പ്രത്യാശയുടെ യാത്ര
Saturday, February 22, 2025 8:38 PM IST
ശൂന്യമായ മാനസങ്ങളിൽ പ്രത്യാശയുടെ തിരി തെളിക്കാൻ കഴിയുന്ന പുസ്തകം. ഒരു മാസം മുന്പ് ഫ്രാൻസിസ് മാർപാപ്പയുടേതായി പുറത്തുവന്ന പ്രത്യാശ- ഒരു ആത്മകഥ എന്ന ഗ്രന്ഥം ലോകമെന്പാടും വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു.
എന്റെ ജീവിതകഥ പ്രത്യാശയുടെ ഒരു യാത്രയാണ്- ലോകം മുഴുവൻ ചർച്ചയായ ഹോപ് എന്ന തന്റെ ആത്മകഥയെക്കുറിച്ചു ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ വാക്കുകളാണിത്.
എന്റെ സഹയാത്രികരെയും എനിക്കും മുന്പു യാത്ര ചെയ്തവരെയും എനിക്കു ശേഷം യാത്ര ചെയ്യുന്നവരെയും ഈ താളുകളിൽ കണ്ടെത്താം.
2025 ജനുവരി 14നാണ് നൂറിലധികം രാജ്യങ്ങളിൽ 17 ഭാഷകളിലായി ഫ്രാൻസിസ് മാർപാപ്പയുടെ "പ്രത്യാശ- ഒരു ആത്മകഥ' എന്ന പുസ്തകം പ്രകാശനം ചെയ്തത്.
പ്രതിസന്ധികളിലൂടെയും അതിനെ മറികടക്കുന്ന പ്രത്യാശകളിലൂടെയും കടന്നുപോയ ജീവിതത്തെ ഈ താളുകളിൽനിന്നു തൊട്ടറിയാം.
ഇറ്റാലിയൻ എഡിറ്റർ കാർലോ മുസോയാണ് ആത്മകഥയുടെ സഹരചയിതാവ്. ഈ രചനയെക്കുറിച്ച് അദ്ദേഹം പറയുന്ന കാര്യങ്ങൾ ശ്രദ്ധേയമാണ്. 2019ൽ ആരംഭിച്ചതാണ് ഇരുവരും ചേർന്നുള്ള എഴുത്ത്.
മരണശേഷം ജീവചരിത്രമായി പുറത്തുവരണമെന്നായിരുന്നു പാപ്പായുടെ ആഗ്രഹം. എന്നാൽ, ആ തീരുമാനം മാറ്റിയാണ് ആത്മകഥയായി ജനുവരി 14ന് പ്രസിദ്ധീകരിച്ചത്.
നാളെയുടെ നിർമിതി
ഒരിക്കലും സഭയുടെ തലവനാകാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ദൈവികപദ്ധതിയോടു ചേർന്നു മനുഷ്യരുടെ സന്തോഷത്തിനായി പ്രവർത്തിക്കുക, ആരെയും ഒഴിവാക്കാതെ നാളെയുടെ നിർമിതിയാണ് മനുഷ്യന്റെ അടിസ്ഥാന ഉത്തരവാദിത്വമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഒന്നാം ലോകമഹായുദ്ധക്കെടുതിയിൽനിന്നു രക്ഷപ്പെടാൻ 1925 മുതൽ 29 വരെ രണ്ടു ലക്ഷത്തിലധികം ആളുകൾ ഇറ്റലിയിൽനിന്ന് ബ്രസീൽ, അർജന്റീന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കു കുടിയേറിയിരുന്നു.
വല്യപ്പനിൽനിന്നാണ് യുദ്ധത്തിന്റെ ഭീകരതകളെക്കുറിച്ച് ബാലനായ ബെർഗോളിയോ ആദ്യമറിയുന്നത്. യുദ്ധത്തിൽ നിരപരാധികളുടെ ജീവൻ പൊലിയുന്നുവെന്നും വലിയ ക്രൂരതകൾക്കു വഴിവയ്ക്കുന്നുവെന്നും ബാല്യത്തിൽത്തന്നെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.
ഒന്നാം ലോകമഹായുദ്ധത്തെക്കുറിച്ചു കേട്ടറിഞ്ഞ പാപ്പാ രണ്ടാം ലോകമഹായുദ്ധക്കെടുതികൾ ചെറുതായെങ്കിലും അനുഭവിച്ച വ്യക്തിയുമാണ്. അതുകൊണ്ടുതന്നെ യുദ്ധങ്ങൾക്കെതിരേ എക്കാലവും കടുത്ത നിലപാടുകളാണ് അദ്ദേഹം സ്വീകരിക്കുന്നത്.
ആ കപ്പൽഅപകടം
ഇറ്റലിയിലെ പയെമൊണ്ടയിൽനിന്ന് 1300 യാത്രക്കാരുമായി പുറപ്പെട്ട ഇറ്റാലിയൻ കപ്പൽ അർജന്റീന തീരത്തോട് അടുക്കുന്പോൾ അപകടത്തിൽപ്പെട്ടു.
കുറെപ്പേർ കടലിൽ വീണു മരിച്ചു. മാർപാപ്പയുടെ വല്യപ്പനും വല്യമ്മയും അവരുടെ ഏകമകനും മാർപാപ്പയുടെ പിതാവുമായ മാരിയോയും കപ്പൽ യാത്രയ്ക്കു ടിക്കറ്റ് എടുത്തിരുന്നെങ്കിലും യാത്ര ചെയ്യാനായില്ല.
അതുകൊണ്ടാണ് താൻ ഇന്നു മാർപാപ്പയായി ഇരിക്കുന്നതെന്ന് അദ്ദേഹം ആത്മകഥയിൽ ഒാർമിക്കുന്നു. തന്റെ സോക്കർകളി പ്രിയം ആത്മകഥയിൽ വിവരിക്കുന്നു. അധ്യാപകരെയും സഹപാഠികളെയും കുറിച്ചുള്ള ഓർമകളും രസകരം.
വിശുദ്ധിയിൽ ജീവിക്കാൻ പതിനഞ്ചു ദിവസം കൂടുന്പോൾ കുന്പസാരിക്കണമെന്നത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചെറുപ്പത്തിൽത്തന്നെ തിരിച്ചറിഞ്ഞിരുന്നു. രാഷ്ട്രീയ ചിന്തകൾ ആരംഭിച്ചതും വായനാശീലം വളർത്തിയതുമെല്ലാം വലിയ നേട്ടമായി അദ്ദേഹം അവതരിപ്പിക്കുന്നു. ദൈവം നിന്നെ വിൽക്കുന്നുവെന്നുണ്ടെങ്കിൽ അതു വളരെ മനോഹരമായ കാര്യമാണ്.
എന്നാൽ, എപ്പോഴെങ്കിലും അസാധ്യമെന്നു തോന്നിയാൽ നിന്റെ വീടിന്റെ വാതിലുകൾ എപ്പോഴും തുറന്നിരിക്കുമെന്ന കാര്യം മറക്കരുത്- വല്യമ്മയുടേതാണ് ഈ വാക്കുകൾ. 1956ൽ സെമിനാരിയിൽ പ്രവേശിക്കുന്പോൾ മുതൽ ഈ വാക്കുകൾ ഉള്ളിലുണ്ടെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ലോകത്തോട്
വേദന ഒരു പുണ്യമല്ല, എന്നാൽ, പുണ്യസന്പാദ്യത്തിനായി ഉപയോഗിക്കാനാകുമെന്നു ലോകത്തെ പഠിപ്പിച്ചയാളാണ് മാർപാപ്പ.
പാവങ്ങൾക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ നിലപാടുകളാണ് ഏറ്റവും ശ്രദ്ധേയം. ഒപ്പം സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടിയും അവർക്കു കൂടുതൽ അവസരങ്ങൾ കിട്ടുന്നതിനു വേണ്ടിയും അദ്ദേഹം നിലപാടെടുത്തു.
ബാല്യം മുതൽ പത്രോസിന്റെ സിംഹാസനത്തിൽ തുടരുന്നതുവരെയുള്ള കാര്യങ്ങളാണ് ഈ ആത്മകഥയിൽ നിറഞ്ഞുനിൽക്കുന്നത്. ഒപ്പം സമകാലിക വിഷയങ്ങളോടുള്ള സമീപനവും പരാമർശിക്കപ്പെടുന്നു.
അഭയാർഥിപ്രവാഹം, യുദ്ധം, കുടിയേറ്റം, പ്രകൃതി സംരക്ഷണം, സാങ്കേതിക പുരോഗതി, സഭയുടെ ഭാവി, വിവിധ മതങ്ങളുടെ പ്രസക്തി തുടങ്ങി സാമൂഹികവും സാന്പത്തികവും ഭൗതികവും മതപരവുമായ നിരവധി വിഷയങ്ങൾ ഈ പുസ്തകത്തിൽ ഇടംനേടിയിട്ടുണ്ട്.
മാർപാപ്പ സ്ഥാനത്ത് ആയിരിക്കുന്പോഴും സ്വഭാവത്തിന്റെ പ്രത്യേകതകളാൽ പല തെറ്റിലും താൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് തികഞ്ഞ എളിമയോടെ അദ്ദേഹം ഏറ്റുപറയുന്നു.
പിതാവിന്റെ മരണത്തെത്തുടർന്നു കുടുംബഭാരം ഏറ്റെടുക്കേണ്ടിവന്നതും 2021 ഇറാക്ക് സന്ദർശനവേളയിലെ വധശ്രമമവുമെല്ലാം കൂടുതൽ പ്രത്യാശപകരുന്ന അവസരങ്ങളായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
320 പേജുകൾ ഉള്ള പ്രത്യാശ ഒരു ആത്മകഥ ഫ്രാൻസിസ് മാർപാപ്പയുടെ ഗ്രന്ഥം എന്ന നിലയിലും അതിലെ വിഷയ വൈവിധ്യത്താലും ലോകചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.
(പാലക്കാട് യുവക്ഷേത്ര കോളജ് വൈസ് പ്രിൻസിപ്പലാണ് ലേഖകൻ).
ഡോ. ജോസഫ് ഓലിക്കൽകൂനൽ