ഫ്രാൻസിസ് അസീസിയുടെ പ്രശസ്തമായ സൂര്യകീർത്തനം വിരചിതമായിട്ട് എട്ട് നൂറ്റാണ്ട്. അതിന്റെ ബഹുമാനാർഥം റോമൻ മ്യൂസിയം സംഘടിപ്പിച്ചിരിക്കുന്ന പ്രകൃതി ശാസ്ത്രപ്രദർശനം ലോകശ്രദ്ധ നേടുന്നു.
നീണ്ട എണ്ണൂറ് വർഷങ്ങൾ, ഇപ്പോഴും അതേ പച്ചപ്പിൽ ആ സൂര്യഗീതം. ഇക്കാലത്ത് അതിനു പ്രസക്തിയേറിവരുന്നു എന്നുള്ളതാണ് യാഥാർഥ്യം. വിശുദ്ധ ഫ്രാൻസിസ് അസിസിയുടെ സഹജീവിസ്നേഹത്തിനും പ്രകൃതിസ്നേഹത്തിനും കാലത്തിന്റെ കൈയൊപ്പ്.
ഫ്രാൻസിസ് അസീസിയുടെ പ്രശസ്തമായ സൂര്യസങ്കീർത്തനം വിരചിതമായതിന്റെ എണ്ണൂറാം വാർഷികത്തെ വരവേൽക്കാൻ റോമൻ മ്യൂസിയം സംഘടിപ്പിച്ചിരിക്കുന്ന വേറിട്ട പ്രദർശനം ഇതിനകം ലോകശ്രദ്ധ നേടിക്കഴിഞ്ഞു.
1224ലെ കൈയെഴുത്തുപ്രതി
"ലൗദാത്തോ സി' എന്ന പേരിൽ റോമൻ മ്യൂസിയം (മുസെയോ ദി റോമാ) സംഘടിപ്പിച്ചിരിക്കുന്ന പ്രകൃതിശാസ്ത്ര പ്രദർശനമാണ് ഇപ്പോൾ ലോകശ്രദ്ധ നേടിയിരിക്കുന്നത്.
സൂര്യചന്ദ്രാദികളെയും പ്രകൃതിയെയും സഹോദരതുല്യം സ്നേഹിച്ച വിശുദ്ധൻ. "രണ്ടാം ക്രിസ്തു' എന്ന അപരനാമം നേടിയെടുത്ത ഫ്രാൻസിസ് 1224ൽ സ്വന്തം കൈപ്പടയിലെഴുതിയ പ്രപഞ്ചകീർത്തനം ചരിത്രത്തിൽ ആദ്യമായാണ് പരസ്യമായി പ്രദർശിപ്പിക്കപ്പെടുന്നത്.
2025 മഹാജൂബിലിയോടനുബന്ധിച്ചുകൂടിയാണ് ഇറ്റാലിയൻ ഭാഷയിൽ ഇന്നു നിലവിലുള്ള ഏറ്റവും പഴക്കമേറിയ ഈ കൈയെഴുത്തുപ്രതി, ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
മധ്യ കാലഘട്ടങ്ങളിലെ ശസ്ത്രക്രിയാ രീതികളും പ്രകൃതി പരിപാലനവും ഉൾപ്പെടെ ജീവശാസ്ത്രപരമായി വളരെ പഴക്കവും മൂല്യവുമുള്ള 93 കൈയെഴുത്തുപ്രതികൾകൂടി പ്രകൃതിഗീതത്തോടൊപ്പം പ്രദർശനത്തിനുണ്ട്.
ലൗദാത്തോ സി
അസീസിയിലെ മുൻസിപ്പൽ ലൈബ്രറിയുടെ സംരക്ഷണയിലായിരുന്ന ഈ അമൂല്യ ശേഖരം പ്രദർശനത്തിനൊരുക്കിയിരിക്കുന്നത് ഡോ. പൗളോ കപ്പിത്താനുച്ചി എന്ന ശാസ്ത്രകാരന്റെ നേതൃത്വത്തിലാണ്.
ക്രിസ്തുവിനു ശേഷം പത്തും പതിനൊന്നും നൂറ്റാണ്ടുകളിൽ പോലും കത്തോലിക്കാ സഭ ശാസ്ത്ര ലോകത്തിനു നൽകിയ വിലയേറിയ സംഭാവനകൾ ഈ പ്രദർശനത്തിലൂടെ വെളിപ്പെടുന്നുണ്ടെന്നും പ്രകൃതി പരിപാലനത്തിനു വളരെയേറെ പ്രാധാന്യം നൽകുന്ന ഫ്രാൻസിസ് മാർപാപ്പയുടെ കാലത്തുതന്നെ ഇതൊരുക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും പ്രദർശനത്തിന്റെ മേൽനോട്ടം വഹിക്കുന്ന മരിയ റഫായേല പറഞ്ഞു.
പ്രകൃതിയുമായി മനുഷ്യനുണ്ടായിരിക്കേണ്ട സൗഹാർദപരമായ ബന്ധത്തെ ഊന്നിപ്പറയുന്ന "ലൗദാത്തോ സി'' എന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേഖനം ലോകമെമ്പാടും ചർച്ചയായിരുന്നു.
ഇറ്റലിയിൽ നടന്ന ജി20 ഉച്ചകോടിയിൽ രാഷ്ട്രത്തലവന്മാരെ അഭിസംബോധന ചെയ്തു സംസാരിക്കവേ "നമ്മുടെ വീടാണ് ഈ പ്രകൃതിയെന്നും വീട് നഷ്ടപ്പെട്ടാൽ എല്ലാം നഷ്ടമാകുമെന്നും'' അദ്ദേഹം ഓർമിപ്പിച്ചിരുന്നു.
പ്രകൃതിയെയും പുഴയെയും കാറ്റിനെയും സഹോദരീ എന്നു വിളിച്ചു സ്നേഹിച്ച അസീസിയിലെ ഫ്രാൻസിസിനെ പ്രകൃതിസ്നേഹത്തിന്റെ ഉത്തമ മാതൃകയായും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. 2025 ജനുവരി ആറു വരെ നിശ്ചയിച്ചിരുന്ന പ്രദർശനം സന്ദർശക ബാഹുല്യം നിമിത്തം മാർച്ച് വരെ സംഘാടകർ നീട്ടിയിട്ടുണ്ട്.
ഫാ. പ്രിൻസ് തെക്കേപ്പുറം സിഎസ്എസ്ആർ