പ്രകാശംപരത്തുന്ന കുട്ടി (ഹാര്‍മോണിയം)
Saturday, March 1, 2025 8:54 PM IST
കുട്ടിക്കാലത്തുതന്നെ അസാമാന്യ പ്രതിഭാവിലാസം തൊട്ടനുഗ്രഹിക്കുന്നവരുണ്ട്. രൂപവും വലിപ്പവും കണ്ടാലറിയില്ല എത്ര മഹത്തരമാണ് അവരുടെ കഴിവെന്ന്. അങ്ങനെ വളര്‍ന്നുവലുതായ സംഗീതകാരനാണ് പ്രകാശ് ഉള്ള്യേരി - കോഴിക്കോട്ടെ ഒരു ചെറിയ ഗ്രാമത്തില്‍നിന്നു വിരല്പ്പെരുക്കവുമായി ലോകമെങ്ങുമെത്തിയ ഹാര്‍മോണിയം, കീബോര്‍ഡ് വാദകന്‍. ഇപ്പോള്‍ വേദികളില്‍ പ്രകാശിനൊപ്പം ഒരു "കുട്ടി'യുണ്ട്...
പതിനായിരക്കണക്കിനു ശ്രോതാക്കളുള്ള സംഗീതവേദി. പരിപാടിക്കിടെ സംഗീതജ്ഞന് മടിയിലൊരു കൊച്ചു ഹാര്‍മോണിയവുമായി വേദിയുടെ മുന്‍ഭാഗത്തേക്കു കടന്നിരിക്കുന്നു.
നിങ്ങള്‍ക്ക് ഇനിയെന്താണ് കേള്‍ക്കേണ്ടത്?- ചോദ്യം ശ്രോതാക്കളോടാണ്. അങ്ങനെയൊരു ചോദ്യം ചോദിക്കാന്‍ അത്യാവശ്യം നല്ല ആത്മവിശ്വാസം വേണം, പാട്ടുകളെക്കുറിച്ച് ആഴത്തിലുള്ള അറിവും അനുഭവജ്ഞാനവും വേണം.
പിന്നീടു കേള്‍ക്കുന്നത് ശ്രോതാക്കള്‍ ആവശ്യപ്പെടുന്ന പാട്ടുകളോരോന്നും ആ കൊച്ചു ഹാര്മോണിയത്തില്നിന്നു ശ്രുതിസുന്ദരമായി ഒഴുകിവരുന്നതാണ്. കഷ്ടിച്ചു വിരല്തൊടാവുന്ന അതിന്റെ കുഞ്ഞു കീകളില്‍ ചിരിച്ചുപായുന്നത് പ്രകാശ് ഉള്ള്യേരിയുടെ വിരലുകളാണ്!
കുട്ടിഹാര്മോണിയം
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഹാര്‍മോണിയം വാദകന്‍ പ്രകാശ് ഉള്ള്യേരിക്കു പഞ്ചാബില്‍നിന്നുള്ള സുഹൃത്ത് ഒരു മിനി ഹാര്‍മോണിയം നല്‍കുന്നത്.
രണ്ടര ഒക്ടേവുള്ള, മടിയില്‍ ഒതുങ്ങിയിരിക്കാന്‍ മാത്രം വലിപ്പമുള്ള പെട്ടി. വലിയ സംഗീതവേദികളില്‍ അത്രയ്ക്കു സാധ്യതകളൊന്നും ആ ഉപകരണത്തിനില്ലെന്നതാണ് യാഥാര്‍ഥ്യം.
എന്നാല്‍, ഇന്ന് ആ മിനി ഹാര്‍മോണിയം ലോകപ്രശസ്തമാണ്. പ്രകാശ് കീബോര്‍ഡും ഹാര്‍മോണിയവുമായി എത്തുന്ന വേദികളില്‍ ശ്രോതാക്കള്‍ ഈ മിനി ഹാര്‍മോണിയത്തെ ചോദിച്ചു കേട്ടുതുടങ്ങിയിരിക്കുന്നു. ഹര്‍ഷാരവത്തോടെ സ്വീകരിക്കുന്നു.
മിനി ഹാര്മോണിയത്തെക്കുറിച്ച് പ്രകാശ് ഉള്ള്യേരി പറയുന്നതിങ്ങനെ: വലിയ വേദികളില്‍ റിസ്കാണ് ഇതു വായിക്കാന്‍. പവറില്‍ വായിക്കാന്‍ പറ്റില്ല. അതിനാലാണ് ഞാനിതിനെ കുട്ടി എന്നു വിളിച്ചുതുടങ്ങിയത്. സാധാരണ ഹാര്‍മോണിയം വായിക്കുന്ന ശക്തിയോടെ വായിച്ചാല്‍ ഇതു പൊട്ടിപ്പോകും.
വോള്യം കണ്ട്രോള് ചെയ്ത്, ബെല്ലോസ് പവര്‍ കണ്ട്രോ ള്ചെയ്തുവേണം ഉപയോഗിക്കാന്‍.. അല്ലെങ്കില്‍ ഒരൊറ്റ പരിപാടിയോടെ ഇതു തരിപ്പണമായിപ്പോകും. സിംഗിള്‍ റീഡാണ്. പണ്ടത്തെ ശ്രുതിപ്പെട്ടിയുടെ കപ്പാസിറ്റിയില്‍ കുറച്ചു കീകള്‍ കൂട്ടിച്ചേര്‍ത്തു എന്നുപറയാം.
ഇത്രയും ആളുകള്‍ക്കിടയിലേക്ക് ഇതുമായിപ്പോകുമ്പോള് വളരെ സൂക്ഷിച്ചേ കൈകാര്യംചെയ്യാന്‍ പറ്റുള്ളൂ. സാധാരണ ഹാര്മോണിയത്തിന് മൂന്നു റീഡുകളെങ്കിലും ഉണ്ട്. ബോഡിയും ശക്തമാണ്. ഇതാകട്ടെ ഏതാണ്ടു മൂന്നു കിലോ തൂക്കമേയുള്ളൂ. കുട്ടി ഹാര്‍മോണിയത്തെ സംഗീതപ്രേമികള്‍ ഇഷ്ടപ്പെടുന്നുവെന്നത് വലിയ സന്തോഷമാണ്.
സകലസംഗീതം
ഇന്ത്യന്‍ സംഗീതത്തിന് ഹാര്‍മോണിയം അനാവശ്യമാണെന്ന ചിന്ത ഉയര്‍ന്നുവന്ന ഒരു കാലമുണ്ടായിരുന്നു. പാശ്ചാത്യമായതൊന്നും ഇവിടെ പാട്ടില്‍ കൂട്ടിയിണക്കേണ്ട എന്ന വികാരമായിരുന്നു അതിനു പിന്നില്‍.
രാഗങ്ങളില്‍ വ്യാപകമായുള്ള ഗമകങ്ങള്‍, സ്ലൈഡുകള്‍ എന്നിവ സാരംഗിയിലോ സരോദിലോ എന്ന പോലെ ഹാര്‍മോണിയത്തില്‍ വായിക്കാനാവില്ലെന്ന സാങ്കേതിക പ്രശ്നവും ഉണ്ടായിരുന്നു. ഇങ്ങനെ പലവിധ ആശയക്കുഴപ്പങ്ങളാല്‍ പതിറ്റാണ്ടുകളോളം ആകാശവാണിയില്‍ ഹാര്‍മോണിയത്തിനു വിലക്കും നേരിടേണ്ടിവന്നു.
ഇതിനെയെല്ലാം മറികടന്നാണ് ഇന്ത്യന്‍ സംഗീതലോകത്തു ഹാര്‍മോണിയം വീണ്ടും സുന്ദരസ്വരം കേള്‍പ്പിച്ചുതുടങ്ങിയത്. പ്രഗത്ഭരുടെ ഒരു നിരതന്നെ ഹാര്‍മോണിയത്തിനു കൂട്ടാവുകയും ചെയ്തു. രാജ്യത്തെ ഒരുവിധ എല്ലാ സംഗീതരൂപങ്ങള്ക്കൊപ്പം ഹാര്‍മോണിയവുമായി സഞ്ചരിക്കാന്‍, പലയിടത്തും മുന്നില്‍നിന്നു നയിക്കാന്‍ കഴിഞ്ഞുവെന്നതാണ് പ്രകാശ് ഉള്ള്യേരിയെ വ്യത്യസ്തനാക്കുന്നത്.
ഹാര്‍മോണിയം ശാസ്ത്രീയ സംഗീതക്കച്ചേരികള്‍, ജുഗല്‍ബന്ദികള്‍, ഫ്യൂഷനുകള്‍, ഗസലുകള്‍ക്ക് അകമ്പടി, ചലച്ചിത്രഗാനങ്ങള്‍ക്കു വേണ്ടിയുള്ള റിക്കാര്‍ഡിംഗ് തുടങ്ങിയവയ്ക്കൊപ്പം ഒട്ടേറെപ്പേരെ ഹാര്‍മോണിയം അഭ്യസിപ്പിക്കാനും പ്രകാശ് സമയം കണ്ടെത്തുന്നു.
ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തില്‍ എട്ടു തവണ എ ടോപ്പ് ഹാര്‍മോണിയം കച്ചേരികള്‍ നടത്തി. സൂര്യ, സ്വരലയ, തുരീയം ഫെസ്റ്റുകളില്‍ പ്രകാശിന്റെ ഹാര്‍മോണിയം പതിവുസാന്നിധ്യമാണ്. ചെമ്പൈയുടെ ജന്മവാര്ഷികവേളകളില് അദ്ദേഹത്തിന്റെ വീട്ടിലും കച്ചേരി നടത്തുന്നു.
അനശ്വരരായ കദ്രി ഗോപാല്‍നാഥ്, മാന്‍ഡലിന്‍ ശ്രീനിവാസ്, ഉസ്താദ് സാക്കിര്‍ ഹുസൈന്, പങ്കജ് ഉദാസ് എന്നിവര്‍ക്കൊപ്പം വേദിയിലെത്തിയിട്ടുണ്ട്. ഹരിഹരന്, ശിവമണി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, രാജേഷ് വൈദ്യ, പുര്‍ബയാന്‍ ചാറ്റര്‍ജി, ശങ്കര്‍ മഹാദേവന്, രവി ചാരി, അശ്വിന് ശ്രീനിവാസ്, പാലക്കാട് ശ്രീറാം തുടങ്ങിയ പ്രതിഭകളുടെ വലിയ നിരയ്ക്കൊപ്പം ഇന്നു പ്രകാശ് ഉള്ള്യേരിയുടെ ഹാര്‍മോണിയവും കീബോര്‍ഡും ഉണ്ട്, ഒപ്പം കുട്ടിഹാര്മോണിയവും. ചെണ്ട, മദ്ദളം, തിമില എന്നിവയ്ക്കൊപ്പം ഹാര്‍മോണിയം സുന്ദരമായി ശ്രുതിചേരുന്നത് പ്രകാശ് കേള്‍പ്പിച്ചുതരുന്നു.
മട്ടന്നൂരിന്റെ ചെണ്ടയും ഹാര്‍മോണിയവും ചേരുന്ന ദ്വയ എന്ന പേരുള്ള ഫ്യൂഷന്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ വേദികളില്‍ അവതരിപ്പിച്ചു. പ്രകാശിന്റെ ഇത്രയും വിശാലമായ സംഗീതലോകത്ത് ഒരു പുതുപ്രതിഭാസമായി കുട്ടിഹാര്മോണിയം മാറുകയായിരുന്നു.
പുതിയ തലമുറയിലേക്ക്
പ്രകാശിന്റെ ഹാര്മോണിയംവായനകണ്ട് ഈ രംഗത്തേക്കു വന്നവര്‍ ഒട്ടേറെ. പാലക്കാട്ടെ തത്വ മ്യൂസിക് സൊല്യൂഷന്‍സ് എന്ന സ്വന്തം സ്ഥാപനത്തില്‍ സമയംപോലെ ഹാര്‍മോണിയം പഠിപ്പിക്കുന്നുണ്ട്. പ്രതിഭയും ആത്മാര്‍ഥതയുമുള്ള ശിഷ്യന്മാര് പലരും മിടുക്കന്മാരായി വളരുന്നതില്‍ അഭിമാനം.
എസ്പിബിയുടെയും പി. ജയചന്ദ്രന്റെയുമൊക്കെ പാട്ടുകള്‍ കുട്ടിഹാര്മോണിയത്തില്നിന്ന് ഒഴുകിവരുമ്പോള്‍ നിറകണ്ണുകളോടെ ഹൃദയത്തിലേറ്റു വാങ്ങുന്ന പുതുതലമുറക്കാരടക്കമുള്ള സംഗീതപ്രേമികള്‍ പ്രകാശിന്റെ മനസു നിറയ്ക്കും. വേദികളിലെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം മണ്മറഞ്ഞ പ്രതിഭകള്‍ക്കുള്ള ആദരമായി അണയ്ക്കുമ്പോള്‍ ഹാര്‍മോണിയം പാട്ടിന്റെ പ്രകാശം പരത്തുന്നു...
ഹരിപ്രസാദ്