പരീക്ഷയുടെ പാടകറ്റും, പാട്ട്
ഹരിപ്രസാദ്
Saturday, March 15, 2025 8:55 PM IST
പരീക്ഷക്കാലമാണ്. പഠിക്കാനുണ്ട്, പാട്ടും കളിയുമൊന്നും തത്കാലം വേണ്ട എന്നു പറയുന്ന രക്ഷിതാക്കൾ ഒട്ടേറെപ്പേരുണ്ടാകും. എന്നാൽ, അങ്ങനെ വേണ്ടെന്നുവയ്ക്കേണ്ട കാര്യങ്ങളാണോ ഇതു രണ്ടും? കുത്തിയിരുന്നു പഠിക്കുന്നതിനിടയിൽ അല്പമൊന്നു ശരീരമനങ്ങേണ്ടേ? ഒരു പാട്ടുകേട്ട് ചിൽ ആവേണ്ടേ? തീർച്ചയായും പാട്ടുകേൾക്കണമെന്ന് പഠനങ്ങൾ പറയുന്നു..
കാലവും പാട്ടുകളും മാറിയെന്നേയുള്ളൂ, ജീവിതങ്ങളിൽ പാട്ടിന്റെ തലോടലുകൾക്ക് ഇന്നും ഇടമുണ്ട്. ഓർമയില്ലേ, റേഡിയോയിലൂടെ കേട്ട ഒരു പാട്ട്? ജനലിലൂടെ ആ സമയം കടന്നെത്തിയ വെളിച്ചവും നിഴലുകളും ചേർന്നൊരുക്കിയ ലയവിന്യാസം? ആ നേരം അറിഞ്ഞൊരു സുഗന്ധം?..
ഏതായിരുന്നു ആ പാട്ട്... പവനരച്ചെഴുതുന്നു കോലങ്ങൾ വീണ്ടും?.. വാതിൽപ്പഴുതിലൂടെൻമുന്നിൽ കുങ്കുമം?.. മൗനത്തിൻ ഇടനാഴിയിൽ...? വെറുതേ കുറച്ചുപാട്ടുകൾ പറഞ്ഞെന്നേയുള്ളൂ. മനസൊരു മാന്ത്രികക്കുതിരയായി ഏതൊക്കെയോ പാതകളിലൂടെ പാഞ്ഞുതുടങ്ങിയില്ലേ?...ഈ വേനൽച്ചൂടിന്റെ ചുഴിയിൽ ഭൂതകാലക്കുളിരു പടർത്താൻ പാട്ടിന്റെ പഴയകാലം പുറത്തെടുത്തതല്ല.
പുതിയ തലമുറയുടെ പാട്ടുകൾ ഇവയായിക്കൊള്ളണമെന്നില്ല, ആയിക്കൂടെന്നുമില്ല. ഹനുമാൻകൈൻഡും കെ-പോപ്പും തകർത്താടുന്ന കാലമാണ്. പാട്ടേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നേയുള്ളൂ. ഒരു കാര്യം ഉറപ്പാണ്, പാട്ടുകേൾക്കുന്ന മനുഷ്യർ നന്നായിരിക്കും.
പാട്ടുകേട്ടു പഠിച്ചകാലം
പലപ്പോഴായി പല സുഹൃത്തുക്കളും പങ്കുവച്ച ഒരു കാര്യമാണ്. സുഹൃത്തുക്കളെന്നുവച്ചാൽ എണ്പതുകളിലെയും തൊണ്ണൂറുകളിലെയും കിഡ്സ്! അവരിൽ പലരും പരീക്ഷയ്ക്കു പഠിക്കുന്ന നേരത്ത് പാട്ടു കേൾക്കാറുണ്ടെന്ന്.
അതു പഠനത്തെ സഹായിക്കാറുണ്ടെന്ന്. പുതിയ കാലത്തെ കുട്ടികളെ ചെവിയിൽനിന്ന് ഇയർ ഫോണ് ഇളക്കാത്തതിനു ചീത്ത പറയുന്ന, പ്രത്യേക വൈബുള്ള രക്ഷിതാക്കൾ പോലും ഒന്നു ചിന്തിക്കും- ശരിയാണല്ലോ എന്ന്. വെറുതെ പറയുന്നതല്ല, സംഭവം ശരിയാണ്.
മുറിയുടെ മൂലയിലൊരിടത്തു പ്രത്യേകം തയാറാക്കിയ സ്റ്റാൻഡിൽ രാജകീയമായിരുന്ന് പാടുന്ന മർഫി റേഡിയോ. പലതരം പാട്ടുകൾ. അവയ്ക്കൊപ്പം നീങ്ങുന്ന സാമൂഹ്യപാഠവും വ്യാകരണവും കണക്കും.
ചിലർക്കെങ്കിലും അങ്ങനെയൊരുകാലം ഓർമയിൽ തെളിയുന്നുണ്ടാവും. അന്നത്തെ പാട്ടുകളും പാഠങ്ങളും മനസിലേക്കെത്തുന്നുണ്ടാകും. അത്ഭുതപ്പെടുത്തുന്ന ഒരുകാര്യമുണ്ട്- അന്ന് അങ്ങനെയിരുന്നു പഠിച്ചതിന് ആരും വഴക്കു പറഞ്ഞിട്ടുണ്ടാവില്ല.
റിലാക്സ്.. റിലാക്സ്...
സംഗീതവും മനുഷ്യ മനസും തമ്മിലുള്ള കൊടുക്കൽവാങ്ങലുകളെക്കുറിച്ച് ഒട്ടേറെ ശാസ്ത്രീയ പഠനങ്ങൾ നടന്നിട്ടുണ്ട്. ഇന്നും നടക്കുന്നു.
പൊതുവായി, സംഗീതത്തിനു നിങ്ങളെ പ്രചോദിപ്പിക്കാൻ കഴിയും, മാനസികാവസ്ഥയെ മെച്ചപ്പെടുത്താൻ കഴിയും, ശാന്തത സമ്മാനിക്കാനും കഴിയും- ഇതൊക്കെയാണ് പഠനങ്ങൾ പറയുന്നത്. ഇതെല്ലാം ഒത്തുവന്നാൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ കൂടുതൽ ക്രിയാത്മകമാകും- ജോലിയാണെങ്കിലും പഠനമാണെങ്കിലും. പഠിക്കുന്ന കുട്ടികൾക്കു സംഗീതത്തെ ഗംഭീരമായി പ്രയോജനപ്പെടുത്താൻ കഴിയുമെന്നുറപ്പ്. പാട്ടിനെ പഠനത്തിന്റെ ഭാഗമാക്കുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്.
പഠിക്കുന്ന വേളയിൽ പശ്ചാത്തലത്തിൽ ഒരു സംഗീതശകലം ഒഴുകുന്നുണ്ടെങ്കിൽ പഠിച്ചകാര്യങ്ങൾ പിന്നീട് ഓർത്തെടുക്കാൻ വളരെ സഹായകരമാണത്രേ. പലതരം സംഗീതശാഖകൾ തലച്ചോറിന്റെ പ്രവർത്തനങ്ങളെ പലവിധത്തിൽ പിന്തുണയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ഭേഷാക്കാം, ഭാഷ
പാട്ടിന്റെ വരികളടക്കം സൂക്ഷ്മായി ശ്രദ്ധിച്ചുള്ള ആസ്വാദനം വിദ്യാർഥികളുടെ ഭാഷാപരമായ മികവു കൂട്ടും.
വ്യാകരണം പഠിക്കാനും പദസന്പത്തു കൂട്ടാനും ഇതിലൂടെ കഴിയും, വായനപോലെതന്നെ. ഈ നിമിഷം വയലാറിന്റെയും ഭാസ്കരൻ മാഷിന്റെയും ശ്രീകുമാരൻ തന്പിയുടെയും ഒഎൻവി കുറുപ്പിന്റെയും മുല്ലനേഴി മാഷിന്റെയുമൊക്കെ വരികൾ ഓർമവരുന്നവർ ഭാഗ്യവാന്മാർ.
ആ പാട്ടുകൾ ഇവിടെത്തന്നെയുണ്ടല്ലോ എന്നതാശ്വാസം. പക്ഷേ, പുതിയ കുട്ടികൾക്ക് അവ കേട്ടാസ്വദിക്കാൻ കഴിയണമെങ്കിൽ അവരെ എന്തു കേൾപ്പിച്ചു പ്രചോദിപ്പിക്കണമെന്നതാണ് ചോദ്യം.
ശ്രദ്ധ, ഏകാഗ്രത എന്നിവയ്ക്കും സംഗീതം കൂട്ടാണ്. പ്രത്യേകം താളപദ്ധതികളുള്ള ഉപകരണ സംഗീതമാണ് ഇതിനു കൂടുതൽ നല്ലതത്രേ. സങ്കീർണമായ കണക്കുകൾ പോലുള്ളവ പഠിക്കാനും മനസിലുറപ്പിക്കാനും ഈ റിഥം സഹായിക്കും.
വിവിധ താളങ്ങളും വിവിധങ്ങളായ ഇനം സംഗീതവും സ്ട്രെസ് ഹോർമോണുകളെ കുറയ്ക്കും. പഠിക്കുന്നതെന്തും ഓർമയിലുറയ്ക്കുന്ന വിധം മാനസികാവസ്ഥയുണ്ടാക്കും.
വികാരനൗകയുമായ്...
സ്വന്തവും ചുറ്റുമുള്ളവരുടേതുമായ വികാരങ്ങളെ തിരിച്ചറിയാനും അവയോടു വേണ്ട വിധം പ്രതികരിക്കാനും കഴിയുന്നില്ല എന്നതാണ് പുതിയ കുട്ടികൾ നേരിടുന്ന ഒരാരോപണം.
അതിനും സംഗീതം വഴികാട്ടും. വ്യത്യസ്തങ്ങളായ സംഗീത ശകലങ്ങൾ സൂക്ഷ്മമായി കേട്ട് അതിലുള്ള വികാരങ്ങൾ തിരിച്ചറിയുന്നത് ജീവിതത്തിൽ ഏറെ ഉപകാരപ്രദമാകുമെന്നുറപ്പ്. സംഗീതത്തിലെ പാറ്റേണുകൾ ഡാറ്റ വിശകലനം ചെയ്യൽ, ഭാഷാ പഠനം, പ്രോബ്ലം- സോൾവിംഗ് സ്കിൽസ് എന്നിവയ്ക്കൊപ്പം നിൽക്കുന്നവയാണ്.
അപ്പോൾ, നിങ്ങൾക്കു നല്ലതെന്നു തോന്നുന്ന സംഗീതം തെരഞ്ഞെടുക്കുക. പഠനത്തിലും ജീവിതത്തിലും ഒരു നല്ല പശ്ചാത്തല സംഗീതമുണ്ടെങ്കിൽ തലച്ചോർ നന്നായി പണിയെടുക്കുമെന്നതിൽ തർക്കമില്ല. പഠിച്ചു തളർന്നു എന്നു തോന്നിയാലും ഒരു പാട്ടുകേൾക്കുക. വ്യത്യാസം അനുഭവിച്ചറിയുക. ബി പോസിറ്റീവ്!
കാര്യമൊക്കെ ശരി., പാട്ടുകേട്ടാൽ ശ്രദ്ധ തെറ്റിപ്പോകുന്നവരും അതിൽ മുഴുകി മറ്റെല്ലാം മറന്നുപോകുന്നവരും തത്കാലം ഇയർഫോണുകളും മൊബൈൽ ഫോണും മാറ്റിവയ്ക്കുന്നതാവും നല്ലത്. പ്രത്യേകം ഓർമിക്കാൻ: ശബ്ദം കുറച്ചുവച്ചു കേൾക്കുക. ഭീതിജനകമായ സംഗീതം കേൾക്കാതിരിക്കുക. പരസ്യങ്ങളുള്ള സ്ട്രീമിംഗ് സർവീസുകൾ ഒഴിവാക്കുക.