ചന്ദ്രിക കൃഷ്ണമൂര്‍ത്തി ടണ്ടന് - 71 വയസ്. തമിഴ്നാട്ടില്‍ വേരുകളുള്ള, ഇന്ത്യന്‍- അമേരിക്കന്‍ ബിസിനസ് ഉപദേഷ്ടാവ്, മക്കെന്‍സീ കമ്പനിയില്‍ ഇലക്ടഡ് പാര്‍ട്ണര്‍ ആയ ആദ്യത്തെ ഇന്ത്യന്‍- അമേരിക്കന്‍ വനിത, ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയുടെ മുന്‍ ട്രസ്റ്റി, ബാങ്ക് ഓഫ് അമേരിക്ക, ചേസ് മാന്‍ഹട്ടന്‍ കോര്പറേഷന് എന്നിവയുടെയടക്കം ഉപദേഷ്ടാവ്... സര്‍വോപരി മനുഷ്യസ്നേഹി... ഇതിനൊക്കെ അപ്പുറം അവര്‍ മറ്റൊന്നുകൂടിയാണ്- ഗ്രാമി അവാര്‍ഡ് നേടിയ സംഗീതജ്ഞ!
ചെന്നൈയിലെ ഒരു യാഥാസ്ഥിതിക തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ജനനം. കുടുംബത്തിലെ മൂത്തപുത്രി. പതിവുകള്പ്രകാരം പതിനെട്ടാം വയസില്‍ വിവാഹം. ചട്ടക്കൂടുകള്‍ക്കുള്ളില്‍ ഒതുക്കാനുള്ളതല്ല തന്റെ ജീവിതമെന്ന് അവള്‍ക്ക് അന്നേ തോന്നി.
മുത്തച്ഛനില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് ഉന്നത വിദ്യാഭ്യാസത്തിന് ഇറങ്ങിപ്പുറപ്പെട്ടു. അല്ലെങ്കിലും പഠനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. ഹോളി ഏഞ്ചല്‍സ് ആംഗ്ലോ ഇന്ത്യന്‍ സ്കൂളില്‍ പ്രവേശനം നേടുന്ന കാര്യത്തില്‍ അമ്മയുമായി തെറ്റി രണ്ടു ദിവസം ഉണ്ണാവ്രതമിരുന്നവളാണ്. വിജയം അവള്‍ക്കൊപ്പം നിന്നു.
മദ്രാസ് ക്രിസ്ത്യന്‍ കോളജ്, അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്... വിജയങ്ങള്‍ തുടര്‍ന്നു. ബെയ്റൂട്ടിലെ സിറ്റി ബാങ്കിലെ ജോലിക്കു പിന്നാലെ ന്യൂയോര്‍ക്കിലെ മക്കെന്‍സീ കമ്പനിയിലേക്ക്... തുടര്‍ന്നു കെട്ടിപ്പടുത്ത സാമ്രാജ്യത്തെക്കുറിച്ചു വിവരിക്കാന്‍ വാക്കുകള്‍ തികയാതെ വരും.
ഇത്രയും പറഞ്ഞത് ചന്ദ്രിക കൃഷ്ണമൂര്‍ത്തി ടണ്ടന് എന്ന ഇന്ത്യന്‍ - അമേരിക്കന്‍ ബിസിനസ് വ്യക്തിത്വത്തെക്കുറിച്ചാണ്. ചന്ദ്രികയുടെ സഹോദരിയെക്കുറിച്ചു പലരും മുമ്പേ കേട്ടിരിക്കും- ഇന്ദ്ര നൂയി, പെപ്സിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച വിദഗ്ധ. ഇനി പറയുന്നത് ചന്ദ്രികയിലെ സംഗീതജ്ഞയെക്കുറിച്ചാണ്- ഗ്രാമിയോളം വളര്‍ന്ന മന്ത്രങ്ങളെക്കുറിച്ചും.
അമ്മവഴി, പാട്ടുവഴി
സംഗീതജ്ഞയായിരുന്നു അമ്മ. പ്രഗത്ഭരായ ഗുരുക്കന്മാരില്നിന്നു കര്‍ണാടക സംഗീതവും ഹിന്ദുസ്ഥാനിയും പാശ്ചാത്യസംഗീതവും പഠിക്കാന്‍ ചന്ദ്രികയ്ക്ക് അവസരം ലഭിച്ചു.
പ്രഫഷണല്‍ തിരക്കുകള്‍ക്കിടയിലും അവര്‍ സംഗീതത്തെ കൈവിട്ടില്ല. ആദ്യസ്വരങ്ങള്മുതല് ചെന്നൈയിലെ കുട്ടിക്കാലത്ത് റേഡിയോയില്‍ കേട്ട പാട്ടുകള്‍വരെ... വീട്ടില്‍ നിരന്തരം അലയടിച്ചിരുന്ന മന്ത്രങ്ങളും. ഭര്‍ത്താവ് രഞ്ജന്‍ ടണ്ടന്റെ പിതാവ് തൊണ്ണൂറാം ജന്മദിനം ആഘോഷിച്ചപ്പോള്‍ എന്തു സമ്മാനം നല്‍കണമെന്ന ചിന്തയിലായിരുന്നു ചന്ദ്രിക.
അദ്ദേഹത്തിന് ഏറെയിഷ്ടമുള്ള മന്ത്രങ്ങള്‍ ഒരു സ്റ്റുഡിയോ റിക്കാര്‍ഡിംഗ് ആക്കി സമ്മാനിക്കാനായിരുന്നു തീരുമാനം. ആ സമ്മാനം ഭര്‍തൃപിതാവ് മാത്രമല്ല ഏറ്റുവാങ്ങിയത്- കേട്ടവരെല്ലാമായിരുന്നു. 2009ല്‍ ആദ്യത്തെ മുഴുനീള സ്റ്റുഡിയോ ആല്‍ബം- സോള്‍ കാള്‍ പുറത്തിറക്കാന്‍ അതു പ്രചോദനമായി.
ഓം നമോ നാരായണായ എന്ന മന്ത്രത്തിന്റെ ചുവടുപിടിച്ചായിരുന്നു ആല്‍ബം. ബെസ്റ്റ് കണ്ടംപററി വേള്‍ഡ് മ്യൂസിക് ആല്‍ബം വിഭാഗത്തില്‍ ഇതു ഗ്രാമി നോമിനേഷന് നേടി. രണ്ടാമത്തെ ആല്‍ബം ഏറെ വിസ്തൃതമായ ആശയവും സംഗീതധാരകളും ഉള്‍ക്കൊള്ളുന്നതായിരുന്നു.
മഹാത്മജിയുടെ ദണ്ഡിയാത്രയില്നിന്നു ജീവനുള്ക്കൊണ്ട് തയാറാക്കിയ സോള്‍ മാര്‍ച്ച് എന്ന ആല്‍ബത്തില്‍ ഹിന്ദുസ്ഥാനി, ലാറ്റിന്‍, ജാസ് ധാരകളുടെ സുന്ദരമായ മേളനമുണ്ടായി. ഇന്ത്യയിലും അമേരിക്കയിലുമായി റിക്കാര്‍ഡ് ചെയ്ത ആല്‍ബത്തില്‍ 75ലേറെ സംഗീതജ്ഞര്‍ അണിനിരന്നു. ഇതും ഗ്രാമി നോമിനേഷന് നേടിയിരുന്നു.
തുടര്‍ന്ന് നാലു സ്റ്റുഡിയോ ആല്ബങ്ങള്ക്കൂടി ചന്ദ്രിക പുറത്തിറക്കി. വൈവിധ്യം കൊണ്ടും ഭാവഭംഗികൊണ്ടും ശ്രദ്ധേയമായ സൃഷ്ടികളൊന്നും നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടിലെ സാധാരണക്കാരായ സംഗീതപ്രേമികള്‍ കേട്ടിരിക്കാനിടയില്ലെന്നു മാത്രം.
ത്രിവേണീ സംഗമം
ആറാമത്തെ ആല്‍ബം ത്രിവേണി എന്ന പേരില്‍ പുറത്തിറക്കിയത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ്. അതിനാണ് ഇത്തവണത്തെ ബെസ്റ്റ് ന്യൂ ഏജ്, ആംബിയന്റ് ഓര് ചാന്റ് ആല്‍ബം വിഭാഗത്തില്‍ ഗ്രാമി പുരസ്കാരം.
ചന്ദ്രികയ്ക്കും മന്ത്രങ്ങള്‍ക്കും ഒപ്പം രണ്ടു സംഗീതജ്ഞരാണ് ആല്‍ബത്തിലുള്ളത്- ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള ഫ്ളൂട്ടിസ്റ്റ് വൂട്ടര്‍ കെല്ലര്‍മാനും ജാപ്പനീസ്-അമേരിക്കന്‍ ചെല്ലിസ്റ്റ് ഇറൂ മാത്സുമോട്ടോയും.
ഏറെ പരിചയസമ്പന്നരായ ഉപകരണസംഗീതജ്ഞരാണ് ഇരുവരും. ചന്ദ്രികയുടെ ശബ്ദത്തില്‍ വിരിയുന്ന വേദമന്ത്രങ്ങള്‍ക്കു പിന്നണിയില്‍ പുല്ലാങ്കുഴലിന്റെ സ്നേഹക്കുളിരും ചെല്ലോയുടെ തലോടലും. അതിമനോഹരമായ ശബ്ദാന്തരീക്ഷമാണ് ഇവ ചേര്ന്നുണ്ടാക്കുന്നത്.
പാരമ്പര്യവും പുതുമയും ആത്മാവുതൊടുന്നത് അനുഭവിച്ചറിയാം. ശരിക്കും ത്രിവേണീ സംഗമം. പാത്ത് വേ ടു ലൈറ്റ്, ചാന്റ് ഇന്‍ എ, ജേണി വിത്തിന്, ഏതേഴ്സ് സെറെനേഡ്, ആന്‍ഷ്യന്റ് മൂണ്‍, ഓപ്പണ്‍ സ്കൈ, സീക്കിംഗ് ശക്തി എന്നിങ്ങനെ ഏഴു ട്രാക്കുകളുണ്ട് ത്രിവേണിയില്‍.
ഓരോന്നും ഓരോ കഥ പറയുമ്പോഴും മനസിനെ സുഖപ്പെടുത്തുകയെന്ന പൊതുവായ തീം പിന്തുടരുന്നുണ്ട്. ആത്മീയവും വൈകാരികവുമായ ആവിഷ്കാരത്തിനുള്ള ഉപാധിയായാണ് താന്‍ സംഗീതത്തെ കാണുന്നതെന്ന് ചന്ദ്രിക പറയാറുണ്ട്., താന്‍ എല്ലാ വഴികളും കണ്ടെത്തിയത് സംഗീതത്തിലൂടെയാണെന്നും.
ഒട്ടേറെ വിജയങ്ങള്‍ കൂട്ടുവന്നെത്തിയ ചന്ദ്രിക ഗ്രാമി നേട്ടത്തിനു ശേഷം ഇങ്ങനെ പറഞ്ഞു: ഒരുപക്ഷേ ഈ നേട്ടം സംഗീതജീവിതത്തിലെ അവസാനത്തെ നേട്ടമായേക്കാം. ഇതുവരെയും സംഗീതത്തില്‍ മുഴുകി ജീവിച്ചതിനുള്ള അംഗീകാരമായി ഈ പുരസ്കാരത്തെ കാണുന്നു.
ധ്യാനാത്മകമായ വാക്കുകളാകുന്നു ഇതും...
ഹരി പ്രസാദ്