രചന, സംവിധാനം: പാണാടൻ...
തോമസ് വർഗീസ്
Saturday, April 12, 2025 9:07 PM IST
കല തലയ്ക്കു പിടിച്ചു സമയവും കാലവും നോക്കാതെ ചുറ്റിയടിക്കുന്നവരെക്കുറിച്ചു പലപ്പോഴും നമ്മൾ കേൾക്കുന്നതാണ്. എന്നാൽ, മികച്ച ശമ്പളമുള്ള ഒരു സർക്കാർ ജോലിതന്നെ ഉപേക്ഷിച്ചു നാടകത്തിനും സ്കിറ്റിനുമൊക്കെ പിന്നാലെ ഒരാൾ വച്ചുപിടിച്ചാലോ?... കാമ്പസുകളുടെ പ്രിയപ്പെട്ട നാടകക്കാരൻ ജോസഫ് പാണാടന്റെ കലാജീവിതം...
ഓഡിറ്റോറിയത്തിലെ ലൈറ്റുകൾ അണഞ്ഞു തുടങ്ങി. ർർണിം... ബെൽ മുഴങ്ങി... അതുവരെ കലപില ശബ്ദങ്ങളുടെ ഇരന്പൽ നിറഞ്ഞിരുന്ന ഹാൾ ശാന്തമാകുന്നു. എല്ലാ കണ്ണുകളും സ്റ്റേജിലെ ആ ചുവന്ന കർട്ടനിലേക്ക്. മൈക്കിലൂടെ ഘനഗാംഭീര്യസ്വരം ഒഴുകിയെത്തി. "അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുന്നു.
രചന, സംവിധാനം പാണാടൻ...' കേരളത്തിലെ നൂറുകണക്കിനു കാന്പസുകളിലും സ്കൂളുകളിലും ക്ലബുകളിലും കലാസംഘങ്ങളിലുമൊക്കെ മുഴങ്ങിയിട്ടുള്ള വാചകം... കല തലയ്ക്കു പിടിച്ച് വീടും നാടും ചെറിയ ജോലിയുമൊക്കെ വിട്ടു ചുറ്റിയടിക്കുന്നവരെക്കുറിച്ചു പലപ്പോഴും നമ്മൾ കേൾക്കുന്നതാണ്.
എന്നാൽ, മികച്ച ശമ്പളമുള്ള ഒരു സർക്കാർ ജോലിതന്നെ ഉപേക്ഷിച്ചു നാടകത്തിനും സ്കിറ്റിനുമൊക്കെ പിന്നാലെ ഒരാൾ വച്ചുപിടിച്ചാലോ? അങ്ങനെയൊരു താരമാണ് ജോസഫ് പാണാടൻ എന്ന ചങ്ങനാശേരിക്കാരൻ. കേരളത്തിന്റെ നൂറുകണക്കിനു കലാലയങ്ങളിൽ ആയിരക്കണക്കിനു വിദ്യാർഥികളെ പരിശീലിപ്പിച്ചും പഠിപ്പിച്ചും നാടകവേദികളിലും സ്കിറ്റുകളിലും മൈമുകളിലുമൊക്കെ വേഷം നൽകിയ അണിയറക്കാരൻ.
ബൈബിൾ നാടകത്തിലായിരുന്നു തുടക്കം. പിന്നെ സർവകലാശാല മത്സരങ്ങൾക്കു പതിവായി നാടകമെഴുത്ത്, സ്കിറ്റ്, മൈം തയാറാക്കൽ എന്നിങ്ങനെ വർഷങ്ങൾ നീണ്ട കലാജീവിതം ഇപ്പോൾ സിനിമയിലെ അസോസിയേറ്റ് ഡയറക്ടർ എന്ന പദവിയിലുമെത്തി.
ചങ്ങനാശേരിയിൽനിന്നു തിരുവനന്തപുരത്തേക്കു മക്കൾക്കൊപ്പം താമസം മാറ്റിയെങ്കിലും നാടകത്തെ വിട്ടിട്ടില്ല. അടുത്തയിടെ രചിച്ച "കിഴവിയുടെ സുവിശേഷം' എന്ന നാടകവും ചങ്ങനാശേരി അതിരൂപത മത്സരത്തിൽ സമ്മാനം നേടി.
പാണാടനും പിള്ളേരും
ചങ്ങനാശേരി മെട്രോപ്പോലീത്തന്‍ ഇടവകാംഗമായിരിക്കെ തന്റെ സഹോദരന് ഉള്‍പ്പെടെയുള്ള യുവജനങ്ങള്‍ക്ക് അവതരിപ്പിക്കാൻ നാടകമെഴുതാനാണ് പേനയും പേപ്പറുമെടുത്തത്. ആദ്യ നാടകംതന്നെ അതിരൂപതാ ബൈബിള്‍ നാടകോത്സവത്തില്‍ ഒന്നാം സ്ഥാനം നേടി. "അര്‍ഥാന്തരങ്ങള്‍' എന്നതായിരുന്നു നാടകം.
പിന്നീട് തുടര്‍ച്ചയായി എട്ടു തവണ പാണാടനും പിള്ളേര്ക്കുമായിരുന്നു ബൈബിള്‍ നാടകത്തില്‍ ഒന്നാം സ്ഥാനം. ഇനിയും ബൈബിള്‍ നാടകവുമായി പാണാടനും സംഘവുമെത്തിയാല് മറ്റുള്ളവര്‍ക്ക് ഒന്നാം സമ്മാനം നൽകാന് കഴിയാതെ വരുമെന്ന് സ്നേഹസ്വരത്തില്‍ മറ്റുള്ളവരുടെ ഉപദേശം.
ഇതിനിടെ, പാണാടന്റെ നാടകങ്ങള്‍ ഒരു പുസ്തകമാക്കാനും അതിരൂപത തീരുമാനിച്ചു. അങ്ങനെയാണ് "സംവത്സരങ്ങളുടെ സംഘഗാഥ' എന്ന പുസ്തകം പുറത്തിറങ്ങുന്നത്. അഞ്ചു നാടകങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.മാര്‍ ജോര്‍ജ് ആലഞ്ചേരി വൈദികനായിരുന്ന കാലഘട്ടത്തില്‍ അദ്ദേഹം മുന്‍കൈയെടുത്താണ് ഈ നാടക സമാഹാരം പുറത്തിറക്കിയത്.
ചങ്ങനാശേരി അതിരൂപതയുടെ ഇപ്പോഴത്തെ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ വിദ്യാര്‍ഥിയായിരിക്കെ താന്‍ എഴുതിയ ബൈബിള്‍ നാടകത്തില്‍ അഭിനയിച്ചിട്ടുണ്ടെന്ന് പാണാടൻ അഭിമാനത്തോടെ പറയുന്നു. കെസിബിസി ബൈബിള്‍ നാടക മത്സര രംഗത്തും രചന, സംവിധാനം മേഖലകളിൽ തുടർച്ചയായി പാണാടന്റെ നാടകങ്ങൾ അവാര്‍ഡുകള്‍ വാരിക്കൂട്ടി.
ഇന്റര്‍ നാഷ്ണല്‍ കാത്തലിക് കള്‍ച്ചറല്‍ മീഡിയാ ഓര്ഗനൈസേഷന് അന്തര്‍ദേശിയ പുരസ്കാരം നേടിയ പാണാടന്റെ നാടകങ്ങള്‍ സര്‍വകലാശാലാ തലത്തിലും അവാര്‍ഡുകൾ നേടി.
കാമ്പസ് നാടകങ്ങൾ
എംജി സര്‍വകലാശാലയില്‍ നാടകമേഖലയില്‍ പുരുഷാധിപത്യമായിരുന്ന കാലഘട്ടത്തിലാണ് പാണാടൻ പെണ്പടയുമായി വേദി കയറുന്നത്. 1997ല്‍ വന്ന ഒരു പത്രവാര്‍ത്തയിലെ തലവാചകം ഇങ്ങനെ: അന്തര്‍ സര്‍വകലാശാല കലോത്സവം; പാങ്ങാടന്‍ അരങ്ങിലെ ഓള് റൗണ്ടര്‍'.
1992 മുതല്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷം പാണാടന്‍ എഴുതിയ നാടകവുമായി മത്സരത്തിനെത്തിയ ടീം ആയിരുന്നു എംജി കലോത്സവത്തിൽ വെന്നിക്കൊടി പാറിച്ചത്. ഒരു വനിതാ ടീം ആദ്യമായി നാടകത്തില്‍ ഒന്നാം സ്ഥാനം നേടിയതിനു പിന്നിലും പാണാടനായിരുന്നു. പാണാടൻ ഒരുക്കിയ കോട്ടയം ബിസിഎം കോളജ് 1996ലായിരുന്നു പുതുചരിത്രമെഴുതിയത്.
1997ല്‍ കോട്ടയം ആതിഥേയത്വം വഹിച്ച അന്തര്‍സര്‍വകലാശാല ദക്ഷിണമേഖലാ യുവജനോത്സവത്തില്‍ പാണാടന്‍ രണ്ടു വനിതാ കോളജിലെ താരങ്ങളുമായാണ് മത്സരത്തിനെത്തിയത്. കോട്ടയം ബിസിഎം കോളജ് വിദ്യാര്‍ഥിനികള്‍ക്കായി പൂതപ്പാട്ട് എന്ന നാടകം രചിച്ചു. ഇടശേരിയുടെ കവിതയുടെ നാടകാവിഷ്കാരമായിരുന്നു പൂതപ്പാട്ട്.
എറണാകുളം സെന്റ് തെരേസാസിനു വേണ്ടി "മരിച്ചവരുടെ സംഗീതം' എന്ന സ്കിറ്റും ദ ലേഡി എന്ന മൈമും ഇദ്ദേഹം ഒരുക്കി.
ടീം പാണാടൻ
പാണാടന്‍ 1977ല്‍ ചങ്ങനാശേരി എസ്ബി കോളജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍, ചെറുപ്പം മുതൽ കലാതാത്പര്യങ്ങൾ തലയ്ക്കു പിടിച്ചിരുന്ന ആ ചെറുപ്പക്കാരനു ബാങ്കിലെ കണക്കുകൾ സംതൃപ്തി നൽകിയില്ല. അങ്ങനെ കടുത്ത തീരുമാനം.
മികച്ച ശമ്പളമുള്ള ബാങ്ക് ജോലി ഉപേക്ഷിച്ച് ഒരു വരുമാനവും ഉറപ്പില്ലാത്ത കലാരംഗത്തേക്ക് ഒറ്റയിറക്കം. 91-92 കാലഘട്ടത്തില്‍ ചങ്ങനാശേരി എസ്ബിക്കുവേണ്ടി "കുഴല്‍ക്കണ്ണാടി' എന്ന സ്കിറ്റിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചുകൊണ്ടാണ് ഈ രംഗത്തു സജീവമായത്. എസ്ബി കോളജിലെ വിദ്യാര്‍ഥിയായിരുന്ന ഇളയ സഹോദരന് ബെന്നി ഉള്‍പ്പെടെയുള്ളവര്‍ക്കു വേണ്ടിയായിരുന്നു ഈ രചന.
1995ലെ എംജി യുവജനോത്സവത്തില്‍ മൈമിന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത് പാണാടന്റെ കുട്ടികളായിരുന്നു. ചങ്ങനാശേരിയിലെ മൂന്നു കലാലയങ്ങളായ എന്‍എസ്എസ്, എസ്ബി, അസംപ്ഷന്‍ എന്നിവര്‍ക്കായിരുന്നു ഒന്നു മുതല്‍ മൂന്നു വരെയുള്ള സ്ഥാനം. 1996ല്‍ മദ്രാസില്‍ നടന്ന അന്തര്‍ സര്‍വകലാശാല സൗത്ത് സോണ്‍ മത്സരത്തിലും ദേശീയ മത്സരത്തിലും എംജിക്ക് സ്കിറ്റില്‍ മെഡല്‍ നേട്ടം സ്വന്തമാക്കിയത് പാണാടന്റെ രചനയിലൂടെ.
സിനിമയിലും
തേവര എച്ച്എസ്, ചേര്‍ത്തല എസ്എന്‍, തുടങ്ങി നിരവധി കോളജുകളിലെ വിദ്യാര്‍ഥികളെ 1990കള്‍ മുതല്‍ 2000 വരെ നാടകം, സ്കിറ്റ്, മൈം തുടങ്ങിയവയില്‍ പരിശീലിപ്പിച്ചു നിരവധി ദേശീയ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ ശക്തി പകര്‍ന്നത് ഈ കലാകാരന്റെ മികവാണ്.
കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജിനു സുവര്‍ണനേട്ടം സമ്മാനിച്ച "ഭാരത് ഭാരത്' എന്ന നാടകത്തിന്റെ അണിയറ ശില്പിയും ഈ ചങ്ങനാശേരിക്കാരനായിരുന്നു. സംസ്ഥാന അമച്വര്‍ നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടുള്ള ഇദ്ദേഹം 91ല്‍ തെരുവു നാടകത്തിനും അവാര്‍ഡ് സ്വന്തമാക്കി.
പ്രതീക്ഷയുടെ സംഗീതം എന്ന റേഡിയോ നാടകവും അവസ്ഥാന്തരം എന്ന ടെലി ഫിലിമും ജോസഫിന്റെ കൈയൊപ്പ് വീണതാണ്.ചാവറ അച്ചനെക്കുറിച്ചു സിഎംസി ചങ്ങനാശേരി പ്രൊവിഷ്യൽ സുപ്പീരിയർ സിസ്റ്റര്‍ സാങ്ടാ നിര്‍മിച്ച ചാവരുള്‍ എന്ന ടെലിഫിലിമിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചതും ജോസഫായിരുന്നു.
സിനിമയിലും പാണാടൻ എന്ന ലേബൽ വീണിട്ടുണ്ട്. സംവിധായകന് രാജസേനന്റെ അസോസിയേറ്റായി നാലു സിനിമകളില്‍ പ്രവര്‍ത്തിച്ചു. ചങ്ങനാശേരി മീഡിയാ വില്ലേജിന്റെ ഭാഗമായി തുടക്കം മുതൽ പ്രവര്‍ത്തിച്ചുവരുന്ന ജോസഫിന്റെ കണ്ണാടിക്കാഴ്ചകള്‍ എന്ന പ്രോഗ്രാം ശ്രദ്ധേയം.
ഭാര്യ ലില്ലിക്കുട്ടി വീട്ടമ്മയാണ്. മക്കള്‍: ചാര്‍ളി ലിയോ പാണാടന്‍, ആല്‍ബര്‍ട്ട് ലിയോ പാണാടന്‍.