ഹ്രസ്വചിത്രങ്ങൾ കടന്നു വിനയകുമാര്‍ ബിഗ് സ്ക്രീനിലേക്ക്
Saturday, February 15, 2025 8:53 PM IST
സുഹൃത്തുക്കള്‍ ഒത്തു ചേർന്നു വർത്തമാനം പറഞ്ഞിരുന്നപ്പോൾ കിട്ടിയ കഥ തിരക്കഥയാക്കി. ഫോണില്‍ ഷൂട്ട് ചെയ്തു. തുടർന്നു ഹ്രസ്വചിത്രങ്ങളുടെ ഒരു പരന്പരതന്നെ... ഒന്നും രണ്ടുമല്ല, പത്തു വർഷത്തിനിടെ നാല്പതോളം ഹ്രസ്വ ചിത്രങ്ങള്‍. ഇപ്പോൾ അവിടവും കഴിഞ്ഞ് പാലാ സ്വദേശി വിനയകുമാറിന്റെ പുതിയ ചുവട്, സിനിമയിലേക്ക്.
ആദ്യ സിനിമ പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുകയാണ് പാലാ കുന്നുകയില് വിനയകുമാര്‍. സെക്ടർ 112 എന്ന സിനിമയുമായിട്ടാണ് വിനയകുമാറിന്റെ രംഗപ്രവേശം. ഈ ത്രില്ലർ സിനിമയിൽ നിരവധി പുതുമുഖങ്ങൾക്കും അവസരം നൽകാനായെന്ന് വിനയകുമാർ പറയുന്നു.
ചെറിയ ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ജോബി ജോസഫ് എന്ന സുഹൃത്താണ് വിനയകുമാറിന്റെ സിനിമാ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കൂടെനിന്നത്. ഒടിടി വഴി ഉടൻ റിലീസ് ചെയ്യും.
പാച്ചുവും കോവാലനും ആയിരുന്നു ആദ്യ ഷോർട്ട് ഫിലിം. കൂട്ടുകാരായ സതീഷ്, സുജീഷ്, കിഷോര്‍ എന്നിവർക്കൊപ്പം ഫോണിൽ ഷൂട്ട് ചെയ്താണ് തുടക്കം. ഒന്നു രണ്ടെണ്ണംകൂടി ഫോണിൽ ഷൂട്ട് ചെയ്തു.
പലരും നല്ല അഭിപ്രായങ്ങൾ പറഞ്ഞതോടെ ഈ മേഖലയിൽ സജീവമാവുകയായിരുന്നു. ദ റൈറ്റ് കോള്‍, തിരനോട്ടം എന്നീ ഹ്രസ്വ ചിത്രങ്ങള്‍ ഫെല്കാ ഫിലിം ഫെസ്റ്റിനു പരിഗണിച്ചിട്ടുണ്ട്.
അഭിനയമോഹവുമായാണ് ഈ രംഗത്തേക്കു വന്നതെങ്കിലും സംവിധാനമാണ് തന്റെ മേഖലയെന്ന് വൈകാതെ തിരിച്ചറിഞ്ഞു. സാമൂഹ്യതിന്മകൾക്കെതിരേ നിരവധി ഷോർട്ട് ഫിലിമുകളിലൂടെ പ്രതികരിച്ചു.
കെസ്റ്റർ പാടിയ ഒരു ഗാനത്തിന്റെ ആൽബവും ജാസി ഗിഫ്റ്റിനൊപ്പം ഒരു പാട്ടും അണിയറയിൽ ഒരുങ്ങുന്നുണ്ട്. എല്ലാത്തിനും പിന്തുണയുമായി ഭാര്യ ആതിരയും മകൻ പൂവരണി കൊച്ചുകൊട്ടാരം സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി കെ.വി. ആത്വിനും ഒപ്പമുണ്ട്.
ജെസിൽ മാത്യു