ഇത്തവണത്തെ പത്മശ്രീ ജേതാക്കളുടെ പട്ടികയിൽ തമിഴ്നാട്ടിൽനിന്നുള്ള ഒരു താളവാദ്യക്കാരൻ ഉണ്ടായിരുന്നു- വേലു ആശാൻ. പുരാതനമായ തമിഴ് നാടോടി വാദ്യമാണ് ആശാൻ ഉപാസിക്കുന്ന പറൈ (മലയാളത്തിൽ പറ) വാദ്യം. ഇതൊക്കെ എന്തു കല എന്നു ചിന്തിക്കുന്നവരാകും നമ്മൾ അയൽക്കാർ ഏറെയും. അതിനു വേലു ആശാന്റെ പറൈ മറുപടി പറയും...
വേപ്പിൻതടികൊണ്ടുള്ള ഒരു ചട്ടം. ഏതാണ്ട് 35 സെന്റീമീറ്റർ വ്യാസമുണ്ടാകും. അതിൽ തുകൽ വലിച്ചുകെട്ടി മുറുക്കിയ ലളിതമായ വൃത്തരൂപം. ശരീരത്തോടു ചേർത്തുപിടിച്ച് രണ്ടു വടികൾകൊണ്ട് അതിൽ കൊട്ടുന്പോൾ ഉയർന്നുകേൾക്കുന്നത് തമിഴിന്റെ വികാരങ്ങളാണ്.
ഇതാണ് പറൈ അഥവാ പറ എന്ന വാദ്യം. തമിഴ്നാട്ടിൽനിന്ന് ഇതിന്റെ ശബ്ദം ശ്രീലങ്കയിലും ദുബായിലും സിംഗപ്പുരിലും ചൈനയിലും അമേരിക്കയിലും കേൾപ്പിച്ച ഒരാളുണ്ട്- ആർ. വേൽമുരുഗൻ എന്ന വേലു ആശാൻ. അദ്ദേഹമിന്ന് പത്മശ്രീ വേലു ആശാനാണ്!
തപ്പാട്ടക്കൊട്ട്
നാലരപ്പതിറ്റാണ്ടു പിന്നിലേക്കു പോയാൽ മധുരൈ അളങ്കനല്ലൂർ മുനിയാണ്ടി കോവിലിലെ കൊണ്ടാട്ടവേള വേലു ആശാന്റെ മനസിൽ തെളിയും. വിരുദുനഗറിലെ മെട്ടമലൈ ഗ്രാമത്തിൽനിന്നുള്ള വേൽമുരുഗന് അന്നു പത്തു വയസേയുള്ളൂ.
പഠിക്കുന്നത് അഞ്ചാം ക്ലാസിൽ. ആഘോഷത്തിനു പറൈ തപ്പാട്ടം അമ്മാവൻ സേവുഗൻ വാത്തിയാരും സംഘവുമാണ് നടത്തുന്നത്. ആവേശത്തിന്റെ കൊട്ടുമുറുകുന്നു. "എനിക്കെന്താണ് ആ സമയം സംഭവിച്ചതെന്നറിയില്ല. പറൈയുടെ താളത്തിനൊപ്പിച്ച് എന്റെ ശരീരം തുള്ളിത്തുടങ്ങി'- വേലു ആശാൻ ഓർമിക്കുന്നു. "മാമൻ പറൈ എന്റെ കൈയിൽ തന്നു.
അന്നാണ് ഞാൻ ആദ്യമായി ഈ വാദ്യം ഒന്നു തൊടുന്നത്'.വേലു ആശാൻ അന്ന് പറൈയുടെ ഹൃദയത്തിലാണ് തൊട്ടതെന്നുവേണം കരുതാൻ. പറൈ കൊട്ടുന്ന വടികളായ അടി കുച്ചിയും സുണ്ടു കുച്ചിയും അങ്ങനെ വേലുവിന്റെ ജീവിതത്തിന്റെ ഭാഗമായി.
പിതാവ് രാമയ്യയും ഒരു പറൈ കൊട്ടുകാരനായിരുന്നു. സിനിമാ കൊട്ടകകളിൽ പുത്തൻപടമെത്തിയെന്നു നാട്ടുകാർ അറിയുന്നതുപോലും രാമയ്യയുടെ കൊട്ടുകേട്ടാണ്. എന്നാൽ മകനെ ഒരു പറൈ കൊട്ടുകാരനാക്കുന്നതിനോട് അദ്ദേഹത്തിനു കടുത്ത എതിർപ്പായിരുന്നു.
മകനെ പഠിപ്പിച്ചു വലിയ ആളാക്കണമെന്നായിരുന്നു ആഗ്രഹം. എതിർപ്പുകൾമൂലം എതാണ്ട് എട്ടുകൊല്ലക്കാലം കൊട്ടിൽനിന്നു മാറിനിൽക്കേണ്ടിവന്നു. പലവിധ തൊഴിലുകളിലൂടെയാണ് ആ നാളുകൾ കടന്നുപോയത്.
അപ്പോഴും മനസിലെ താളമൊഴിഞ്ഞില്ല. അതുകൊണ്ടുതന്നെ അമ്മാവൻ സേവുഗൻ വാത്തിയാരെ തന്നെയാണ് വേലു തന്റെ ഗുരുവായി മനസിൽ പ്രതിഷ്ഠിച്ചത്. ഇപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ തേടിവന്ന പത്മശ്രീ പുരസ്കാരം ഗുരുവിനു സമർപ്പിക്കുകയാണ് അദ്ദേഹം.
സേവുഗൻ വാത്തിയാരുടെ കീഴിൽ കൊട്ടുപഠിച്ച മറ്റുള്ളവർ അതിനെ ഒരു തൊഴിലായി മാത്രം കണ്ടപ്പോൾ, അതിനെ കലയായും സംഗീതമായും തിരിച്ചറിഞ്ഞ് ഉപാസിച്ചുവെന്നതാണ് വേലു ആശാന്റെ മഹിമ. അദ്ദേഹത്തിന്റെ പറൈ സംസാരിക്കുകയും ചിരിക്കുകയും കരയുകയും ചെയ്യുമെന്നു പറയും ആരാധകക്കൂട്ടം.
"ഒരു പാവപ്പെട്ടവനായി ജീവിച്ച്, സംഗീതത്തിലൂടെ ചുറ്റുമുള്ള പാവപ്പെട്ടവരുടെ മുഖങ്ങളിൽ ചിരിയുടെ വെളിച്ചം തെളിയുന്നതു കാണാൻ എനിക്കു വലിയ ഇഷ്ടമാണ്. പട്ടിണി മറക്കാൻ അവരെ എന്റെ സംഗീതം സഹായിക്കുന്നുണ്ട്. അതിനാൽ ഇഷ്ടമുള്ള എല്ലാവരെയും ഞാനിതു പഠിപ്പിക്കുകയാണിപ്പോൾ'- വേലു ആശാൻ പറയുന്നു.
ഗുരുവിനെപ്പോലെ അളങ്കനല്ലൂരിൽ വാത്തിയാർ എന്ന പേരിൽതന്നെയാണ് വേലു ആശാൻ ഇപ്പോൾ അറിയപ്പെടുന്നത്. പറൈയുടെ രാജകുമാരൻ എന്നുമുണ്ട് വിശേഷണം. നൂറുകണക്കിനുപേരെ ഇതിനകം പഠിപ്പിച്ചുകഴിഞ്ഞു. അതിനു ജാതിമതഭേദമോ സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ല.
അവരിൽ പലരുമിപ്പോൾ സ്വന്തം ട്രൂപ്പുകളുമായി ഈ രംഗത്തുണ്ട്. സമർ കലൈക്കുഴു എന്നാണ് വേലു ആശാന്റെ തപ്പിശൈ സംഘത്തിന്റെ പേര്. സംഗീതത്തിലൂടെ വിപ്ലവമുണ്ടാകട്ടെ എന്ന അർഥത്തിൽ ഏറ്റവും അനുയോജ്യമായ പേരുതന്നെ!.
താളജീവിതം
പറൈയുടെ താളം തന്റെ പാരന്പര്യമായി നെഞ്ചിലുറപ്പിച്ചിട്ടുണ്ട് വേലു ആശാൻ. ഇതിനപ്പുറം അദ്ദേഹത്തിന് ഒന്നുമില്ല.
മധുരൈ തിയോളജിക്കൽ കോളജിന്റെ ആഭിമുഖ്യത്തിൽ നടന്ന ദളിത് കലാമേളയിലെ അഴകർസ്വാമി പുരസ്കാരമാണ് വേലു ആശാന് ആദ്യം ലഭിച്ച അംഗീകാരം. പത്മശ്രീയൊന്നും അദ്ദേഹത്തിന്റെ വിദൂര സ്വപ്നങ്ങളിൽപ്പോലും ഇല്ലായിരുന്നു.
ധർമദുരൈ, കുംകി തുടങ്ങിയ സിനിമകളിൽ മുഖംകാണിച്ചിട്ടുള്ള ആശാൻ കുട്ടികളെ ഓണ്ലൈൻ ആയും തപ്പാട്ടം പഠിപ്പിക്കുന്നുണ്ട്. വേലു ആശാന്റെയും സംഘത്തിന്റെയും പ്രകടനത്തിന് ഇലക്ട്രിഫൈയിംഗ് എന്നാണ് പുതുതലമുറയുടെ വിശേഷണം.
യുട്യൂബിൽ ആരാധകർ നിരവധി. തമിഴ്നാട്ടിൽ എല്ലാത്തരം ചടങ്ങുകൾക്കും തപ്പാട്ടം ഇണങ്ങും. അതിനു വിവാഹമെന്നോ ജനനമെന്നോ പിറന്നാളെന്നോ മരണമെന്നോ ഭേദമില്ല. തിരുക്കുറൾ വരികളിലും ചരിത്രയുദ്ധക്കളങ്ങളിലും പറൈയുടെ താളം കേട്ടിട്ടുണ്ട്. പറൈ എന്ന വാക്കിന്റെ അർഥംതന്നെ പറയുക എന്നാണ്.
സംഘ, ചോള, പാണ്ഡ്യ രാജാക്കന്മാരുടെ കാലത്ത് പ്രജകൾക്കുള്ള അറിയിപ്പുകളുടെ അകന്പടിയായും പറൈയുടെ ശബ്ദമുണ്ടായിരുന്നു. സന്പന്നമായ ഒരു ചരിത്രത്തിന്റെ താളമാണ് വേലു ആശാനെപ്പോലുള്ളവരിലൂടെ പുതുതലമുറയുടെകൂടി ഹൃദയമിടിപ്പുകളിൽ ചേരുന്നത്. എഴുന്നേറ്റുനിന്നു കൈയടിക്കാതെവയ്യ!
ഒടുക്കം ഒരു മലയാളം സിനിമാപ്പാട്ടിന്റെ വരികൾകൂടി ഓർമിക്കുക: പറമേളം ചെണ്ട ചേങ്ങില തൃത്തുടി മദ്ദളം അരമണി കിണികിണിപലതാളം തക്കിടകിടതക താ..."യോദ്ധ'യ്ക്കു വരികളെഴുതുന്പോൾ അനശ്വരനായ ബിച്ചു തിരുമലയുടെ മനസിൽ പറമേളം തുടിച്ചിരുന്നുവെന്നു സാരം.
ഹരിപ്രസാദ്