പാപ്പായെ ചികിത്സിച്ച നഴ്സ്
മാത്യു ആന്റണി
Saturday, March 29, 2025 8:12 PM IST
മരണത്തിന്റെ വക്കിൽനിന്ന് ഒരു രോഗി സുഖം പ്രാപിച്ച് ആശുപത്രി വിട്ടാൽ അതിന്റെ ക്രഡിറ്റ് പ്രധാനമായും കിട്ടുന്നത് ഡോക്ടർമാർക്കായിരിക്കും. ഒരു വിഐപിയാണ് ഇങ്ങനെ മടങ്ങുന്നതെങ്കിൽ ആ ഡോക്ടർമാർക്ക് ഇരട്ടി അഭിനന്ദനം ലഭിക്കും.
എന്നാൽ, ലോകത്തിന്റെ മുഴുവൻ വിവിഐപിയായ ഫ്രാൻസിസ് പാപ്പ അദ്ഭുതകരമായി സുഖം പ്രാപിച്ച് ആശുപത്രി വിട്ടപ്പോൾ ഡോക്ടർമാരേക്കാൾ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത് ഒരു നഴ്സ് ആണ്. ചികിത്സയ്ക്കു നേതൃത്വം നൽകുന്ന ഡോക്ടർമാർ തന്നെയാണ് ഈ നഴ്സിന്റെ കാര്യം പുറംലോകത്തെ അറിയിച്ചിരിക്കുന്നത്.ഒരു മാസത്തിലേറെയായി ലോകമാധ്യമങ്ങളുടെ കണ്ണും കാതും റോമിലെ ജെമെല്ലി ആശുപത്രിയിലായിരുന്നു.
ആ ആശുപത്രിയിൽനിന്നു പുറത്തേക്കു വരുന്ന ഒാരോ കുറിപ്പുകളെയും വിവരങ്ങളെയും ആകാംക്ഷയോടെയാണ് ലോകം ഏറ്റുവാങ്ങിയത്. ലോകത്തിന്റെ പ്രിയങ്കരനായ ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യവിവരങ്ങൾ അറിയാനും പ്രാർഥിക്കാനുമായി നൂറുകണക്കിനു പേർ ആശുപത്രിക്കു സമീപവും തന്പടിച്ചിരുന്നു.
ഇരട്ട ന്യുമോണിയ ബാധിച്ചു ജീവിതത്തിനും മരണത്തിനുമിടയിലൂടെ ആഴ്ചകൾ സഞ്ചരിച്ച അദ്ദേഹം അദ്ഭുതകരമായി ജീവിതത്തിലേക്കു തിരിച്ചുവരുന്നതിനാണ് ലോകം സാക്ഷിയായത്.അർപ്പണബോധത്തോടെയും സൂക്ഷ്മതയോടെയുമുള്ള ചികിത്സയും ജനകോടികളുടെ പ്രാർഥനയും ഈ പ്രതിസന്ധിദിനങ്ങളെ തരണം ചെയ്യാൻ പാപ്പായ്ക്കു തുണയേകി.
അദ്ദേഹം സുഖം പ്രാപിച്ച് മടങ്ങിയതോടെ ഡോക്ടർമാരും ആശ്വാസം പൂണ്ടു. ഫ്രാൻസിസ് പാപ്പയെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്ന നിമിഷങ്ങളെ ഒരിക്കലും മറക്കാത്ത ഒാർമകളായിട്ടാണ് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാരും പങ്കുവയ്ക്കുന്നത്.
അവിടെ പരാമർശിക്കപ്പെട്ട ഒരു പ്രധാന ആൾ ഒരു ഡോക്ടറല്ല, ഒരു നഴ്സ് ആണെന്നത് നമുക്ക് ആശ്ചര്യകരമായി തോന്നാം. ആരോഗ്യാവസ്ഥ അതീവഗുരുതരമായി മാറിയതോടെ 88 വയസുള്ള മാർപാപ്പയ്ക്കു നൽകിവന്നിരുന്ന ചികിത്സ ഒരു ഘട്ടത്തിൽ നിർത്തുന്നതുപോലും ഡോക്ടർമാരുടെ പരിഗണനയിൽ ഉണ്ടായിരുന്നു.
മരുന്നുകളോടു പ്രതികരിക്കുന്നില്ലെങ്കിൽ സമാധാനപരമായി അദ്ദേഹത്തെ മരിക്കാൻ അനുവദിക്കുന്നതല്ലേ നല്ലതെന്ന ചിന്തയിൽനിന്നാണ് ചികിത്സ നിർത്തുകയെന്ന ആലോചന വന്നത്. എന്നാൽ, ഇവിടെയൊരു നഴ്സിന്റെ ഇടപെടലാണ് ഡോക്ടർക്കു ചികിത്സ തുടരാൻ പ്രചോദനമായത്.
അതു മറ്റാരുമായിരുന്നില്ല, മാർപാപ്പയുടെ സ്വകാര്യ നഴ്സ് ചികിത്സ തുടരുക തന്നെ വേണമെന്നു നിർബന്ധം പിടിച്ചു. പാപ്പാ തിരികെ വരുമെന്നുതന്നെ അദ്ദേഹം കരുതി. അദ്ദേഹത്തിന്റെ ആ നിർബന്ധത്തിൽ ചികിത്സ തുടർന്ന ഡോക്ടർമാരെപ്പോലും അദ്ഭുതപ്പെടുത്തുന്ന തിരിച്ചുവരാണ് പിന്നെ പാപ്പാ നടത്തിയത്.
മരണത്തിന്റെ വക്കിൽനിന്ന് സാവധാനം അദ്ദേഹം ജീവിതത്തിലേക്കു തിരികെ കയറി. 38 ദിവസത്തിനു ശേഷം ജെമെല്ലി ആശുപത്രിയുടെ ജനാലച്ചില്ലിലൂടെ തന്നെ കാത്തു താഴെനിന്നിരുന്ന ആയിരക്കണക്കിനു പേരെ നോക്കി കൈവീശി, ആശീർവദിച്ചു, ലോകസമാധാനത്തിനായി പ്രാർഥിച്ചു.
മാർപാപ്പയുടെ പേഴ്സണൽ നഴ്സ് മാസിമിലിയാനോ സ്ട്രാപ്പെറ്റിയാണ് പാപ്പായുടെ തിരിച്ചുവരവിലെ പ്രധാന ശ്രദ്ധാകേന്ദ്രം. ചികിത്സ ഉപേക്ഷിക്കരുതെന്ന അദ്ദേഹത്തിന്റെ നിർബന്ധത്തിൽ തീവ്രപരിചരണം തുടരാൻ മെഡിക്കൽ സംഘം തീരുമാനിച്ചു.
ഇതിനിടയിൽ അദ്ദേഹത്തിന്റെ വൃക്കകൾക്കും അസ്ഥിമജ്ജകൾക്കും കേടുപാടു സംഭവിക്കുമെന്ന് ഞങ്ങൾ കരുതിയിരുന്നു. എന്നാൽ, ദിവസങ്ങൾ പിന്നിടവേ അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോടു പ്രതികരിച്ചുതുടങ്ങി. ശ്വാസകോശത്തിലെ അണുബാധയും അതിശയകരമായി കുറഞ്ഞു. - ചികിത്സയ്ക്കു നേതൃത്വം നൽകിയ ഡോക്ടർ ആൽഫിയേരി ഒാർമിച്ചു.
ആരാണ് മാസിമിലിയാനോ സ്ട്രാപ്പെറ്റി?
വത്തിക്കാൻ സ്വദേശിയായ മാസിമിലിയാനോ സ്ട്രാപ്പെറ്റി, 2022 മുതൽ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യം കൈകാര്യം ചെയ്യുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.
ഒരു രോഗത്തിൽനിന്നു മുക്തനായ ശേഷം പാപ്പാ അദ്ദേഹത്തെ തന്റെ പേഴ്സണൽ ഹെൽത്ത് കെയർ അസിസ്റ്റന്റായി നിയമിച്ചിരുന്നു. “ഒരു നഴ്സ്, ധാരാളം അനുഭവപരിചയമുള്ള ഒരു മനുഷ്യൻ, എന്റെ ജീവൻ രക്ഷിച്ചു” - വൻകുടൽ ശസ്ത്രക്രിയയ്ക്കു ശേഷം ഫ്രാൻസിസ് മാർപാപ്പ സ്പാനിഷ് കോപ്പ് റേഡിയോയോടു പറഞ്ഞു.
ഔദ്യോഗിക നിയമനത്തിനു മുമ്പു തന്നെ സ്ട്രാപ്പെറ്റി മാർപാപ്പയെ ആരോഗ്യകാര്യങ്ങളിൽ ഉപദേശിച്ചുകൊണ്ടിരുന്നു. 2021 ഫെബ്രുവരിയിൽ, അദ്ദേഹത്തിന് ആദ്യമായി ഡൈവർട്ടിക്യുലൈറ്റിസ് ബാധിച്ചപ്പോൾ, വൈദ്യപരിശോധനയ്ക്കു വിധേയനാകാൻ സ്ട്രാപ്പെറ്റി അദ്ദേഹത്തെ പ്രേരിപ്പിച്ചു.
മാർപാപ്പയുടെ മറ്റ് ഡോക്ടർമാർക്കൊപ്പം, അവസ്ഥ വഷളാകാതിരിക്കാൻ ശസ്ത്രക്രിയയും അദ്ദേഹം ശിപാർശ ചെയ്തു. 2021 ജൂലൈ നാലിന് വൻകുടലിൽ നടത്തിയ ശസ്ത്രക്രിയയ്ക്കു ശേഷമാണ് മാസിമിലിയാനോയെ അദ്ദേഹം പ്രശംസിച്ചത്.ഡൈവർട്ടിക്യുലൈറ്റിസ് മൂലം വൻകുടലിന്റെ ഒരു ഭാഗം നീക്കം ചെയ്യാനായി മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ആണ് അന്നു പാപ്പാ വിധേയനായത്.
ജെമെല്ലി ആശുപത്രിയിൽ 11 ദിവസം ചെലവഴിച്ച ശേഷമാണ് ജൂലൈ 14ന് വത്തിക്കാനിലേക്കു മടങ്ങിയത്. “എന്റെ ജീവിതത്തിൽ ഇതു രണ്ടാം തവണയാണ് ഒരു നഴ്സ് എന്റെ ജീവൻ രക്ഷിച്ചത്. ആദ്യത്തേത് 1957ൽ ആയിരുന്നു”. അർജന്റീനയിൽ സെമിനാരി പഠനത്തിനിടെ ന്യുമോണിയ ബാധിച്ചപ്പോൾ തന്നെ സഹായിച്ച ഒരു ഇറ്റാലിയൻ സഹോദരിയെക്കൂടി പരാമർശിച്ചാണ് ഫ്രാൻസിസ് പാപ്പ ഇങ്ങനെ പറഞ്ഞത്.
ഫ്രാൻസിസ് പാപ്പയും ആരോഗ്യവും
ചെറുപ്രായം മുതൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിട്ടുണ്ട്. മരണകാരണമാകാവുന്ന പലതും അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ, എല്ലാ പ്രതിസന്ധികളെയും അദ്ദേഹം വിജയകരമായി തരണം ചെയ്തു.
ശ്വാസകോശ സംബന്ധം
21 വയസുള്ളപ്പോൾ, ശ്വാസകോശ പാളിയുടെ വീക്കം ആയ പ്ലൂറിസി കണ്ടെത്തി. ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തു.2023ന്റെ തുടക്കം മുതൽ, അദ്ദേഹത്തിന് ആവർത്തിച്ചുള്ള ഇൻഫ്ലൂവൻസയും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടു.
വീഴ്ചകൾ
അടുത്തിടെ മാർപാപ്പ തന്റെ വസതിയിൽ രണ്ടു തവണ വീണു. 2024 ഡിസംബറിൽ ഒരു വീഴ്ച, അതിൽ അദ്ദേഹത്തിന്റെ താടിയിൽ മുറിവേറ്റു, 2025 ജനുവരിയിൽ മറ്റൊന്ന്, കൈക്കു പരിക്കേറ്റു.
ശസ്ത്രക്രിയകൾ
2021 ജൂലൈയിൽ, ഡൈവർട്ടിക്യുലൈറ്റിസ് എന്ന വേദനാജനകമായ കുടൽ അവസ്ഥയെ പരിഹരിക്കാൻ മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയ. വൻകുടലിന്റെ 33 സെന്റിമീറ്റർ നീക്കം ചെയ്തു. 2023ൽ ആ അവസ്ഥ വീണ്ടും അനുഭവപ്പെട്ടു..2023 ജൂണിൽ വയറിലെ ഹെർണിയയ്ക്കു ശസ്ത്രക്രിയ നടത്താൻ ഒമ്പത് ദിവസത്തേക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുറം, കാൽമുട്ട് വേദന
പുറം, ഇടുപ്പ്, കാൽവേദന എന്നിവയ്ക്കു കാരണമാകുന്ന ഒരു വിട്ടുമാറാത്ത നാഡീരോഗമായ സയാറ്റിക്ക അദ്ദേഹത്തെ ഏറെക്കാലമായി അലട്ടുന്നു. ലേസർ, മാഗ്നറ്റ് തെറാപ്പി എന്നിവയിലൂടെ അതു പരിഹരിക്കാൻ ശ്രമിച്ചു. പൂർണമായി വിട്ടുമാറാത്തതിനാൽ സഞ്ചാരത്തിനു വീൽ ചെയർ ഉപയോഗിക്കുന്നു.