തങ്കശേരിയിലെ തങ്കം!
Saturday, February 1, 2025 8:53 PM IST
ജില്ല: കൊല്ലം
കാഴ്ച: ലൈറ്റ് ഹൗസ്, തീരം, കോട്ട
പ്രത്യേകത: പുരാതന ശേഷിപ്പുകൾ
കൊല്ലം കണ്ടവന് ഇല്ലം വേണ്ട.. എന്നാണല്ലോ ചൊല്ല്. അത്രയ്ക്കു മനോഹരമായ കാഴ്ചകളാൽ സന്പന്നമാണ് കൊല്ലം. മനംകവരുന്ന കൊല്ലത്തെ കാഴ്ചകളിലൊന്നാണ് തങ്കശേരി ലൈറ്റ്ഹൗസ്.
41 മീറ്റർ ഉയരമുള്ള വിളക്കുമാടം കേരളത്തിലെതന്നെ ഏറ്റവും ഉയരമുള്ള ലൈറ്റ് ഹൗസുകളിലൊന്നാണ്. 1902ൽ ബ്രിട്ടീഷുകാർ നിർമിച്ച വിളക്കുമാടം 38 വർഷത്തിനു ശേഷം പുതുക്കിപ്പണിതു. കടലിൽ 13 മൈൽ അകലെനിന്നു വരെ കാണാം.
15 സെക്കന്റിൽ ഒന്നുവീതം തെളിയും. ആദ്യ കാലത്ത് മണ്ണെണ്ണ വിളക്ക് വെളിച്ചം പകർന്നു, ഇപ്പോൾ വൈദ്യുതി. പിരിയൻ ഗോവണി കയറി മുകളിലെത്താം. എലവേറ്റർ സൗകര്യവുമുണ്ട്.
തങ്കശേരി കാഴ്ചകളുടെ കാര്യത്തിൽ തങ്കംപോലെയാണ്. പോർച്ചുഗീസുകാർ നിർമിച്ച പ്രതിരോധ സംവിധാനങ്ങളുടെ ശേഷിപ്പുകൾ, സെന്റ് തോമസ് കോട്ട, പോർച്ചുഗീസ് സെമിത്തേരി, കനാൽ, പുരാതന ക്വയ്ലോൺ തുറമുഖം, ഇൻഫന്റ് ജീസസ് കത്തീഡ്രൽ എന്നിവയൊക്കെ തങ്കശേരിയിൽ കാണാം.
കൊല്ലം നഗരത്തിനടുത്തു തന്നെയാണ് തങ്കശേരി. പ്രവേശനം: തിങ്കളാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 11 മുതൽ വൈകുന്നേരം അഞ്ചു വരെ ലൈറ്റ് ഹൗസ് സന്ദർശിക്കാൻ അവസരമുണ്ട്.