സത്രത്തിലെ സൂത്രങ്ങൾ ഇതൊരു പ്രേതകഥ
Saturday, February 15, 2025 8:39 PM IST
പ്രേതകഥകളിൽ ആളുകള്‍ എപ്പോഴും തത്പരരാണ്. ചിലർക്ക് ഇതൊരു കൗതുകവും മറ്റു ചിലർക്കു ഭീതിയും. ഭീതിപ്പെടുത്തുന്ന പ്രേതനഗരങ്ങള്തന്നെ ലോകത്തിന്റെ പലഭാഗത്തുമുണ്ട്.
അങ്ങനെ പ്രേതകഥകൾ പാറിനടക്കുന്നതാണ് ഡല്‍ഹിയിലെ ജന്ദേവാലനിലുള്ള ഭൂലി ഭട്ടിയാരി കാ മഹല്‍ എന്ന മന്ദിരം. ഡല്‍ഹിയുടെ ഹൃദയഭാഗത്തുള്ള ഈ പുരാതന സത്രം 14-ാം നൂറ്റാണ്ടില്‍ തുഗ്ലക് രാജവംശത്തിലെ പ്രമുഖനായ ഫിറോസ് ഷാ തുഗ്ലക് പണികഴിപ്പിച്ചതാണെന്നു കരുതപ്പെടുന്നു.
1351 മുതല്‍ 1388 വരെയായിരുന്നു സുല്‍ത്താന്‍ ഫിറോസ് ഷാ തുഗ്ലക്കിന്റെ ഭരണകാലം. ചരിത്രപ്രാധാന്യത്തേക്കാൾ ഭീതിജനകമായ അന്തരീക്ഷത്തിന്റെയും പ്രേതകഥകളുടെയും പേരിലാണ് ഇന്നു ഭൂലി ഭട്ടിയാരി കാ മഹല്‍ അറിയപ്പെടുന്നത്. സുല്‍ത്താനും പരിവാരങ്ങള്‍ക്കും നായാട്ട് സമയത്തു വിശ്രമിക്കാൻ നിർമിച്ച മന്ദിരമാണിത്.
പേരിനു പിന്നിലെ സ്ത്രീ
സത്രത്തിന് ഭൂലി ഭട്ടിയാരി എന്ന പേരു വന്നതിനെക്കുറിച്ചും പല കഥകളും പ്രചാരത്തിലുണ്ട്. ഒരിക്കല്‍ ഒരു സ്ത്രീ കൊടുങ്കാട്ടില്‍ വഴി തെറ്റി ഈ സത്രത്തിനു സമീപമെത്തി. രക്ഷ തേടി സത്രത്തിനുള്ളില്‍ പ്രവേശിച്ച അവര്‍ കുറച്ചു നാള്‍ക്കു ശേഷം സത്രത്തിനുള്ളില്‍ മരിച്ചു.
ആ സ്ത്രീയുടെ പ്രേതാത്മാവിന്റെ സാന്നിധ്യം അവിടെയുണ്ടെന്നാണ് പ്രധാന കഥ. ഭൂലി ഭട്ടിയാരി എന്നാല്‍ മറക്കപ്പെട്ട സ്ത്രീ എന്നാണ് അര്‍ഥം. അങ്ങനെയാണ് മന്ദിരത്തിന് ആ പേര് കിട്ടിയതെന്നു കരുതപ്പെടുന്നു. അതേസമയം, ഭട്ടി രജപുത്ര രാജവംശത്തില്നിന്നാണ് സത്രത്തിന് ഈ പേര് ലഭിച്ചതെന്നു കരുതുന്നവരുമുണ്ട്.
പരുക്കന്‍ കല്ലുകള്‍ ചേര്‍ത്തു ഭിത്തി നിര്‍മിക്കുന്ന തുഗ്ലക് വാസ്തുശൈലിയാണ് ഭൂലി ഭട്ടിയാരിയുടെ നിര്‍മാണത്തിന് അവലംബിച്ചിരിക്കുന്നത്. ഉയര്‍ന്ന മതിലുകളും കമാനാകാരമായ കവാടങ്ങളും താഴികക്കുടങ്ങളും മറ്റ് തുഗ്ലക് സ്മാരകങ്ങളെ അനുസ്മരിപ്പിക്കുന്നു.
കോട്ടകളുടേതിനു സമാനമായി രണ്ടു പ്രധാന കവാടങ്ങളും ഭൂലി ഭട്ടിയാരിക്കുണ്ട്. ഇന്നു തകര്‍ന്ന നിലയിലുള്ള സത്രം ജന്ധേവാലനിലെ സെന്‍ട്രല്‍ റിഡ്ജ് ഫോറസ്റ്റിനുള്ളിലാണ് സ്ഥിതിചെയ്യുന്നത്.
സത്രത്തില്‍ വിചിത്രമായ ശബ്ദങ്ങളും പിറുപിറുക്കലും കേള്‍ക്കാമെന്നും ആരുടെയൊക്കെയോ അജ്ഞാത സാന്നിധ്യം അനുഭവപ്പെടാറുണ്ടെന്നും പ്രദേശവാസികൾ അവകാശപ്പെടുന്നു.
ജമാലി കമാലിക്കും ആഗ്രസേന് കാ ബാവലിക്കുമൊപ്പം ഡല്‍ഹിയിലെ ഏറ്റവും പേടിപ്പെടുത്തുന്ന പ്രദേശങ്ങളുടെ പട്ടികയിലാണ് ഭൂലി ഭട്ടിയാരി കാ മഹലിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അജിത് ജി. നായർ