കരുനീക്കം കളറാക്കാൻ നെയ്തൽ...
Saturday, March 1, 2025 8:51 PM IST
ആലപ്പുഴ സ്വദേശി ഏഴു വയസുകാരൻ നെയ്തൽ അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ (ഫിഡെ) ലോക കേഡറ്റ് ആൻഡ് റാപ്പിഡ് യൂത്ത് ചെസ് ചാന്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള തയാറെടുപ്പിൽ. നേരന്പോക്കിനു തുടങ്ങിയ ചെസ് നേരായി മാറിയ കഥ കേൾക്കാം. ചെസിന്റെ മൂന്നു വിഭാഗങ്ങളിലും ഫിഡെ റേറ്റിംഗ് നേടിയ കുഞ്ഞിപ്പയ്യൻ വിജയഗാഥ പറയുന്പോഴും ചില സങ്കടങ്ങൾ ബാക്കി, അതത്ര കുഞ്ഞല്ല താനും.
എല്ലാവരെയും വീട്ടിലടച്ച കോവിഡ് കാലം. കോവിഡ് കാലമാണെങ്കിലും പഞ്ചായത്ത് ഉദ്യോഗസ്ഥൻ എന്ന നിലയിൽ ആലപ്പുഴ സ്വദേശി ധീരേഷ് അൻസേര പതിവുപോലെ ഒാഫീസിൽ പോയിരുന്നു. ഒരു ദിവസം ഒാഫീസിൽ പോയിട്ട് വീട്ടിലേക്കു തിരികെയെത്തുന്പോൾ സിറ്റൗട്ടിൽത്തന്നെ കുഞ്ഞ് നെയ്തൽ ആവേശത്തോടെ നിൽക്കുന്നു.
എന്തോ വിശേഷം പറയാനാണ് ആ നിൽപ്പെന്നു കാണുന്പോൾത്തന്നെ അറിയാം. വീട്ടിലേക്കു കയറിയതും വലിയ ആഹ്ലാദത്തോടെ നെയ്തൽ പറഞ്ഞു, ചേട്ടനെ ഞാൻ തോല്പിച്ചു... അവന്റെ സന്തോഷവും ആവേശവും കണ്ടപ്പോഴാണ് ധീരേഷ് അക്കാര്യം ഒാർത്തത്.
ബോറടി മാറ്റാൻ
കോവിഡ്കാലത്തെ ബോറടി മാറ്റാൻ മക്കൾക്ക് ഒരു ചെസ് ബോർഡ് വാങ്ങി നൽകിയിരുന്നു. കരുക്കളുടെ നീക്കം എങ്ങനെയൊക്കെ വേണമെന്നും പറഞ്ഞുകൊടുത്തു. നേരമ്പോക്ക് എന്നാണ് കരുതിയതെങ്കിലും കളി കാര്യമാവുകയാണെന്ന് ധീരേഷിനു മനസിലായി. നിർമലും നെയ്തലും കളിയെ ഗൗരവത്തോടെയെടുത്തു.
ദിവസങ്ങൾക്കൊണ്ടുതന്നെ കുഞ്ഞു നെയ്തൽ ചെസിൽ വലിയ മികവ് കാട്ടി. മാത്രമല്ല, ചെസ് കളി എന്നു കേൾക്കുന്പോൾത്തന്നെ ആവേശത്തോടെ അവൻ ഒാടിയെത്തും. ഇതോടെ നെയ്തൽ പഠിക്കുന്ന ആലപ്പുഴ മാതാ സ്കൂൾ അധികൃതരും പരിശീലകനും നെയ്തലിന്റെ കരുനീക്കത്തിൽ കണ്ണുവച്ചു. പിന്നെ നെയ്തലിനു മുന്നിൽ കളങ്ങൾ കളറാകുന്നതാണ് കണ്ടത്.
16 ചാന്പ്യൻപട്ടം
പരിശീലന സമയത്ത് മികവുകണ്ട് നെയ്തലിനെ മത്സരത്തിന് ഇറക്കാൻ സ്കൂൾ അധികൃതരും പരിശീലകനും തീരുമാനിച്ചു. അങ്ങനെ കഴിഞ്ഞ വർഷം ഫെബ്രവരിയിൽ കൊച്ചിയിൽ നടന്ന മത്സരത്തിൽ സ്കൂൾ ടീം ഇനത്തിൽ പങ്കെടുത്തു. ബോർഡ് വിന്നർ എന്ന ബഹുമതിയുമായിട്ടായിരുന്നു മടക്കം.
ഒരു ബോർഡിൽ കളിച്ച എല്ലാ മത്സരത്തിലും ജയിച്ചതിനായിരുന്നു ഈ സമ്മാനം. ഇതോടെ പ്രഫഷണൽ മത്സരങ്ങളിലേക്കു നെയ്തലിനെ കൊണ്ടുപോകാൻ വീട്ടുകാർക്കും ആത്മവിശ്വാസമായി. പിന്നെ മത്സരങ്ങളുടെ കാലം. കഴിഞ്ഞ ഒറ്റ വർഷത്തിനിടയിൽ 36 ചാന്പ്യൻഷിപ്പുകളിൽ മത്സരിച്ചു. 16 എണ്ണത്തിൽ ചാമ്പ്യൻ.
അത്രത്തോളം എണ്ണം മത്സരങ്ങളിൽ റണ്ണറപ്പ്. ഈ ഒരൊറ്റ വര്‍ഷംകൊണ്ടുതന്നെ ചെസിന്റെ മൂന്നു വിഭാഗങ്ങളിലും രാജ്യാന്തര ചെസ് ഫെഡറേഷന്റെ(ഫിഡെ) റേറ്റിംഗും കുഞ്ഞു നെയ്തലിനെ തേടിയെത്തി. ആഗോള തലത്തിലുള്ള ഒരു ചെസ് ചാന്പൻഷിപ്പിൽ കരുനീക്കുകയെന്ന സ്വപ്നത്തിനായി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് നെയ്തൽ.
ഏപ്രില്‍ 12 മുതല്‍ 18 വരെ ഗ്രീസില്‍ നടക്കുന്ന അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ (ഫിഡെ) വേള്‍ഡ് കേഡറ്റ് ആന്‍ഡ് യൂത്ത് റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ എട്ടുവയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ പങ്കെടുക്കാനാണ് നെയ്തല്‍ യോഗ്യത നേടിയിരിക്കുന്നത്.
നേട്ടങ്ങളുടെ കളത്തിൽ
2024ൽ കേരള ചെസ് അസോസിയേഷന്റെയും സ്പോര്‍ട്സ് കൗണ്‍സിലിന്റെയും ഏഴു വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തിലെ ജില്ലാ ചാമ്പ്യനായതോടെയാണ് നെയ്തലിനെ ചെസ് രംഗത്തു പലരും ശ്രദ്ധിക്കുന്നത്.
തുടർന്നു തൃശൂരില്‍ നടന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം. മധുരയില്‍ നടന്ന ഫിഡെയുടെ നാഗര്‍കോവില്‍ ഇന്റര്‍നാഷണല്‍ റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്സ് ചാമ്പ്യന്‍ഷിപ്പില്‍ ചാന്പ്യൻഷിപ്പിന്റെ മധുരം. ആഥന്‍സ് ഓഫ് ദ ഈസ്റ്റ് ഇന്റര്‍ നാഷണല്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനം,
സെപറ്റംബറില്‍ മൈസൂരുവില്‍ നടന്ന ഓള് ഇന്ത്യ ചെസ് ഫെഡറേഷന്റെ അണ്ടര്‍ സെവന് ദേശീയ ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തിലൂടെയാണ് ലോക ചാമ്പ്യന്‍ഷിപ്പിലേക്കു യോഗ്യത നേടിയത്. ഇതിനു പുറമേ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും പങ്കെടുക്കാനുള്ള യോഗ്യതയും കുഞ്ഞു നെയ്തല്‍ സ്വന്തമാക്കി.
ആരുണ്ട് സഹായിക്കാൻ?
നെയ്തൽ നേട്ടങ്ങളിലേക്കു കുതിക്കുകയാണെങ്കിലും മകനെ അന്താരാഷ്ട്ര മത്സരങ്ങൾക്കു കൊണ്ടുപോകുന്പോഴുള്ള ഭാരിച്ച ചെലവുകളാണ് കുടുംബത്തെ അലട്ടുന്നത്. ആര്യാട് ഗ്രാമപ്പഞ്ചായത്ത് ഹെഡ് അക്കൗണ്ടന്റാണ് അച്ഛന് ധീരേഷ് അന്സേര.
ചേര്‍ത്തല എസ്എന്‍ കോളജ് കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രഫസറായ (ഗസ്റ്റ്) അമ്മ സിമിയും ചേട്ടന് നിര്‍മല്‍ ഡി. അന്‍സേരയും നെയ്തലിനു പിന്തുണയുമായി ഒപ്പമുണ്ട്. ഗ്രീസിലെ ചാന്പൻഷിപ് രജിസ്ട്രേഷനു വേണ്ടി മാത്രം ഒന്നേകാൽ ലക്ഷം രൂപ ചെലവാക്കേണ്ടി വന്നു. യാത്രാച്ചെലവിനും താമസത്തിനുമെല്ലാംകൂടി എഴ്-എട്ട് ലക്ഷം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
സർക്കാർ സഹായമോ സ്പോൺസർമാരെയോ കിട്ടിയില്ലെങ്കിൽ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് കുടുംബം. കേരളവും കണ്ണു തുറക്കണം കേരളത്തിൽ ഇനിയും ചെസിന്റെ സാധ്യതകളെക്കുറിച്ചോ അതിലെ താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചോ കാര്യമായ ചിന്ത വന്നിട്ടില്ലെന്നു കുടുംബം പറയുന്നു.
അതേസമയം, തമിഴ്നാട് ഈ രംഗത്തു വലിയ പ്രോത്സാഹനമാണ് നൽകുന്നത്. വിശ്വനാഥന് ആനന്ദ്, പ്രഗ്യാനന്ദ, ഡി. ഗുഗേഷ്, വൈശാലി... നമുക്ക് അറിയാവുന്ന പ്രശസ്ത ചെസ് താരങ്ങളെല്ലാം തമിഴ്നാട്ടിൽനിന്ന് ഉയർന്നുവരാനുള്ള കാരണവും അവിടെ ലഭിക്കുന്ന പിന്തുണയാണ്.
കേരളത്തിലും മികച്ച ചെസ് പ്രതിഭകളുണ്ടെങ്കിലും സാന്പത്തികം പോലുള്ള കാര്യങ്ങളിൽ തട്ടി പലർക്കും മുന്നോട്ടുപോകാനാവാത്ത സ്ഥിതിയാണ്. തീര്‍ച്ചയായും കേരള സര്‍ക്കാരും ചെസ് അസോസിയേഷനുകളും അക്കാഡമികളുമൊക്കെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് നെയ്തലും കുടുംബവും.
വ്യക്തിപരമായി ചോദിച്ചാൽ ആരെങ്കിലും സഹായിക്കാൻ തയാറായേക്കുമെങ്കിലും സർക്കാരും സംഘടനകളും നൽകുന്ന ഒൗദ്യോഗിക സഹായത്തിനാണ് മുൻഗണനയെന്ന് ഇവർ പറയുന്നു. അപ്പോഴാണ് അതു കേരള ചെസിനു ഗുണമായി മാറുന്നതെന്നും ഇവർ വിശ്വസിക്കുന്നു.
നെയ്തൽ ഞങ്ങളുടെ അഭിമാനം
ആലപ്പുഴ മാതാ സീനിയർ സെക്കൻഡറി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ നെയ്തൽ ഡി. അൻസേര ഗ്രീസിൽ നടക്കുന്ന ഫിഡെ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയെന്നത് ഞങ്ങൾക്ക് അഭിമാനകരമാണ്.
പഠന പാഠ്യേതര രംഗത്ത് ഒരുപോലെ തിളങ്ങുന്ന നെയ്തലിനു ചെസ് രംഗത്തു വലിയ ഭാവിയുണ്ട്. കെ.ജി ക്ലാസ് മുതൽ കണക്കിനോട് അവനു പ്രിയമുണ്ട്. മനക്കണക്കിലൂടെ ഉത്തരം കണ്ടെത്താനുള്ള അനിതരസാധാരണമായ ഒരു കഴിവ് ടീച്ചർമാർ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
നെയ്തലിന് എല്ലാ ആശംസയും നേരുന്നതിനൊപ്പം സർക്കാരും സംവിധാനങ്ങളും പിന്തുണ നൽകണമെന്നും അഭ്യർഥിക്കുന്നു.
ഫാ. രഞ്ജിത്ത് മഠത്തിപ്പറമ്പിൽ
മാനേജർ, മാതാ സീനിയർ
സെക്കൻഡറി സ്കൂൾ, ആലപ്പുഴ
സന്ദീപ് സലിം