പക്ഷികൾ ചാകുന്ന ജതിംഗ വാലി!
Saturday, March 8, 2025 10:57 PM IST
ആയിരക്കണക്കിനു പക്ഷികളാണ് ജതിംഗ വാലിയില്‍ ഓരോ വര്‍ഷവും മണ്‍സൂണ്‍ സീസൺ അവസാനിക്കുന്പോൾ ജീവനൊടുക്കുന്നത് അല്ലെങ്കിൽ ചത്തുവീഴുന്നത്. ഇതേപ്പറ്റി പല തിയറികളും ഉണ്ടെങ്കിലും ഇതിന്റെ പിന്നിലെ യഥാര്‍ഥ വസ്തുത ഇന്നും ചുരുളഴിയാത്ത രഹസ്യം
ചില ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതാവുമ്പോഴാണ് അവിടെ ഒരു ദുരൂഹത കടന്നു വരുന്നത്. ഇങ്ങനെ ദുരൂഹത ചൂഴ്ന്നു നിൽക്കുന്ന നിരവധി സ്ഥലങ്ങൾ ലോകത്തിലുണ്ട്. ആസാമിലെ ജതിംഗ വാലി അവയിലൊന്നാണ്, മഹത്തായ പാരമ്പര്യം അവകാശപ്പെടാനുണ്ടെങ്കിലും ഇന്നു പ്രദേശം ലോകശ്രദ്ധയിലുള്ളത് പക്ഷികളുടെ ആത്മഹത്യാമുനന്പ് എന്ന പേരിലാണ്.
ആയിരക്കണക്കിനു പക്ഷികളാണ് ജതിംഗ വാലിയില്‍ ഓരോ വര്‍ഷവും മണ്‍സൂണ്‍ സീസൺ അവസാനിക്കുന്പോൾ ജീവനൊടുക്കുന്നത് അല്ലെങ്കിൽ ചത്തുവീഴുന്നത്. ഇതേപ്പറ്റി പല തിയറികളും ഉണ്ടെങ്കിലും ഇതിന്റെ പിന്നിലെ യഥാര്‍ഥ വസ്തുത ഇന്നും ചുരുളഴിയാത്ത രഹസ്യം.
ആസാമിലെ പ്രധാന നഗരമായ ഗോഹട്ടിക്ക് 330 കിലോമീറ്റര്‍ തെക്കായി ദിമ ഹസാവോ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഹാഫ്ലോംഗ് പട്ടണത്തില്‍നിന്ന് ഒമ്പതു കിലോമീറ്റര്‍ അകലെയാണ്. ഏകദേശം 25,000 ആളുകള്‍ വസിക്കുന്ന ഈ ജില്ലയിലേക്കുള്ള ട്രെയിന്‍ റൂട്ട് ലോകത്തെ ഏറ്റവും ഭീതിജനകമായ റൂട്ടുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.
ദേശാടനപ്പക്ഷികളുടെ ദുരൂഹമായ കൂട്ട മരണം ഇന്നു ജതിംഗ വാലിയെ ഒരു ഭീതിജനക പ്രദേശമാക്കി മാറ്റിയിട്ടുണ്ട്. ഓരോ വര്‍ഷവും സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ രാവിലെ ഏഴിനും പത്തിനും ഇടയിലാണ് ഈ വിചിത്ര പ്രതിഭാസം അരങ്ങേറുന്നത്. പക്ഷികളുടെ മരണം നടക്കുന്ന മാസങ്ങളില്‍ പ്രദേശത്തിന്റെ അന്തരീക്ഷം മിക്കവാറും മൂടല്‍ മഞ്ഞു നിറഞ്ഞതോ ഇരുണ്ടുമൂടിയതോ ആയാണ് കാണപ്പെടുന്നത്.
കാറ്റാണോ വില്ലൻ?
എല്ലാ ഇനത്തിൽപ്പെട്ട പക്ഷികളും ഇങ്ങനെ ചാകുന്നുണ്ട്. ടൈഗര്‍ ബിറ്റേണ്‍, പൊന്മാനുകള്, കൊക്കുകള്‍, പ്രാവുകള്‍ എന്നിങ്ങനെ വർഗഭേദമെന്യേ ഈ പ്രതിഭാസത്തിന് ഇരയാകുന്നു. ആനറാഞ്ചി പക്ഷി, പച്ച പ്രാവ്, തിത്തിരിപ്പക്ഷി, മരതക പ്രാവ്, വടക്കന്‍ ചിലുചിലുപ്പന്‍ തുടങ്ങിയ പക്ഷികള്‍ മരിക്കാൻ മാത്രമായി ഈ സമയങ്ങളില്‍ മറ്റു പ്രദേശങ്ങളില്‍നിന്ന് ഇവിടേക്കു പറന്നെത്താറുണ്ടത്രേ. നിരവധി പരിസ്ഥിതിവാദികളും പക്ഷിനിരീക്ഷകരും ഈയൊരു പ്രതിഭാസത്തെക്കുറിച്ചു പലവിധ അനുമാനങ്ങള്‍ നടത്തിയിട്ടുണ്ട്.
ഇതിൽ സുപ്രസിദ്ധ പക്ഷിനീരീക്ഷകന്‍ അന്‍വറുദീന്‍ ചൗധരി തന്റെ "ദ ബേര്‍ഡ്സ് ഓഫ് ആസാം' എന്ന പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന കാര്യം ശ്രദ്ധേയം.
മണ്‍സൂണ്‍ സീസണിന്റെ അവസാന സമയത്തു വീശുന്ന ശക്തിയേറിയ കാറ്റ് പറക്കമുറ്റാത്ത പക്ഷികളെ അസ്വസ്ഥരാക്കുകയും പറക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം പക്ഷിക്കുഞ്ഞുങ്ങള്‍ മലമുകളില്‍ സ്ഥാപിച്ച വൈദ്യുത വിളക്കുകളിലെയും മറ്റും വെളിച്ചം കാണുന്നിടത്തേക്കു പറക്കുന്നു. എന്നാൽ, അതിശക്തമായ കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മുളങ്കമ്പുകളിലും മറ്റും തട്ടി ഇവ ചാകുന്നു അല്ലെങ്കിൽ പരിക്കേറ്റു വീഴുന്നു.- ഇതാണ് അന്‍വറുദ്ദീന്‍ ചൗധരിയുടെ നിരീക്ഷണം.
കാറ്റോ കാന്തികമോ?
1960കളിൽത്തന്നെ ഈ പ്രതിഭാസം ലോകശ്രദ്ധ നേടി. അന്തരിച്ച നാച്യുറലിസ്റ്റ് ഇ.പി. ഗീ ഒരു സംഘം പ്രമുഖ പക്ഷിനിരീക്ഷകരുമൊത്ത് ഇവിടം സന്ദര്‍ശിച്ചതോടെയാണ് ലോകശ്രദ്ധയിൽ വന്നത്. ഈ ഉയര്‍ന്ന പ്രദേശത്തെ അസാധാരണ സാഹചര്യത്തിനും വേഗത്തിലുള്ള കാറ്റിനും കാരണം തുടര്‍ച്ചയായി ഉണ്ടാകുന്ന മൂടല്മഞ്ഞാണെന്നായിരുന്നു സംഘത്തിന്റെ നിരീക്ഷണം.
ഭൂഗര്‍ഭ ജലത്തിന്റെ കാന്തിക ഘടനയിലുണ്ടാകുന്ന മാറ്റം പക്ഷികളില്‍ അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും അതിനാല്‍ അവയ്ക്കു സമനില നഷ്ടമായി കമ്പിലും മരത്തിലും ചെന്നിടിക്കുന്നുവെന്നുമാണ് മറ്റൊരു തിയറി.
അതേസമയം, പ്രതിഭാസത്തെ പ്രേതകഥകളുമായി ബന്ധിപ്പിച്ചു വിശ്വസിക്കുന്ന നാട്ടുകാരുണ്ട്. ദുരാത്മാക്കളുടെ പ്രേരണമൂലമാണ് പക്ഷികള്‍ ഇങ്ങനെ ചാകുന്നതെന്നാണ് ഇക്കൂട്ടരുടെ വാദം. എന്നാല്‍, പക്ഷിനിരീക്ഷരുടെയും പരിസ്ഥിതിവാദികളുടെയും പരിശ്രമങ്ങള്‍ ഇത്തരം അന്ധവിശ്വാസങ്ങളെ ഒരു പരിധിവരെ നിര്‍മാര്‍ജനം ചെയ്യാന്‍ സഹായിച്ചിട്ടുണ്ട്.
ജതിംഗ വാലിയിലെ വീടുകളിലും വഴിയിലും സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകളുടെയും മറ്റും വെളിച്ചത്തില്‍ ആകൃഷ്ടരായി പറന്നടുക്കുന്ന പക്ഷികള്‍ ശക്തിയേറിയ കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മരങ്ങളിലും മറ്റും ചെന്നിടിച്ച് മരണം വരിക്കുകയാണെന്നാണ് കൂടുതൽ സ്വീകാര്യത കിട്ടിയിട്ടുള്ള അനുമാനം. എന്നാലും ഇവിടെ മാത്രം എന്തുകൊണ്ട് ഇങ്ങനെയെന്ന ചോദ്യം അപ്പോഴും ബാക്കി...
അജിത് ജി. നായർ