കാനഡയില്‍ നടന്ന മോളിക്യുലാര്‍ പാത്തോളജി ലോകസമ്മേളനത്തില് ജീൻ മ്യൂട്ടേഷൻ സംബന്ധിച്ചു ഗവേഷണ പോസ്റ്റര്‍ പ്രസന്റേഷന് നടത്തിയ ഏക ഇന്ത്യന്‍ വനിതയായി ഡോ. രോഹിണി സെബാസ്റ്റ്യൻ. അർബുദ രോഗത്തിനു പുതിയ ചികിത്സാ സാധ്യതകൾ തേടുന്ന ഗവേഷണം...
എല്ലാവരും നടക്കുന്ന വഴിയേ നടക്കുക എളുപ്പമാണ്. പുതുവഴികള്‍ വെട്ടിയൊരുക്കി മുന്നോട്ടു നടക്കുക അത്ര എളുപ്പമല്ലെങ്കിലും അവരുടെ യാത്രകളത്രയും പ്രചോദനത്തിന്റെ ചരിത്രമാകും.
കോട്ടയം സ്വദേശിനി ഡോ. രോഹിണി സെബാസ്റ്റ്യന്‍ അക്കാദമിക് രംഗത്ത് അധികമാരും സഞ്ചരിക്കാത്ത വഴികളെ തിരിച്ചറിഞ്ഞു നടത്തിയ മുന്നേറ്റത്തിലൂടെ സമാനതകളില്ലാത്ത നേട്ടങ്ങളുടെ നെറുകയിലാണ്. മോളിക്യുലാര്‍ പത്തോളജിയില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് പൂര്‍ത്തിയാക്കിയ ഡോ. രോഹിണി, കാനഡയില്‍ നടന്ന ലോകസമ്മേളനത്തില് ഈ വിഷയത്തില്‍ ഗവേഷണ പോസ്റ്റര്‍ പ്രസന്റേഷന് നടത്തിയ ഏക ഇന്ത്യന്‍ വനിതയെന്ന അതുല്യ നേട്ടം സ്വന്തമാക്കി. തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളജില്‍ അസി. പ്രഫസറാണു ഡോ. രോഹിണി.
മോളിക്യുലാര്‍ പത്തോളജിയെ സംബന്ധിച്ചു കാനഡയിലെ വാന്‍കുവര്‍ സിറ്റിയില്‍ നടന്ന വിഖ്യാതമായ ലോകസമ്മേളനത്തിലായിരുന്നു ഡോ. രോഹിണിയുടെ പ്രസന്റേഷന്. അര്‍ബുദ ചികിത്സാരംഗത്തു കൂടുതല്‍ കൃത്യതയ്ക്കും കാര്യക്ഷമതയ്ക്കും ഫലപ്രാപ്തിക്കും സഹായകമാകുന്ന മോളിക്യുലാര്‍ പത്തോളജിയിലെ, ജീന്‍ മ്യൂട്ടേഷന് ഇന്‍ ലിവര്‍ കാന്‍സര്‍ എന്ന വിഷയത്തിലായിരുന്നു ഡോ. രോഹിണിയുടെ അവതരണം.
അര്‍ബുദചികിത്സയിലെ പുതുവഴി
അര്‍ബുദത്തിന്റെ ജനിതക, തന്മാത്രാ സ്വഭാവങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്തുകൊണ്ടുള്ള ചികിത്സാരീതികളുടെ സാധ്യതകളായിരുന്നു ഡോ. രോഹിണിയുടെ ഗവേഷണവിഷയം. സമഗ്രവും സമ്പൂര്‍ണവുമായ കാന്‍സര്‍ ചികിത്സയ്ക്കു ഫലപ്രദമായ രീതിയാണിതെന്ന് ഇവര്‍ സമര്‍ഥിക്കുന്നു.
ചികിത്സയിലെ കൃത്യത എന്ന അര്‍ബുദ ചികിത്സയിലെ വലിയ വെല്ലുവിളിയെ കാര്യക്ഷമമായി അതിജീവിക്കാന്‍ മോളിക്യുലാര്‍ ചികിത്സയിലൂടെ സാധ്യമാകുമെന്നു ഡോ. രോഹിണി പറയുന്നു. കാന്‍സര്‍ ചികിത്സയില്‍ വലിയ മാറ്റങ്ങള്‍ക്കു മോളിക്യുലാര്‍ പത്തോളജി തുടക്കം കുറിക്കുമെന്നും അവര്‍ അവതരണത്തിലൂടെ വ്യക്തമാക്കി. വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ മെഡിക്കല്‍, വിദ്യാഭ്യാസ വിദഗ്ധരുടെ ശ്രദ്ധ നേടിയ അവതരണമാണ് കോട്ടയംകാരി മലയാളി ഡോക്ടര്‍ നടത്തിയത്.
ഡോക്ടർ കുടുംബം
കോട്ടയം സ്വദേശികളായ ഡോ. സെബാസ്റ്റ്യന്‍ ഐക്കരയുടെയും ഡോ. മേരിക്കുട്ടിയുടെയും മകളാണ് ഡോ. രോഹിണി. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ്.
പത്തോളജിയില്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍നിന്ന് എംഡിയും വെല്ലൂര്‍ സിഎംസിയില്നിന്നു പോസ്റ്റ് ഡോക്ടറേറ്റും പൂര്‍ത്തിയാക്കി. തൃശൂര്‍ അമല മെഡിക്കല്‍ കോളജില്‍ റേഡിയോളജി വിഭാഗം അസി. പ്രഫസറായ ഡോ. ജെയ്ക്ക് സെബാസ്റ്റ്യനാണു ഭര്‍ത്താവ്. മൂന്നു മക്കളുണ്ട്.
അപൂര്‍വം ഈ മികവ്
മോളിക്യൂലാര്‍ പത്തോളജിയില്‍ ഉന്നതപഠനവും പരിശീലനവും നടത്തിയ കേരളത്തിലെ അപൂര്‍വം ഡോക്ടര്‍മാരിലൊരാളാണ് ഡോ. രോഹിണി.
നേരത്തേ മോളിക്യുലാര്‍ പത്തോളജിയുമായി ബന്ധപ്പെട്ട് അഖിലേന്ത്യാതലത്തില്‍ നടത്തിയ മത്സരത്തില്‍ മികച്ച പോസ്റ്റര്‍ പ്രസന്റേഷനുള്ള പുരസ്കാരവും ഡോക്ടർ നേടിയിട്ടുണ്ട്.
ന്യൂഡല്‍ഹി എംയിംസില്‍ നടന്ന അഖിലേന്ത്യാ മോളിക്യുലാര്‍ പത്തോളജി കോണ്‍ഫറന്‍സില്‍ പ്രശസ്തിപത്രവും കാഷ് അവാര്‍ഡും ലഭിച്ചു.
എന്താണ് മോളിക്യുലാര്‍ പത്തോളജി
രോഗസ്വഭാവം, ലക്ഷണങ്ങള്‍, കാരണങ്ങള്‍ എന്നിവയെക്കുറിച്ചു പഠിക്കുന്ന വൈദ്യശാസ്ത്രശാഖയാണ് പത്തോളജി അഥവാ രോഗനിദാനശാസ്ത്രം.
ഗ്രീക്ക് ഭാഷയിലെ പാത്തോസ് (സഹനം, ക്ലേശം), ലോജിയ (വിവരണം) എന്നീ പദങ്ങളില്നിന്നാണു പത്തോളജി എന്ന വാക്ക് ഉണ്ടായത്. രോഗകാരണം സംബന്ധിച്ച പഠനത്തിലും രോഗനിര്‍ണയത്തിലും നിര്‍ണായകസ്ഥാനമുള്ള ആധുനിക വൈദ്യശാസ്ത്രത്തിലെ പ്രധാന മേഖലയാണ് പത്തോളജി.
മോളിക്യുലാര്‍ (തന്മാത്രാ) പത്തോളജിയില്‍ അവയവങ്ങള്‍, ടിഷ്യുകള്‍ (ശരീരദ്രവങ്ങള്‍) എന്നിവയ്ക്കുള്ളിലെ തന്മാത്രകളുടെ പരിശോധനയിലൂടെ രോഗനിര്‍ണയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
മോളിക്യുലാര്‍ പരിശോധനയില്‍ ടിഷ്യൂകളിലെ രൂപമാറ്റങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്വേഷണം കൂടുതല്‍ കൃത്യമായ രോഗനിര്‍ണയം സാധ്യമാക്കുമെന്നു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
സിജോ പൈനാടത്ത്