കപ്പഡോക്കിയയിലെ ലാവാ ചിമ്മിനികൾ
സിബി മാത്യു, കൊട്ടാരക്കര
Saturday, March 22, 2025 8:54 PM IST
എത്ര കണ്ടാലും മതിവരില്ല തുർക്കിയയിലെ അനറ്റോലിയ പ്രവിശ്യയിലുള്ള കപ്പഡോക്കിയ എന്ന മായിക നഗരം. യുനെസ്കോ പൈതൃക പട്ടികയിൽപ്പെട്ട പ്രദേശം, ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു മുൻപുണ്ടായ അഗ്നിപർവത സ്ഫോടനങ്ങളുടെ ഫലമായാണ് രൂപം കൊണ്ടത്. ലാവ ഒഴുകി ഉറച്ചു രൂപംകൊണ്ട പാറകളും കുന്നുകളും അപൂർവ കാഴ്ചയാണ്.
അവയ്ക്കു മുകളിലൂടെ ബലൂണുകളിൽ ഒഴുകി പറക്കുന്നതൊന്നു ചിന്തിച്ചുനോക്കിക്കേ... ഫെയറി ചിമ്മിനി റോക്ക് ഫോർമേഷനുകൾ കാണുന്നതും ബലൂൺ സഞ്ചാരവും ഭൂമിക്കടിയിലെ പുരാതന നഗരങ്ങളും കേവ് ഹോട്ടലുകളിലെ താമസവുമാണ് ഇവിടത്തെ മുഖ്യ ആകർഷണങ്ങൾ. ലക്ഷക്കണക്കിനു സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.
തുർക്കിയയുടെ തലസ്ഥാനമായ അങ്കാറയിൽനിന്നു ബസ് മാർഗമാണ് കപ്പഡോക്കിയയിലെ ഗൊറെമെ (Goreme) എന്ന ഈ അത്ഭുതപ്രദേശത്തേക്ക് എത്തിയത്. മൂന്നു ദിവസത്തെ ടൂര്‍ പാക്കേജ്. ഒരു മായികലോകത്തെത്തിയ പ്രതീതി. ഗൊറെമെ നാഷണൽ പാർക്കിലുള്ള വില്ലേജ് കേവ് എന്ന ഹോട്ടലിൽ ആയിരുന്നു താമസം. കേവ് ഹോട്ടൽ വാസം ഒരു പ്രത്യേക അനുഭവമാണ്.
മലനിരകളിലെ പാറകള്‍ തുരന്നു ഗുഹകൾ ഉണ്ടാക്കി അവയിലാണ് ഹോട്ടലുകൾ. അകത്തു കയറുന്പോൾ ആദ്യമൊരു തിക്കുമുട്ടൽ തോന്നുമെങ്കിലും എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ട്. ആദിമ മനുഷ്യരെപ്പോലെ ഗുഹയിൽ താമസം. റെസ്റ്ററന്റുകളും കച്ചവടസ്ഥാപനങ്ങളുമെല്ലാം ഗുഹകളിൽ തന്നെയാണ് പ്രവർത്തനം.
ലാവ ഉറച്ച കുന്നുകൾ
തുർക്കിയയിലെ, മധ്യ അനറ്റോലിയ പ്രദേശത്താണ് കപ്പഡോക്കിയ. റോമൻ, ബൈസന്റൈൻ കാലഘട്ടങ്ങളിലുള്ള നിർമിതികളും ഗുഹകളും ഇവിടത്തെ പ്രധാന ആകർഷണമാണ്. രാവിലെ എട്ടിനു ഞങ്ങള്‍ യാത്ര പുറപ്പെട്ടു. വര്‍ണാഭമായ ഹോട്ട് എയർ ബലൂണുകള്‍ ആകാശത്ത് ഒഴുകി നടക്കുന്നു.
കപ്പഡോക്കിയയിലെ നെവ്സെഹിറിനും അവാനോസിനും ഗോറെമെക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പ്രശസ്തമായ ഫെയറി ചിമ്മിനി പ്രദേശങ്ങളാണ് ഇമാജിനേഷൻ ഡെവ്രന്റ് വാലി, പസാബാഗ് മങ്ക്സ് വാലി, ഗോറെമെ /സെൽവ് ഓപ്പൺ എയർ മ്യൂസിയം, പിജിയൺ വാലി, റെഡ് / റോസ് /വൈറ്റ് വാലി, ഉചിസർ കാസിൽ, ഉറഗുപ്, ഇൽഹാര വാലി തുടങ്ങിയവ. വ്യൂ പോയിന്റുകൾ പല സ്ഥലത്തുമുണ്ട്. ഗൈഡ് പ്രദേശത്തിന്റെ പ്രത്യേകതകൾ വിവരിച്ചു. ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു മുന്‍പുണ്ടായ അഗ്നിപർവത സ്ഫോടനങ്ങൾ മൂലം ഒഴുകിയ ലാവ ഉറഞ്ഞു രൂപീകൃതമായ പ്രദേശമാണിത്.
കാറ്റ്, ജലശോഷണം, രാസപ്രവർത്തനങ്ങൾ എന്നിവയാൽ നൂറ്റാണ്ടുകൾകൊണ്ട് പാറകളിൽ വിവിധ രൂപങ്ങൾ രൂപപ്പെട്ടിരിക്കുന്നു. ഒട്ടകം, ദിനോസർ, നെപ്പോളിയൻ, കൈ എന്നു വേണ്ട ആർക്കും എന്തും ഇവിടത്തെ പാറക്കൂട്ടങ്ങളെ കണ്ട് സങ്കൽപ്പിക്കാം. കാഠിന്യം കുറഞ്ഞ ഈ കല്ലുകൾ തുരന്നു മനുഷ്യർ അതിൽ വസിച്ചു.
ഗോറെമെ ഓപ്പൺ എയർ മ്യൂസിയത്തില്‍ നിരവധി ആശ്രമങ്ങളും പള്ളികളും ഒരു സന്യാസ സമുച്ചയത്തിന്റെ ആസ്ഥാനത്തിന്റെ ആവശിഷ്ടങ്ങളും കണ്ടു. വിവിധ ഗുഹകളിലേക്കും അറകളിലേക്കും ഞങ്ങൾ പ്രവേശിച്ചു. ഇവിടെയുള്ള ഏറ്റവും പഴക്കമേറിയ പള്ളിയെന്ന് കരുതപ്പെടുന്ന ജോൺ ദ് ബാപ്റ്റിസ്റ്റ് പള്ളിയുടെ അകത്തളങ്ങൾ വിസ്മയിപ്പിക്കും.
പാറയ്ക്കുള്ളിലെ പള്ളികൾ
ലാവ കുന്നുകളായ ചിമ്മിനികളുടെ ആകൃതി വൈവിധ്യമാണ് ഏറെപ്പേരെ ഇവിടേക്ക് ആകർഷിക്കുന്നത്. ലവ് വാലി എന്ന പ്രദേശത്തു പ്രത്യേക ആകൃതിയിലുള്ള 100 അടിയോളം ഉയരമുള്ള ഫെയറി ചിമ്മിനി രൂപങ്ങൾ കാണാം. നിരവധി ചലച്ചിത്രങ്ങൾക്ക് ഇവിടം പശ്ചാത്തലം ആയിട്ടുണ്ട്. മങ്ക്സ് (പസാബാഗ്) വാലിയില്‍ കൂൺ ആകൃതിയിലുള്ള നിരവധി ഫെയറി ചിമ്മിനികളുണ്ട്.
ഞാൻ പലതിന്റെയും മുകളിൽ ആയാസപ്പെട്ട് കയറി ഫോട്ടോയൊക്കെ എടുത്തു. കപ്പഡോക്കിയയിലെ ഏറ്റവും പ്രശസ്തമായ ഫെയറി ചിമ്മിനി പ്രദേശങ്ങളിലൊന്നാണ് സന്യാസികൾ താമസിച്ചിരുന്ന മങ്ക്സ് വാലി. പിജിയൺ വാലി ഫെയറി ചിമ്മിനികളിൽ പ്രാവിൻകൂടുകൾ ഉള്ളതിനാലാണ് ഇതിന് ഈ പേര് ലഭിച്ചത്. പണ്ടൊക്കെ പ്രാവുകളെ കർഷകർ അതിന്റെ വിസർജ്യം വളമായി ഉപയോഗിക്കാനായി ഇവിടെ വളർത്തിയിരുന്നു.
പാറകൾ തുരന്നു നിര്‍മിച്ച ക്രിസ്ത്യൻ പള്ളികളും ഗുഹാഭവനങ്ങളും ഇപ്പോഴും ഇവിടെ കാണാം. റെഡ് / റോസ് വാലി കപ്പഡോക്കിയയിലെ ഫെയറി ചിമ്മിനി രൂപങ്ങൾ കാണാനുള്ള ഏറ്റവും നല്ല സ്ഥലമാണ്. സൂര്യാസ്തമയ സമയത്ത്, തിളങ്ങുന്ന ചുവന്ന പാറയാണ് ഈ താഴ്വരയിൽ. പിങ്ക്, മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള വർണാഭമായ പാറക്കെട്ടുകളും ഇവിടെയുണ്ട്. ഈ താഴ്വര ട്രെക്കിംഗിനു താല്പര്യം ഉള്ളവർക്കു പ്രിയപ്പെട്ട സ്ഥലമാണ്.
സമീപമായുള്ള വൈറ്റ് വാലിയിലാകട്ടെ വെള്ള നിറത്തിലെ അനവധി ഫെയറി ചിമ്മിനികൾ കാണാം.സെൽവ് ഓപ്പൺ എയർ മ്യൂസിയത്തില്‍ പുരാതന കാലത്തു പാറയിൽ കൊത്തിയെടുത്ത ഒരു ബൈസന്റൈൻ ആശ്രമത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ട്. ഒൻപതു മുതൽ 13ാം നൂറ്റാണ്ട് വരെയുള്ള ഒരു സന്യാസ കേന്ദ്രമായിരുന്നു സെൽവ്.
മത്സ്യത്തിന്റെയും മുന്തിരിയുടെയും അടയാളങ്ങൾ കൊത്തി വച്ചിരിക്കുന്ന ഫിഷ് ചർച്ചും ഗ്രേപ്പ് ചർച്ചും അവിടെ കണ്ടു. സെൽവിലെ മൂന്നു താഴ്വരകൾ ട്രെക്കിംഗിനും കുതിരസവാരിക്കും മികച്ച സ്ഥലമാണ്. ഇവിടെ നിന്നാൽ ഉചിസർ കാസിൽ കാണാം. യക്ഷിക്കഥകളിലെ ഗംഭീരമായ ഒരു കോട്ടപോലെ. ഗോറെമെൽനിന്ന് അഞ്ചു കിലോമീറ്റർ അകലെയാണ് ഈ കോട്ട.
ബലൂണിലെ ലോകം
ഗോറെമെയിലെ ഹോട്ട് എയർ ബലൂൺ സവാരി ലോകപ്രസിദ്ധം. ലോകത്ത് ഏറ്റവും അധികം ഹോട്ട് എയർ ബലൂണുകൾ ഉള്ളതും ഇവിടെയാണ്. ഏകദേശം 300 ബലൂണുകൾ. വിവിധ വലിപ്പത്തിലും വർണങ്ങളിലും അവ ഇങ്ങനെ ആകാശത്തുകൂടെ ഒഴുകി നടക്കുന്ന കാഴ്ച വിവരണാതീതം. എല്ലാ ദിവസവും അതിരാവിലെയാണ് ഹോട്ട് എയർ ബലൂൺ സവാരിക്കു തുടക്കം.
സിവിൽ ഏവിയേഷന്റെ അനുമതിയുണ്ടെങ്കിൽ മാത്രമേ ബലൂൺ സവാരി നടത്തൂ. വാനില്‍ അതിരാവിലെ ഹോട്ടലിൽനിന്ന് ഒരു മലമുകളിലെത്തി. കുറെ ബലൂണുകൾ മടക്കിവച്ചിട്ടുണ്ട്, മറ്റു ചിലതിൽ ചൂട് വായു ഗ്യാസ് ബർണറിലൂടെ കത്തിച്ചു വീർപ്പിക്കുന്നു, ചിലതിന്റെ ബക്കറ്റിൽ ആളുകളെ കയറ്റുന്നു. ചില ബലൂണുകള്‍ ആകാശത്തേക്കു പറന്നു തുടങ്ങിയിരിക്കുന്നു.
പേടിപ്പിക്കുന്ന ലാൻഡിംഗ്
ബലൂണിന്റെയും ബക്കറ്റിന്റെയും വലിപ്പമനുസരിച്ചാണ് ആൾക്കാരെ കയറ്റുന്നത്. ചൂരൽകൊണ്ട് നിർമിച്ച ഞങ്ങളുടെ ബലൂൺ ബക്കറ്റിൽ 16 പേർക്കു കയറാം. ചില ബലൂണുകളിൽ 32 പേർക്കു വരെ പറക്കാം. ബലൂൺ മെല്ലെ പൊങ്ങിത്തുടങ്ങി.
വയർലസ് വഴിയുള്ള സന്ദേശങ്ങൾ സിവിൽ ഏവിയേഷനിൽനിന്നു പൈലറ്റുമാർക്കു ലഭിക്കുന്നുണ്ടായിരുന്നു. താഴെയുള്ള കാഴ്ച അതിശയിപ്പിക്കുന്നതായിരുന്നു. മലനിരകളുടെ ശരിയായ ഭംഗി ആസ്വദിക്കണമെങ്കിൽ ബലൂൺ യാത്രതന്നെ വേണമെന്നു തോന്നിപ്പോയി. ചൂടു വായു ഗ്യാസ് ബർണറിലൂടെ ബലൂണിന്റെ ഉള്ളിലേക്ക് കയറ്റിവിടുന്പോൾ വായുവിന്റെ സാന്ദ്രത കുറഞ്ഞ് ബലൂണ്‍ മുകളിലേക്കു പറക്കും. ഉള്ളിലെ വായുവിന്റെ ചൂട് കുറയുമ്പോൾ ബലൂൺ താഴേക്കു നീങ്ങും.
ഉയര്‍ന്നു പൊങ്ങി മേഘങ്ങള്‍ക്കു മുകളിലും പിന്നീട് താഴ്ന്നു പറന്നു ചെറിയ കുന്നുകളിലും മരച്ചില്ലകളിലും തൊട്ടു തൊട്ടില്ല എന്ന മട്ടിലും പൈലറ്റുമാർ വിദഗ്ധമായി ഒരു മണിക്കൂർ ഞങ്ങളെ ആ സ്വപ്നഭൂമികയിൽ ചുറ്റിപ്പറത്തി. ആ യാത്രയിൽ കുന്നുകൾക്കിടയിലൂടെ ആദ്യ സൂര്യരശ്മികൾ കപ്പഡോക്കിയെ ചുംബിക്കുന്ന സുന്ദരകാഴ്ചയും കണ്ടു.യാത്ര രസകരമായിരുന്നെങ്കിലും അവസാനമുള്ള ലാൻഡിംഗ് കുറച്ചു പേടിപ്പെടുത്തുന്നതായിരുന്നു.
കാറ്റിന്റെ ഗതിക്കനുസരിച്ച് ഏറ്റവും അനുയോജ്യം എന്നു തോന്നുന്ന ഒരു സ്ഥലത്തു ബലൂൺ ഇറക്കും. ഞങ്ങളുടെ പൈലറ്റ് വിദഗ്ധമായി ഞങ്ങളുടെ ബലൂണ്‍ ഒരു കൃഷിയിടത്തിലൂടെ ഞങ്ങളെ പിന്തുടര്‍ന്ന പിക്അപ്പില്ത്തന്നെ സാവധാനം ലാന്‍ഡ് ചെയ്യിച്ചു. ഈ സ്വപ്നഭൂമി ഒരിക്കൽ സന്ദർശിച്ചാൽ ദീർഘകാലം ആ ഒാർമകളും കാഴ്ചകളും ഉള്ളിൽ മായാതെയുണ്ടാകും.