കുസുമം ടീച്ചർ കാടിന്റെ മക്കൾക്ക് അക്ഷരപ്പൂന്തോട്ടം
Saturday, February 15, 2025 8:51 PM IST
കുസുമം ടീച്ചർ അട്ടപ്പാടിക്ക് വെറുമൊരു പൂവല്ല, ഒരു പൂന്തോട്ടമാണ്. ജീവിതത്തിൽ അറിവിന്റെ ഒരു പൂവ് എങ്കിലും കിട്ടിയെങ്കിലെന്ന് ആശിച്ചവർക്കു മുന്നിൽ അക്ഷരങ്ങളുടെ പൂന്തോട്ടമൊരുക്കിക്കൊടുത്ത അധ്യാപിക.
കുസുമം എന്നതിന്റെ അർഥം പൂവ്, എന്നാൽ, കുസുമം ടീച്ചർ അട്ടപ്പാടിക്ക് വെറുമൊരു പൂവല്ല, ഒരു പൂന്തോട്ടമാണ്. ജീവിതത്തിൽ അറിവിന്റെ ഒരു പൂവ് എങ്കിലും കിട്ടിയെങ്കിലെന്ന് ആശിച്ചവർക്കു മുന്നിൽ അക്ഷരങ്ങളുടെ പൂന്തോട്ടമൊരുക്കിക്കൊടുത്ത അധ്യാപിക.
വെള്ളവും വളവും വെളിച്ചവും നൽകിയപ്പോൾ ടീച്ചറുടെ പൂന്തോട്ടത്തിൽ നിരവധി പൂക്കൾ വിരിഞ്ഞു. അജ്ഞതയുടെ ഇരുളിൽനിന്ന് അവർ അറിവിന്റെ വെളിച്ചത്തിലേക്ക് ആഹ്ലാദത്തോടെ വിരിഞ്ഞു.
കുടികളിലെ വെളിച്ചം
നാട്ടിലെയോ നഗരങ്ങളിലെയോ സൗകര്യപ്രദമായ സ്കൂളുകളിൽ ജോലി നേടാമായിരുന്നിട്ടും അസൗകര്യങ്ങളിലും പരിമിതികളിലും തപ്പിത്തടയുന്ന കാടിന്റെ മക്കളുടെ വഴികളിൽ അക്ഷരവെളിച്ചം പകരണമെന്നതായിരുന്നു ടീച്ചറിന്റെ തീരുമാനം.
അതിനു വേണ്ടി ത്യാഗങ്ങൾ സഹിച്ചുള്ള പ്രയാണം നീണ്ട 32 വർഷം പിന്നിട്ടിരിക്കുന്നു. ഇനി രണ്ടു മാസങ്ങൾകൂടി കഴിഞ്ഞാൽ കുസുമം ടീച്ചർ അട്ടപ്പാടി മേഖലയിലെ അധ്യാപന ജീവിതത്തിൽനിന്നു പടിയിറങ്ങും. കണ്ണീർ പൊടിയുന്ന മിഴികളോടെയാവും അട്ടപ്പാടി കുസുമം ടീച്ചർക്കു നന്ദിപറയുക.
അട്ടപ്പാടി ട്രൈബൽ മേഖലയിൽ ത്യാഗോജ്വലമായി നിർവഹിച്ച അധ്യാപന ജീവിതത്തിന്റെ ഒാർമകളുമായിട്ടാണ് വരുന്ന മേയിൽ കുസുമം ടീച്ചർ കുക്കംപാളയം സെന്റ് പീറ്റേഴ്സ് സ്കൂളിന്റെ പടിയിറങ്ങാനൊരുങ്ങുന്നത്. അട്ടപ്പാടിയിലെ പിന്നാക്ക മേഖലകളിലെ കുട്ടികളും യുവതലമുറയും അവരുടെ ജീവിതത്തോടു ചേർത്തുവച്ച പേരാണ് കുസുമം.
അറിവു പകരാൻ മാത്രമല്ല, അവരുടെ ആത്മവിശ്വാസം ഉയർത്താൻ, മുഖ്യധാരയിലേക്ക് അവരെ കൈപിടിച്ചു നടത്താൻ, നാടിനു ചേർന്ന മനുഷ്യരാക്കി മാറ്റാൻ ആരും നിർബന്ധിക്കാതെതന്നെ തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും നീക്കിവയ്ക്കുകയായിരുന്നു ഈ അധ്യാപിക.
ആ പുഞ്ചിരിയാണ് സന്തോഷം
ഈ തെരഞ്ഞെടുപ്പിൽ നഗരത്തിന്റെ സൗകര്യങ്ങളും ആഘോഷങ്ങളുമെല്ലാം നഷ്ടമായില്ലേ എന്നു ചോദിക്കുന്നവർക്കു മുന്നിൽ ആദിവാസിക്കുടികളിലെ കുടിലുകളിൽ വിരിയുന്ന പുഞ്ചിരികൾക്ക് അതിന്റെ ഇരട്ടി സന്തോഷം നൽകാൻ കഴിയുമെന്നായിരുന്നു ടീച്ചറുടെ മറുപടി. ട്രൈബൽ മേഖലയിൽനിന്നും അല്ലാതെയും എത്തുന്ന കുഞ്ഞുങ്ങളെ സ്വന്തം മക്കളെപ്പോലെ പരിപാലിച്ചുവെന്നതാണ് ടീച്ചറെ അട്ടപ്പാടി മനസിലേറ്റാൻ കാരണം.
പഠനസാമഗ്രികൾ ഇല്ലാത്തതിന്റെ പേരിൽ സ്കൂളിൽ പോകാൻ മടിച്ചവരെ തേടി പലപ്പോഴും ടീച്ചറുടെ വകയായി പഠനോപകരണങ്ങൾ എത്തുമായിരുന്നു. പഠനത്തിൽ പിന്നാക്കം നിന്നവരെ അവഗണിക്കാനല്ല, ചേർത്തുപിടിക്കാനായിരുന്നു എപ്പോഴും ടീച്ചറുടെ ശ്രദ്ധ. അതിന്റെ ഫലമായി കുട്ടികളിൽ ചിലർ ഇൻസ്പെയർ അവാർഡിനു പോലും അർഹരായി.
ശാസ്ത്ര സാങ്കേതിക രംഗത്തേക്കും ട്രൈബൽ മേഖലയിലെ കുട്ടികൾ വളരണമെന്നതു ടീച്ചറുടെ നിർബന്ധമായിരുന്നു. അങ്ങനെ ശാസ്ത്ര സാങ്കേതിക പ്രദർശനങ്ങൾക്കും സ്കൂളുകൾ വേദിയായി മാറി. കുട്ടികളെ ഇത്തരം രംഗങ്ങളിലേക്കു വഴിതിരിച്ചുവിടാനും അവരെ കൂടുതൽ ഉത്സാഹമുള്ളവരാക്കി മാറ്റാനുമൊക്കെ ഇതു വഴിതെളിച്ചു.
കാഞ്ഞിരപ്പുഴ കുളമ്പിൽ പരേതരായ കെ.ജെ. ജോസഫ്- ഏലിക്കുട്ടി ദന്പതികളുടെ മകളായ കുസുമം പാലക്കാട് മേഴ്സി കോളജിൽനിന്നു ഡിഗ്രിയും ചെന്നൈ സ്റ്റെല്ല മറ്റുറ്റീന കോളജ് ഓഫ് എഡ്യൂക്കേഷനിൽനിന്ന് ബിഎഡും കോയന്പത്തൂർ ആർട്സ് ആൻഡ് സയൻസ് കോളജിൽനിന്നു പിജിയും നേടി.
1993ലാണ് അധ്യാപക ജീവിതം തുടങ്ങുന്നത്. തമിഴ്നാട് കരൂർ സെന്റ് ആന്റണീസ് ഹൈസ്കൂളിൽ സയൻസ് വിഷയങ്ങൾ പഠിപ്പിച്ചായിരുന്നു തുടക്കം. എന്നാൽ, സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവർക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ടീച്ചറെ എത്തിച്ചത് അട്ടപ്പാടിയിലേക്കാണ്. ആദിവാസി മേഖലയിൽ പ്രവർത്തിക്കാൻ 1997ൽ അട്ടപ്പാടിയിലേക്കു താമസംതന്നെ മാറി.
അട്ടപ്പാടിയിൽ കോട്ടത്തറ ആരോഗ്യമാത ഹയർ സെക്കൻഡറി സ്കൂൾ, ജെല്ലിപ്പാറ മൗണ്ട് കാർമൽ ഹൈസ്കൂൾ, കുക്കംപാളയം സെന്റ് പീറ്റേഴ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായി. കൂടാതെ, പാസ്റ്ററൽ കൗൺസിലിലും കാറ്റക്കിസം കൗൺസിലിലും സജീവ അംഗമായിരുന്നു. അഗളി ബിആർസിയിൽ, റിസോഴ്സ്പേഴ്സണായും പ്രവർത്തിച്ചു.
സഹോദരങ്ങളായ ഫാ. ജോസ് കുളമ്പിൽ, ജോൺ ജോസഫ്, സണ്ണി ജോസഫ്, സെബാസ്റ്റ്യൻ ജോസഫ്, സെലിൻ മാത്യു, തോമസ് ജോസഫ്, ഫ്രാൻസിസ് ജോസഫ് എന്നിവർ കുസുമം ടിച്ചർക്ക് എല്ലാ പിന്തുണയുമായി എന്നും കൂടെയുണ്ടായിരുന്നു.
എഴുത്തിന്റെ വഴിയിലും
അധ്യാപനത്തിന്റെ ഇടയ്ക്കും എഴുത്തിൽ സജീവമായിരുന്നു ടീച്ചർ. നാടകം, ചെറുകഥ, ഉപന്യാസ രചനകളിലുംശ്രദ്ധ നേടി. ചെറുകഥാ രചനയ്ക്കും നാടക രചനയ്ക്കും ഉപന്യാസത്തിനും 2007, 2008ൽ കെസിബിസിയുടെ സംസ്ഥാന അവാർഡ് ടീച്ചർക്കു ലഭിച്ചിരുന്നു.
ക്വിസ് മത്സരത്തിൽ ബിഷപ് ഇരിമ്പൻ മെമ്മോറിയൽ അവാർഡും നേടി. ഇത്തരം വ്യക്തിഗത നേട്ടങ്ങൾക്കൊപ്പം അട്ടപ്പാടിയെ കുട്ടികളെ നെഞ്ചോടു ചേർത്തായിരുന്നു ടീച്ചറുടെ സഞ്ചാരം.
32 വർഷം 32 ദിവസം പോലെയാണ് കടന്നുപോയതെന്നു ടീച്ചർ പറയുന്നു. ആദിവാസി വിദ്യാർഥികൾ അടക്കമുള്ളവർക്കു വേണ്ടി മാത്രമായി ആ സമയം ചെലവഴിക്കാൻ കഴിഞ്ഞു എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നത്.
ജീവിതത്തിലെ വ്യക്തിപരമായ പല കാര്യങ്ങൾ പോലും ഇതിനിടയിൽ ടീച്ചർ ചിന്തിച്ചില്ല. ഒരുപക്ഷേ, ഇരുളടഞ്ഞ ജീവിതത്തിലേക്കു പോകുമായിരുന്ന പല കുട്ടികളെയും വെളിച്ചത്തിലേക്കു കൈപിടിക്കാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ സൗഭാഗ്യം. - കുസുമം ടീച്ചർ പറയുന്നു.
എംവിവി