്കൾ, വിജ്ഞാനകോശങ്ങൾ, ആത്മകഥകൾ, നിരൂപണങ്ങൾ, നോവലുകൾ, നാടകങ്ങൾ, കവിതകൾ എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന അമൂല്യഗ്രന്ഥങ്ങൾ. തലതിരിച്ചും തലക്കെട്ടുകൊടുത്തും നല്ല അടുക്കിലും ചിട്ടയിലും ഷെൽഫുകളിൽ വച്ചിരിക്കുന്നു. അതേപ്പറ്റി ഞാൻ പ്രശംസിച്ചുപറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു.
"എനിക്കെവിടാ നേരം?' എല്ലാം എന്റെ മോളു ചെയ്തുവച്ചു പോയതാണ്'ലൈബ്രറിയിലേക്കു കടന്നാൽ ആദ്യം കാണുന്ന ചെറിയ ബോർഡ് എന്നെ ആകർഷിച്ചു. അതിൽ എഴുതിയിരിക്കുന്നു
"Ask my Wealth
Not my books'
അടുത്തതായി മറ്റൊന്നുകൂടിയുണ്ട്.
We are chaste
Dont Pollute us.
പുസ്തകങ്ങൾ ആത്മഗതം ചെയ്യുന്നതുപോലെയാണ് അതിലെ വാക്യങ്ങൾ. "ഞങ്ങൾ ചാരിത്ര്യ മുള്ളവരാണ്- ശുദ്ധിയുള്ളവരാണ്. ഞങ്ങളെ ദുഷിപ്പിക്കരുത് - നശിപ്പിക്കരുത്'.
ലൈബ്രറിയുടെ മധ്യത്തിലായി അദ്ദേഹത്തിന് അനേകകാലങ്ങളായി ലഭിച്ച നൂറുകണക്കിന് അവാർഡുകൾ നിരത്തിവച്ചിരിക്കുന്നു. എണ്ണിയാൽ തീരാത്തത്ര അവാർഡുകൾ! ഒരു പുരുഷായുസിൽ ഇത്രയേറെ അവാർഡുകൾ ലഭിക്കുമോ? അതിശയത്തോടെ ഞാനവയെല്ലാം നോക്കിക്കൊണ്ടു നിന്നു.
"ഇതെല്ലാം ഏല്പിച്ചുകൊണ്ടുപോവാൻ എനിക്കൊരവകാശിയില്ലാതെ പോയല്ലോ... ജോസ്. എന്റെ മോളുണ്ടായിരുന്നെങ്കിൽ....' അപ്പോഴും വന്നു മകളെക്കുറിച്ചുള്ള ഓർമകൾ.
തിരിച്ചുപോരാൻ നേരത്ത് "തിക്കുറിശിക്കവിതകൾ', "കനകശ്രീ കവിതകൾ' എന്നീ രണ്ടു വലിയ ഗ്രന്ഥങ്ങൾ അദ്ദേഹം സമ്മാനമായി എനിക്ക് ഒപ്പിട്ടിരുന്നു. ഞാൻ അതു നിധിപോലെ സൂക്ഷിക്കുന്നു.
കലാസാഹിത്യ ലോകത്ത് സ്വന്തമായൊരു ചരിത്രം കുറിച്ച അജയ്യനും അവിസ്മരണീയനുമാണ് തിക്കുറിശി. കലാസ്നേഹികളെ മുഴുവൻ ദുഃഖിപ്പിച്ചുകൊണ്ട് അഭിവന്ദ്യനും എന്റെ ഗുരുതുല്യ സുഹൃത്തുമായ ആ സർഗശക്തൻ 1997 മാർച്ച് 11ന് തന്റെ 81-ാമത്തെ വയസിൽ മരണത്തിനു കീഴടങ്ങി. പക്ഷേ, അദ്ദേഹം മരിച്ചുവോ? അദ്ദേഹത്തിനു മരണമുണ്ടോ? ഇല്ലെന്നാണ് അദ്ദേഹംതന്നെ രചിച്ച "ഞാൻ മരിക്കില്ല' എന്ന കവിത വിളിച്ചോതുന്നത്.
"ഞാൻ മരിക്കുകയില്ല, എനിക്കു മൃതിയില്ലാ
ഞാൻ മാത്രം മരിക്കുകയില്ലെന്നതത്രേ സത്യം
പുരാണ ചരിത്രേതിഹാസങ്ങളൊന്നുംതന്നെ
മരണം സ്പർശിക്കാത്ത മർത്ത്യരെക്കാണിച്ചീല.
ഇന്നെങ്കിലീ ലോകത്തിൻ കോണിലെങ്ങാനും കണ്ണു-
കൊണ്ടു കാണുവാനില്ല; ശുദ്ധമേ കള്ളം കള്ളം
പന്തയം കെട്ടുന്നു ഞാനീക്കർമ പ്രപഞ്ചത്തിനു
അന്തിമയാമംവരെ "ജീവിക്കും ജീവിക്കും ഞാൻ'
അദ്ദേഹം പറഞ്ഞത് എത്രയോ ശരി. അദ്ദേഹത്തിന് മരണമുണ്ടോ?
സി.എൽ.ജോസ്