ചൊരിമണലിൽ സംഭവിച്ചത്
റെജി ജോസഫ്
Saturday, March 15, 2025 8:37 PM IST
സംസ്ഥാനത്ത് പച്ചക്കറിയിൽ സ്വയംപര്യാപ്തമായ ഏക പഞ്ചായത്ത് എന്നു കഞ്ഞിക്കുഴിയെ വിശേഷിപ്പിക്കാം. അര സെന്റിൽ മുതൽ അൻപത് ഏക്കറിൽ വരെ കൃഷി ചെയ്യുന്നവർ ഇവിടെയുണ്ട്. വളക്കൂറോ കാര്യമായ ജലാശംമോ ഇല്ലാത്ത പഞ്ചസാര മണലിലാണ് കൃഷി എന്നറിയുന്പോഴാണ് അതിശയം തോന്നുക. കഞ്ഞിക്കുഴി, മാരാരിക്കുളം, മുഹമ്മ പ്രദേശങ്ങളിലെ എണ്ണായിരം കുടുംബങ്ങൾ ഒരുക്കുന്ന പച്ചക്കറി വിപ്ലവം...
ചൊരിമണൽ എന്നു കേൾക്കുന്പോഴേ പലരുടെയും മനസിൽ തെളിയുക, വളക്കൂറോ കാര്യമായ ജലാശംമോ ഇല്ലാത്ത പഞ്ചസാര മണൽ പ്രദേശം. അവിടെ കൃഷി നടക്കുമോയെന്നു ചോദിച്ചാൽ അസാധ്യമെന്നായിരിക്കും പലരുടെയും മറുപടി. എന്നാൽ, അതു തിരുത്തിക്കോളൂ.. ചൊരിമണലിൽ കൃഷി നടത്താമെന്നു മാത്രമല്ല, അതൊരു വിപ്ലവമായി മാറ്റാനുമാകും.
വളക്കൂറില്ലാത്ത ചൊരിമണലിലെ വിസ്മയ കൃഷി കാണണമെങ്കിൽ ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി, മാരാരിക്കുളം, മുഹമ്മ പ്രദേശങ്ങളിലേക്കു പോരൂ. പഞ്ചസാര മണലിൽ കർഷകർ വിളയിക്കുന്ന പച്ചക്കറികൾ കണ്ടാൽ നിങ്ങൾ വിസ്മയംപൂണ്ടു നിൽക്കും. മറ്റിടങ്ങളിൽ നനയ്ക്കുന്നതിന്റെ മൂന്നിരട്ടി നനച്ചാലേ ഇവിടത്തെ പൊരിവെയിലിൽ ചെടികൾക്കു വേണ്ടത്ര ജലാശം കിട്ടൂ.
എല്ലാ പരിമിതികളെയും മറികടന്ന് എണ്ണായിരം കുടുംബങ്ങൾ പച്ചക്കറി കൃഷിയിലൂടെ ജീവിതം കരുപ്പിടിപ്പിക്കുന്നു. കോഴിവളവും ചാണകവും വേപ്പിൻപിണ്ണാക്കും മണ്ണും ചേർത്തു മണലിൽ വാരം കോരി, യുവി ഷീറ്റ് പുതയിട്ട് ഡ്രിപ്പ് നനയും വളപ്രയോഗവും ഒരുമിച്ചു നൽകിയുള്ള ഫെർട്ടിഗേഷൻ രീതിയാണ് ഇവർ അവലംബിക്കുന്നത്.
വർഷം എണ്പതിനായിരം ടണ് പച്ചക്കറിയാണ് തീരഗ്രാമങ്ങളിൽ വിളവെടുത്തു വിൽക്കുന്നത്. ദേശീയപാതയിൽ ചേർത്തല മുതൽ ആലപ്പുഴ വരെ യാത്ര ചെയ്താൽ പച്ചക്കറി ഗ്രാമങ്ങളുടെ കാർഷികപ്പെരുമ കണ്ടറിയാം.
പാതയോരത്ത് നിരനിരയായി ജൈവ പച്ചക്കറിക്കടകളുള്ള മറ്റൊരു പ്രദേശം സംസ്ഥാനത്തില്ല. ഇവിടെ എല്ലാ വീടുകളിലും പച്ചക്കറി കൃഷിയുണ്ട്. ഒപ്പം തരിശുഭൂമി പാട്ടത്തിനെടുത്തും കൃഷി. അലംകൃതമായ പച്ചക്കറിപ്പന്തലുകളിൽ നിറയെ പാവലും പയറും പീച്ചിലും കോവലും.
ചുവപ്പുപട്ടുപോലെ ചീരകൃഷി. നിറയെ പൂവും കായുമായി വെണ്ടകളുടെ നിര. ഇതിനിടെയിലൂടെ വള്ളിവീശി നിറയെ കായിട്ട മത്തനും കുന്പളവും വെള്ളരിയും. സംസ്ഥാനത്ത് പച്ചക്കറിയിൽ സ്വയംപര്യാപ്തമായ ഏക പഞ്ചായത്ത് എന്നു കഞ്ഞിക്കുഴിയെ വിശേഷിപ്പിക്കാം. അര സെന്റിൽ മുതൽ അൻപത് ഏക്കറിൽവരെ കൃഷി ചെയ്യുന്നവർ ഇവിടെയുണ്ട്.
എല്ലാവരും കൃഷിയിലേക്ക്
കഞ്ഞിക്കുഴിയിലും മാരാരിക്കുളത്തും വിദ്യാർഥിയും ഉദ്യോഗസ്ഥനും കച്ചവടക്കാരനും വീട്ടമ്മയുമൊക്കെ കൃഷിയുള്ളവരാണ്. രണ്ടു നേരമെങ്കിലും കൃഷിയിടത്തിലെത്താത്തവർ വിരളം.
ഗ്രാമീണ സ്ത്രീകളുടെ ജീവിതംതന്നെ മാറിമറിഞ്ഞിരിക്കുന്നു. ഇവിടെ എല്ലാ സ്ത്രീകൾക്കും ജോലിയുണ്ട്, ഒപ്പം വരുമാനവും. തൊഴിലുറപ്പു പദ്ധതിയിൽപെടുത്തിയും ഇവർ പച്ചക്കറി കൃഷി ചെയ്യുന്നു. ഇതിലെ വരുമാനവും തൊഴിലുറപ്പു കൂലിയും ചേരുന്പോൾ വീടു പോറ്റാനും മക്കളെ പഠിപ്പിക്കാനും വരുമാനമായി.
സ്വന്തമായി ഒന്നര ഏക്കറിലും നാലേക്കർ പാട്ടഭൂമിയിലും ജൈവകൃഷി നടത്തുകയാണ് കഞ്ഞിക്കുഴി അഞ്ചാം വാർഡിലെ ദിവ്യയും ഭർത്താവ് ജ്യോതിഷും. സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച പച്ചക്കറി കർഷകയ്ക്കുളള അവാർഡിന് ദിവ്യ നേടിയിട്ടുണ്ട്. കഞ്ഞിക്കുഴിയിലെ വെള്ളരിക്ക അച്ചാറിനും മത്തൻ ഹൽവയ്ക്കും പെരുമയേറെ.
വിളവുകൾക്കു ചില സീസണിൽ വിപണി കുറയുന്ന സാഹചര്യത്തിലാണ് മൂല്യവർധിത ഉല്പന്നങ്ങളാക്കാൻ ശ്രമമുണ്ടായത്. ഒരു പ്രദേശം കേന്ദ്രീകരിച്ച് സംഘങ്ങൾ രൂപീകരിച്ചു പച്ചക്കറി മൂല്യവർധിതമാക്കുന്നു. ഇത്തരത്തിൽ ചാലുങ്കൽ ഹരിത സംഘം വെള്ളരിക്ക സോപ്പ്, വെള്ളരിക്ക അച്ചാർ, മത്തൻ ഹൽവ തുടങ്ങി വെള്ളരിക്കാനീരിൽനിന്നു സ്ക്വാഷും ജാമുമൊക്കെ തയാറാക്കി വിൽക്കുന്നു.
പച്ചക്കറി ക്ലിനിക്
കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക് ആവിഷകരിച്ച നൂതന ആശയമാണ് പച്ചക്കറി ക്ലിനിക്. ചെടിയുടെയും കായയുടെയും കേടു വന്ന ഭാഗം ക്ലിനിക്കിലെത്തിച്ചാൽ രോഗം കണ്ടെത്തി ചികിത്സ നിർണയിക്കും.
വലിയ തോതിൽ കൃഷിയിറക്കുന്നവർക്കു കൃഷിനാശത്തിൽനിന്നു രക്ഷപ്പെടാൻ മാർഗമാണ് ഈ ക്ലിനിക്. കാർഷിക പുസ്തകങ്ങളും കാർഷിക പ്രസിദ്ധീകരണങ്ങളുമുള്ള ലൈബ്രറിയും വെബ്സൈറ്റും ബാങ്കിലുണ്ട്. പോളിഹൗസ്, മഴമറ കൃഷി തുടങ്ങിയവയും നടപ്പാക്കുന്നു. അടുക്കളത്തോട്ടം നിർമിച്ചു നൽകുന്ന സംഘവും യന്ത്രസഹായത്തോടെ കൃഷി ചെയ്യുന്ന കാർഷിക കർമസേനയും പ്രവർത്തിക്കുന്നുണ്ട്.
ആകർഷകമായ മറ്റൊരു പദ്ധതിയാണ് സെലിബ്രിറ്റി കൃഷിത്തോട്ടം. കൃഷിയിൽ താത്പര്യമുള്ള ഏതാനും പേർ ചേർന്നു കാർഷിക കർമസേന രൂപീകരിക്കുകയും ഭൂമി പാട്ടത്തിനെടുക്കുകയും ചെയ്യും. സെന്റിന് ആയിരം വീതം കൊടുത്താൽ മതി ഈ ഭൂമിയിൽ കർമസേന നമുക്കു വേണ്ടി കൃഷിയിറക്കും.
കൃഷിക്കു മുൻപുതന്നെ പണം കിട്ടുന്നു എന്നതാണ് കൃഷിക്കാരുടെ നേട്ടം. ആയിരം രൂപ മുടക്കിയാൽ ഒരു സെന്റിൽ വിളയുന്ന ജൈവ പച്ചക്കറി വിളവെടുപ്പ് കാലം മുഴുവൻ വീട്ടിലെത്തുമെന്നത് പണം മുടക്കുന്നവരുടെ നേട്ടം.
ഓണ്ലൈൻ വില്പന
പൂന ടിസിഎസിലെ ഉയർന്ന ജോലി രാജിവച്ചു കൃഷിയിടത്തിലേക്കിറങ്ങി ബംബർ വിളവെടുപ്പിലാണ് ചേർത്തല പുത്തനന്പലം ബി. ഭാഗ്യരാജ്. 80 സെന്റ് തരിശുഭൂമി പാട്ടത്തിനെടുത്താണ് ചീരയും പച്ചമുളകും കൃഷി തുടങ്ങിയത്.
പിന്നീട് ഒന്നരയേക്കറിൽ നെയ്ക്കുന്പളവും വെണ്ടയും കൃഷി ചെയ്തു. ഇപ്പോൾ പതിനൊന്ന് ഏക്കറിൽ പച്ചക്കറി കൃഷിയുണ്ട്. സുഹൃത്തുമായി ചേർന്ന് അഞ്ചേക്കറിൽ പപ്പായക്കൃഷിയുമുണ്ട്. ഒപ്പം പച്ചക്കറി വിൽപനശാലയും. ആറു വാട്സ് ആപ് ഗ്രൂപ്പുകളിലായി രണ്ടായിരത്തിലേറെ ഉപഭോക്താക്കൾ സ്വന്തം.
മിനി സൂപ്പർ മാർക്കറ്റ് ഉൾപ്പെടെ ചേർത്തലയിലും എറണാകുളത്തും നടത്തുന്ന നാലു പച്ചക്കറി സ്റ്റാളുകളിൽ ആവശ്യക്കാരെത്തുന്നു. വെജ് ടു ഹോം വാട്സാപ്പിലൂടെ വന്ന വിസ്തൃത വിപണിയാണ് ഭാഗ്യരാജിന്റെ വിജയഘടകം. വർഷം മുഴുവനും വിഷരഹിത പച്ചക്കറികളും പഴങ്ങളും മുട്ടയും ഇറച്ചിയും വീട്ടിലെത്തിക്കാം എന്നതാണ് ഇദ്ദേഹം നൽകുന്ന ഉറപ്പ്.
ആലപ്പുഴ ജില്ലയിൽ ആഴ്ച മുഴുവനും ഉത്പന്നങ്ങളെത്തിക്കുന്പോൾ എറണാകുളത്ത് രണ്ടു ദിവസമാണ് വിപണനം. സ്റ്റോക്കുള്ള പച്ചക്കറി ലിസ്റ്റ് വാട്സ് ആപ്പിൽ ഇടേണ്ട താമസം ആവശ്യക്കാർ ഓർഡറുകൾ നൽകുകയായി.
ശുഭകേശൻ ഒരു വിസ്മയം
കഞ്ഞിക്കുഴിയിലെ വിത്ത് ഫാക്ടറിയാണ് കഞ്ഞിക്കുഴി പയർ വികസിപ്പിച്ചെടുത്ത ശുഭകേശന്റെ വീട്. എണ്പതു ഗ്രാം തൂക്കവും 37-38 ഇഞ്ച് നീളവും വരുന്ന പയർ കണ്ടുപിടിച്ചതാണ് കഞ്ഞിക്കുഴി പോളക്കാടൻ കവലയിലുള്ള കുട്ടൻചാൽവെളി ശുഭകേശന്റെ ജീവിതത്തിൽ വഴിത്തിരിവായത്.
നാട്ടിൽ പലേടങ്ങളിലായുള്ള ഏക്കർ കണക്കിന് പച്ചക്കറി വൈവിധ്യം ഒരു കാഴ്ചതന്നെയാണ്. നീളൻ പച്ചപ്പയർ വിൽക്കുന്നതിനേക്കാൾ ശുഭകേശന് ലാഭം വിത്തു വില്പനയാണ്. വിവിധയിനം പച്ചക്കറി വിത്തുകൾ ശുഭകേശൻ വീടിനോടു ചേർന്ന ഒൗട്ട്ലറ്റിലും കൊറിയറിലും തപാലിലും വിൽക്കുന്നു.
പയറിലൂടെ കഞ്ഞിക്കുഴിയുടെ പെരുമ അറിയിച്ച ഈ ജൈവകർഷകൻ ഓരോ വർഷവും ഉത്പാദിപ്പിക്കുന്നത് നാലര ക്വിൻറ്റൽ പച്ചക്കറി വിത്തുകൾ. ഇതിൽ 250 കിലോ കഞ്ഞിക്കുഴി പയർതന്നെ. ലക്ഷങ്ങളാണ് വരുമാനം. 1995 ലാണ് ശുഭകേശന്റെ ജീവിതം മാറ്റിമറിച്ച കഞ്ഞിക്കുഴി പയറിന്റെ പിറവി. ലിമാബിൻ പയറും വെള്ളായണി ലോക്കലും പരാഗണം നടത്തിയാണ് കഞ്ഞിക്കുഴി പയർ വികസിപ്പിച്ചത്.
ചിത്രം: ജോൺ മാത്യു