എഡാ ഷീരാ, ഭയങ്കരാ..!
Saturday, February 22, 2025 8:23 PM IST
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യയില്‍നിന്നുള്ള സംഗീത വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന താരം ഇയാളാണ്- എഡ് ഷീരന്. ജനുവരി 30ന് പൂനയില്‍ ആരംഭിച്ച ഇന്ത്യയിലെ സംഗീതപരിപാടി കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെ അതിഗംഭീര ഷോയോടെയാണ് അവസാനിച്ചത്. ഇന്ത്യന്‍ സംഗീതപ്രേമികള്‍ ഇത്രത്തോളം ആസ്വദിച്ച, ഇഷ്ടപ്പെട്ട മറ്റൊരു വിദേശ സെലിബ്രിറ്റിയില്ലെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല...
മാത്തമാറ്റിക്സ് എന്നു പേരിട്ട മ്യൂസിക് ടൂറിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ ഇംഗ്ലീഷ് ഗായകന് എഡ് ഷീരന് വാസ്തവത്തില്‍ ഇന്ത്യയെയും ഇവിടത്തെ സംഗീതത്തെയും ആസ്വദിക്കുകയായിരുന്നുവെന്നു വേണം കരുതാന്‍.
ഒപ്പം സംഗീതപ്രേമികളുടെ മനസു പഠിക്കുകയും. മടങ്ങിയവേളയില് അയാള്‍ പറഞ്ഞു- ഇന്ത്യയില്‍ കഴിഞ്ഞ മൂന്നാഴ്ച ഒരു മായാജാലംപോലെ ആയിരുന്നു. ഞാന്‍ ഒരുപാടു കാര്യങ്ങള്‍ പഠിച്ചു. എന്നെ സ്വീകരിച്ചതിനു നന്ദി. വൈകാതെ ഇനിയും വരുമെന്നു പ്രതീക്ഷിക്കുന്നു...
അതെ, മായാജാലംതന്നെയാണ് അയാള്‍ കാഴ്ചവച്ചതും. സംഗീതപ്രേമികള്‍ക്കു മാത്രമല്ല, രാജ്യത്തെ വമ്പന്‍ താരങ്ങള്‍ക്കും, തെരുവുകളിലെ സാധാരണക്കാര്‍ക്കുപോലും! വെസ്റ്റ് യോര്‍ക്ഷെയറിൽ ജനിച്ച എഡ്വേര്‍ഡ് ക്രിസ്റ്റഫര്‍ ഷീരന് പതിനൊന്നാം വയസില്‍ പാട്ടുകള്‍ എഴുതിത്തുടങ്ങിയതാണ്.
സ്പിന്നിംഗ് മാന്‍ എന്ന പേരില്‍ ആദ്യത്തെ കളക്ഷന്‍ അവതരിപ്പിച്ചപ്പോള്‍ പതിമൂന്നു വയസ്. ഇരുപതാം വയസില്‍ ആദ്യത്തെ എക്സ്റ്റെന്‍ഡഡ് പ്ലേ പുറത്തിറക്കി. അക്കൊല്ലംതന്നെ പ്ലസ് എന്ന പേരില്‍ ആദ്യ ആല്‍ബവും. അവിടെനിന്നിങ്ങോട്ട് അയാളുടെ കാലമാണ്.
കണക്കിലാണ് ഷീരന്റെ കളികളധികവും- ആല്‍ബങ്ങളുടെ പേര് പ്ലസ്, മള്‍ട്ടിപ്ലൈ, ഡിവൈഡ്, ഈക്വല്സ്, സബ്ട്രാക്ട് എന്നിങ്ങനെ! വേള്‍ഡ് ടൂറിന്റെ പേരും കണക്കില്‍- മാത്തമാറ്റിക്സ്! ഏറ്റവും പുതിയ സ്റ്റുഡിയോ ആല്‍ബത്തിനു പേരിട്ടിരിക്കുന്നത് പ്ലേ എന്നാണ്.
എന്റെ കഥ, എന്റെ പാട്ട്
ഒരിക്കല്‍ എഡ് ഷീരനോടു ചോദിച്ചു- എപ്പോഴൊക്കെയാണ്, എങ്ങനെയാണ് താങ്കള്‍ക്ക് പാട്ടുകളെഴുതാന്‍ തോന്നുന്നത്?
എല്ലാ പാട്ടുകള്‍ക്കുമുള്ള പ്രചോദനം മിക്കപ്പോഴും ഒരു നല്ല കഥയാണ്. വ്യക്തിപരമായ ഒരനുഭവം, എനിക്കു സംഭവിച്ച എന്തെങ്കിലുമൊരു കാര്യം... ഞാന്‍ അതാണ് എഴുതുന്നത്. അനുഭവങ്ങളുടെ തീവ്രതയും സാന്ദ്രതയുമാവണം ഷീരന്റെ പാട്ടുകള്‍ ലോകമെമ്പാടുമുള്ള സംഗീതപ്രേമികള്‍ക്ക് ഇത്രയും പ്രിയങ്കരമാക്കിയത്.
അടുത്ത ചോദ്യം- വളരെ ചെറുപ്പത്തില്‍ത്തന്നെ താങ്കള്‍ പ്രശസ്തനായി. അത് ജീവിതത്തില്‍ എന്തു മാറ്റങ്ങളാണ് വരുത്തിയത്?എന്റേത് ഒരു സ്ഥിരതയുള്ള ജീവിതമായിരുന്നില്ല. സ്ഥിരമായൊരു മേല്‍വിലാസമോ ജോലിയോ ഉണ്ടായിരുന്നില്ല.
പ്രശസ്തനായതിനു ശേഷവും 16 വയസിലേതിനു സമാനമായ ജീവിതമാണ് നയിച്ചത്. ഇപ്പോഴും പാട്ടുപാടുന്നു, സംഗീതപരിപാടികള്‍ നടത്തുന്നു, ലോകമെങ്ങും സഞ്ചരിക്കുന്നു... ഇതിനെല്ലാം പണം കിട്ടുന്നുവെന്നു മാത്രം. സത്യംപറഞ്ഞാല്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല.
ലോകമെമ്പാടുമായി 150 ദശലക്ഷത്തിലേറെ റിക്കാര്‍ഡുകള്‍ വിറ്റഴിഞ്ഞിട്ടുള്ള ഒരു ഗായകനാണ് ഇതു പറയുന്നതെന്നോര്‍ക്കണം. ലോകത്തെ ബെസ്റ്റ്-സെല്ലിംഗ് സംഗീതജ്ഞരില്‍ ഒരാളാണ് എഡ് ഷീരന്. എറിക് ക്ലാപ്ടണ് ഗിറ്റാര്‍ വായിക്കുന്നതു കണ്ടാണ് താന്‍ ഗിറ്റാറിലേക്ക് ആകര്ഷിക്കപ്പെട്ടതെന്നു ഷീരന് പറയാറുണ്ട്.
ഫോക്, ഹിപ്-ഹോപ് സംഗീതത്തില്നിന്നുള്ള പ്രചോദനം സ്വന്തം ശൈലി രൂപപ്പെടുത്താന്‍ സഹായിച്ചു. ബ്രൂസ് സ്പ്രിംഗ്സ്റ്റീന്‍, ബോബ് ഡിലന് തുടങ്ങിയവരുടെ പാട്ടുകള്‍ കേള്‍പ്പിച്ചാണ് പിതാവ് വളര്‍ത്തിയത്. അനവധി ലൈവ് പ്രോഗ്രാമുകള്‍ക്കും അദ്ദേഹം മകനെ കൊണ്ടുപോയി.
അങ്ങനെ ക്ലാപ്ടണെയും പോള്‍ മക്കാര്ട്ടിനിയെയും ബോബ് ഡിലനെയുമൊക്കെ നേരിട്ടു കേള്‍ക്കാന്‍ കഴിഞ്ഞു. ഷീരന് സംഗീതാവേശഭരിതനായി. ബീറ്റില്‍സും എമിനെമും അടക്കമുള്ളവ ആ ആവേശംകൂട്ടി.
ജീവിതം, ലൈവ്
ഒരര്‍ഥത്തില്‍ പാട്ടിലൂടെ ജീവിതം ആഘോഷിക്കുകയാണ് എഡ് ഷീരന്. സംഗീതലോകത്തെ മാത്രമല്ല, ലോകത്തെ സെലിബ്രിറ്റികള്‍ മുഴുവന്‍ അയാളുടെ സുഹൃത്തുക്കളാണ്. പേരെടുത്തു പറഞ്ഞാല്‍ കുഴയും. എല്ലാവര്ക്കും ഷീരന്റെ പാട്ടുകളോടിഷ്ടമാണ്. എല്‍ട്ടണ്‍ ജോണ്‍, ടെയ്ലര് സ്വിഫ്റ്റ് തുടങ്ങി ഒട്ടേറെപ്പേരുമായി ചേര്‍ന്ന് പാട്ടുകളുണ്ടാക്കുകയും ചെയ്തു.
എന്താണ് സംഗീതംകൊണ്ട് കേള്വിക്കാരിലുണ്ടാക്കാന് ആഗ്രഹിക്കുന്ന വികാരങ്ങളെന്നു ചോദിച്ചാല്‍ ഉത്തരം ഇങ്ങനെ: എനിക്കിഷ്ടപ്പെടുന്ന തരത്തിലുള്ള സംഗീതമാണ് ഞാന്‍ ഉണ്ടാക്കുന്നത്. കേള്‍ക്കുന്നവര്‍ക്ക് അതിഷ്ടമാകുന്നെങ്കില് അതാണ് ഏറ്റവും പ്രധാന കാര്യം. സ്വന്തം റിക്കാര്‍ഡ് ലേബല്‍, ഹോട്ടല്‍ സംരംഭം, പല മേഖലകളിലേക്കും സഹായമെത്തിക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, അഭിനയം, ഫുട്ബോള്പ്രേമം... ഷീരന്റെ ജീവിതം കളര്‍ഫുൾ ആണ്.
ഇന്ത്യയില്‍
സുഹൃത്തും ഗായകനുമായ അരിജിത് സിംഗിനൊപ്പം ബംഗാളിലെ തെരുവുകളിലൂടെ സ്കൂട്ടറില്‍ ചുറ്റിയടിക്കുന്ന ഷീരനെക്കണ്ട് പലരും ഞെട്ടി. അയാളെപ്പോലെ നാട്ടുകാരും അത് ആഘോഷമാക്കി.
ചെന്നൈയിലും ഹൈദരാബാദിലും ഓട്ടോറിക്ഷകളില്‍ കറക്കം, ചെന്നൈയിലെ ഒരു കൊച്ചു ബാര്‍ബര്‍ ഷാപ്പില് ഹെഡ് മസാജിംഗ്, ജോണ്‍ അബ്രഹാമിനൊപ്പം പന്തുകളി... തിരിച്ചറിഞ്ഞവരെല്ലാം എടാ ഷീരാ! എന്നു ചിന്തിച്ചുകാണും. ഇതെല്ലാം അയാള്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോകളായി പങ്കുവയ്ക്കുകയും ചെയ്തു. സംശയമില്ല, എല്ലാം വൈറലുമായി.
ബംഗളൂരുവിലെ തെരുവില്‍ ആരാധകര്‍ക്കു മുന്നില്‍ പാട്ടുപാടിയത് പോലീസ് തടഞ്ഞ സംഭവം ലോകമെങ്ങും വാര്‍ത്തയായിരുന്നു. അനുമതിയില്ലാതെ പരിപാടി നടത്താന്‍ അനുവദിക്കില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്.
ഓരോ ഷോയ്ക്കും മുമ്പ് അതതു നഗരത്തിന്റെ സംഗീതവും സംസ്കാരവും അറിയാന്‍ ഷീരന് ആത്മാര്‍ഥമായി പരിശ്രമിച്ചു. ഇന്ത്യന്‍ സെലിബ്രിറ്റി സംഗീതജ്ഞര്‍ക്കൊപ്പം മാഷപ്പുകളും ചെയ്തു.
എ.ആര്. റഹ്മാന് ഷീരനൊപ്പം വേദിയിലെത്തി ഊര്‍വസി എന്ന സൂപ്പര്‍ഹിറ്റ് പാട്ടാണ് പാടിയത്. ശില്പ റാവുവിനൊപ്പം ചുട്ടമല്ലോ എന്ന ഹിറ്റ് ഗാനവും ഷീരന് പാടി. അരിജിത് സിംഗും ലൈവ് വേദിയില്‍ എത്തിയിരുന്നു.
ഷീരന്റെ ഓരോ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്കു കീഴിലും ഇന്ത്യക്കാരുടെ കമന്റുകള്‍ നിറയുന്നുണ്ട്. എല്ലാവര്ക്കും സ്നേഹം. ഇയാള്‍ ഇന്ത്യക്കാരനായി മാറി, ആരെങ്കിലും ഒരു ആധാര്‍ കാര്‍ഡ് എടുത്തുകൊടുക്കൂ എന്നാണ് രസകരമായ ഒരു കമന്റ്.
എഡ്വീശ്വര് ശ്രീ എന്നു പേരുമാറ്റാമെന്നും ഒരാള്‍ നിര്‍ദേശിക്കുന്നു. പാട്ടും പെരുമാറ്റവും സ്നേഹമാകുന്ന വിധമാണ് ഷീരനിലൂടെ കാണുന്നത്, കേള്‍ക്കുന്നതും. കഴിഞ്ഞ 17നായിരുന്നു ഈ ഗ്രാമി ജേതാവിന്റെ 34-ാം ജന്മദിനം.
ഹരിപ്രസാദ്