കറുത്ത മണൽ, ഭീതി പകരും ബീച്ച്...
അജിത് ജി. നായർ
Saturday, March 22, 2025 8:40 PM IST
സമുദ്രതീരങ്ങള്‍ ചിലരില്‍ ആവേശം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലർക്കത് ഭയമാണ്. ഇപ്പോൾ ഒരു സുനാമി വരുമോയെന്ന ഭയത്തോടെ കടല്‍ത്തീരത്തു നില്‍ക്കുന്നവരും ഉണ്ടാവാം.ഇതിനൊപ്പം പ്രേതകഥകള്‍ കൂടിയായാലോ? പിന്നെ കടലിനെ പേടിയുള്ള ആളുകള്‍ ആ പ്രദേശത്തേക്ക് അടുക്കില്ല. അപൂര്‍വമെങ്കിലും പ്രേതബാധയുള്ളതായി ചിലർ പ്രചരിപ്പിക്കുന്ന ചില ബീച്ചുകളെങ്കിലും ലോകത്തുണ്ട്.
ഗുജറാത്തിലെ സൂറത്തിലുള്ള ഡ്യൂമാസ് ബീച്ച് ഇത്തരം വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ബീച്ചിന്റെ മനോഹാരിതയേക്കാള്‍ പ്രേതകഥകൾക്കാണ് കൂടുതൽ പ്രചാരം. അതിനാല്‍ രാജസ്ഥാനിലെ ഭാന്ഗഡിനും കുല്ദാരയ്ക്കും ഡല്‍ഹിയിലെ അഗ്രസേന്‍ കി ബാവലിക്കുമൊപ്പം ഇന്ത്യയിലെ ഏറ്റവും പേടിപ്പെടുത്തുന്ന പ്രദേശങ്ങളുടെ പട്ടികയിലാണ് ഡ്യൂമാസ് ബീച്ചിന്റെയും സ്ഥാനം.
രാത്രി പേടി
പകല്‍ സമയത്തു ദൈവത്തിന്റെ സ്വന്തം ഭവനമായി തോന്നുന്ന ബീച്ച് സൂര്യനസ്തമിക്കുന്നതോടെ ചെകുത്താന്റെ പറുദീസയായി മാറുന്നുവെന്നാണ് ഇത്തരം കഥകളിൽ വിശ്വസിക്കുന്നവരുടെ വാദം. സൂറത്തിലെതന്നെ ഏറ്റവുമധികം വിനോദസഞ്ചാരികള്‍ എത്തുന്ന ഇടമായ ഡ്യൂമാസ് ബീച്ചില്‍ പകല്‍ സമയം സഞ്ചാരികളുടെ തിക്കും തിരക്കുമാണ്. എന്നാല്‍, ഇരുട്ടു പരക്കാന്‍ തുടങ്ങുന്നതോടെ ആളുകള്‍ ഈ പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോവുകയാണ് പതിവ്.
ഈ കഥകളെ വകവയ്ക്കാതെ ഈ ബീച്ചില്‍ രാത്രി ചെലവഴിക്കാന്‍ ധൈര്യം കാണിച്ചിട്ടുള്ളവരില്‍ പലരെയും പിന്നീട് ആരും കണ്ടിട്ടില്ലെന്നും തിരിച്ചുവന്ന ചിലർക്കു അതീവ ഭീതിജനകമായ കഥകളാണ് പറയാനുണ്ടായിരുന്നതെന്നും പ്രദേശവാദികൾ പ്രചരിപ്പിക്കുന്നു.മറ്റു ബീച്ചുകളില്‍നിന്നു വ്യത്യസ്തമായി വെളുപ്പിനു പകരം കറുത്ത മണല്‍ത്തരികള്‍ നിറഞ്ഞ ബീച്ചാണിതെന്നത് ഇത്തരം കഥകൾക്ക് എരിവുപകരുന്നു.
ചരിത്രരേഖകളനുസരിച്ച് ഡ്യൂമാസ് ബീച്ച് ഒരു കാലത്തു ഹിന്ദു വിശ്വാസികളുടെ ഒരു ശ്മശാന ഭൂമിയായിരുന്നു. അതുകൊണ്ടാണ് ഇതിനെ ചുറ്റിപ്പറ്റി ഇത്തരം കഥകളുണ്ടായതെന്നു കരുതുന്നു. അനേകം ആളുകളെ ദഹിപ്പിച്ചതിനെത്തുടര്ന്നുണ്ടായ ചാരം കടല്‍ത്തീരത്തെ വെളുത്ത മണല്‍ത്തരികളുമായി കലര്ന്നതിനെത്തുടര്ന്നു കടപ്പുറത്തിന്റെ നിറം കറുപ്പായി മാറിയെന്നു വിശ്വസിക്കുന്നവരുമുണ്ട്.
കാണാതായവർ
മനോഹരമായ പരിസരമായിരുന്നിട്ടും രാത്രിയിലെ ഭീതിജനകമായ അന്തരീക്ഷവും കഥകളും ഇവിടെയെത്തുന്നവരില്‍ ഒരു നെഗറ്റീവ് എനര്‍ജി പകരുന്നുണ്ട്. രാത്രിയില്‍ നിരവധി അസാധാരണ സംഭവങ്ങള്‍ ഇവിടെ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചിലരൊക്കെ അപ്രത്യക്ഷരായിട്ടുണ്ട്. ദുരൂഹമായി ചില മൃതദേഹങ്ങളും കാണപ്പെട്ടു. ഇവിടത്തെ കഥകളും സാഹചര്യങ്ങളും എത്തുന്ന വ്യക്തികളുടെ മാനസികാവസ്ഥയും കൂടിക്കുഴഞ്ഞാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്നു പലരും സംശയിക്കുന്നു.
ബീച്ചില്‍ രാത്രികാലങ്ങളില്‍ വിചിത്രമായ ശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടെന്ന് നാട്ടുകാരിൽ ചിലർ അവകാശപ്പെടുന്നു. കൂടാതെ വെള്ളനിറത്തിലുള്ള ചില നിഴല്‍രൂപങ്ങളും ചില ഗോളങ്ങളും ബീച്ചിലൂടെ സഞ്ചരിക്കുന്നതായി കാണാറുണ്ടത്രേ. അതേസമയം, സാമൂഹ്യവിരുദ്ധരാണോ ഇത്തരം പ്രവർത്തനങ്ങൾക്കു പിന്നിലെന്ന് ഇനിയും ആർക്കും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. സൂറത്തില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ഈ കറുത്ത മണൽ ബീച്ച്.