കോഫിയിൽ മുക്കി പേപ്പറിനു പഴമ വരുത്തുകയെന്നതായിരുന്നു തന്ത്രം. ശ്രമകരമായ ഒരു ജോലിയായിരുന്നു ഇത്. ഒാരോ പേപ്പറും കാപ്പി ലായനിയിൽ മുക്കി ഉണക്കിയെടുക്കണം. എന്നാൽ, ഇങ്ങനെ ഉണക്കിയെടുത്ത പേപ്പറിൽ എഴുതുന്നത് എളുപ്പമല്ലെന്നും ഇങ്ങനെ പേപ്പർ തയാറാക്കിയ ശേഷം എഴുതാനിരുന്നാൽ ആറു മാസംകൊണ്ട് തീരില്ലെന്നും തോന്നി... വേറിട്ട ഒരു ബൈബിൾ തയാറാക്കിയതിന്റെ കഥ വായിക്കാം.
ഒമാൻ സീറോ മലങ്കര കാത്തലിക് കമ്യൂണിറ്റിയും എംസിവൈഎമ്മും ചേർന്നു മന്നാ ബൈബിൾ കൈയെഴുത്ത് മത്സരം നടക്കുന്നുവെന്നു കേട്ടപ്പോൾ ഒരു കൗതുകത്തിനാണ് ജൂലി അജുവും ബൈബിൾ പകർത്തി എഴുതിയാലെന്നു ചിന്തിച്ചത്. ജൂലിയെ കൂടാതെ നിരവധി പേർ മത്സരത്തിനായി രജിസ്റ്റർ ചെയ്തു.
കാൽനൂറ്റാണ്ടായി ഒമാനിലെ സലാലയിലാണ് ജൂലിയും കുടുംബവും താമസിക്കുന്നത്. ബൈബിൾ പകർത്തിയെഴുതുക എന്നത് അത്ര നിസാരമായ കാര്യമല്ലെന്ന് ആദ്യംതന്നെ പലരും ചൂണ്ടിക്കാട്ടി. ഒരു ദിവസം വലിയൊരു സമയം അതിനായി നീക്കിവയ്ക്കണം, മാസങ്ങൾ വേണ്ടിവരും.
എങ്കിലും കുടുംബത്തിന്റെ പൂർണപിന്തുണ കിട്ടിയതോടെ ബൈബിൾ എഴുതുക എന്ന ദൗത്യം ഏറ്റെടുത്തു. ആറു മാസംകൊണ്ട് ഒരേ മഷി ഉപയോഗിച്ച് A4 സൈസ് പേപ്പറിൽ ഒരേ ആൾതന്നെ എഴുതണം എന്നതായിരുന്നു നിബന്ധന.
കോഫി പരീക്ഷണം
മത്സരത്തിൽ നിരവധി പേർ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ട് വെറുതെ എഴുതിയാൽ മതിയോ? അതിൽ എന്തെങ്കിലും ഒരു പ്രത്യേകത വേണ്ടേയെന്നു ചോദിച്ചത് സിഎക്കാരൻ കൂടിയായ മകൻ അതുലാണ്. ബൈബിൾ എഴുത്തിൽ എന്തു പ്രത്യേകത കൊണ്ടുവരാൻ എന്ന ചോദ്യഭാവത്തിൽ മകനെ നോക്കി. അപ്പോഴാണ് അതുൽ തന്റെ ആശയം പറഞ്ഞത്.
ബൈബിൾ പുരാതനമായ ഒരു ഗ്രന്ഥമാണ്. അതു വീണ്ടും എഴുതി തയാറാക്കുന്പോൾ ആ പൗരാണികത തോന്നുന്ന രീതിയിൽ തയാറാക്കിയാലോ? വളരെ പഴയകാലത്തെ ഒരു കൈയെഴുത്തു പ്രതി എന്ന രീതിയിൽ എങ്ങനെ തയാറാക്കാമെന്നായി പിന്നെത്തെ ആലോചന. മകൻ തന്നെയാണ് അതിനു മുൻകൈയെടുത്തത്. പലരോടും ചോദിച്ചു.
പല അന്വേഷണങ്ങളും നടത്തി. ഒടുവിൽ കോഫി ഡൈ എന്ന രീതിയിൽ പേപ്പറിനെ തയാറാക്കാൻ തീരുമാനിച്ചു. കോഫിയിൽ മുക്കി പേപ്പറിനു പഴമ വരുത്തുകയെന്നതായിരുന്നു തന്ത്രം. ശ്രമകരമായ ഒരു ജോലിയായിരുന്നു ഇത്. ഒാരോ പേപ്പറും കാപ്പി ലായനിയിൽ മുക്കി ഉണക്കിയെടുക്കണം.
എന്നാൽ, ഇങ്ങനെ ഉണക്കിയെടുത്ത പേപ്പറിൽ എഴുതുന്നത് എളുപ്പമല്ലെന്നും ഇങ്ങനെ പേപ്പർ തയാറാക്കിയ ശേഷം എഴുതാനിരുന്നാൽ ആറു മാസംകൊണ്ട് തീരില്ലെന്നും തോന്നി. അതുകൊണ്ട് ആദ്യം ബൈബിൾ എഴുതി തീർക്കാൻ തീരുമാനിച്ചു. എഴുതിയ ശേഷം കോഫിയിൽ മുക്കി ഉണക്കിയെടുക്കാനായിരുന്നു പദ്ധതി. എന്നാൽ, ഇതും അത്ര എളുപ്പമല്ലായിരുന്നു.
ഒമാനിലെ പ്രത്യേക സാഹചര്യത്തിൽ ഒരു മുറിക്കുള്ളിൽ വേണം പേപ്പർ ഉണക്കിയെടുക്കാൻ. മാത്രമല്ല, കോഫിയിൽ മുക്കി ഉണക്കിയെടുക്കാൻ ശ്രമിച്ചപ്പോൾ പല പേപ്പറുകളും കീറിയും ഒട്ടിപ്പിടിച്ചും നശിച്ചു. എങ്കിലും പിന്മാറാൻ തയാറായില്ല. നഷ്ടമായ പേപ്പറുകളൊക്കെ വീണ്ടും എഴുതി. ഏതാണ്ട് 76 പേജുകൾ ഇങ്ങനെ വീണ്ടും എഴുതേണ്ടി വന്നു.
പഴമ വരുത്താനുള്ള ശ്രമം ഇരട്ടി ജോലിയാണ് നൽകിയതെങ്കിലും ഉണക്കിയെടുത്ത പേപ്പറുകളുടെ മനോഹാരിത കണ്ടപ്പോൾ കഷ്ടപ്പാടൊക്കെ ഒന്നുമല്ലെന്നു തോന്നി. ബൈബിൾ മുഴുവനായി പകർത്താൻ 812 പേജുകൾ വേണ്ടിവന്നു. 34 പേനകൾ തീർന്നു.
സ്വന്തം ബൈൻഡിംഗ്
ബൈബിൾ തീർന്നുകഴിഞ്ഞപ്പോൾ ബൈൻഡ് ചെയ്യുക എന്നതായിരുന്നു അടുത്ത കടന്പ. ഒമാനിൽ പലേടത്തും അന്വേഷിച്ചപ്പോൾ കൂടുതൽ പേപ്പർ ഉള്ളതിനാൽ രണ്ടു ബുക്കായി ബൈൻഡ് ചെയ്തു തരാമെന്നായിരുന്നു മറുപടി.
എന്നാൽ, ഒറ്റ ബുക്ക് ആയി ബൈൻഡ് ചെയ്യണമെന്നായിരുന്നു വീട്ടിലെല്ലാവരുടെയും ആഗ്രഹം. നമുക്കുതന്നെ ബൈൻഡ് ചെയ്താലോ എന്നതായി അടുത്ത ആലോചന. പിന്നെ അതിനെക്കുറിച്ചായി പഠനവും അന്വേഷണവും.
കുറെ ഗവേഷണത്തിനു ശേഷം ബൈൻഡിംഗ് രീതികൾ മനസിലാക്കി. പേജുകൾ ഇളകിപ്പോകാതിരിക്കാൻ ഏറ്റവും പിന്നിൽ തടിയുടെ ഒരു ബാക്ക് സപ്പോർട്ട് കൊടുത്തു. വശങ്ങളിൽ ലോഹപാളികൾ ഘടിപ്പിച്ചു. ഒാരോ സുവിശേഷവും ആരംഭിക്കുന്നതിനു മുന്പ് ബുക്ക് മാർക്ക് സെറ്റ് ചെയ്തു.
നാലു സുവിശേഷത്തെ പ്രതിനിധീകരിച്ച് എംബ്ലവും വരച്ചുചേർത്തു. സ്കെച്ച് ഉപയോഗിച്ച് പേജുകൾക്ക് ബോർഡർ തയാറാക്കി. ഒാരോ പേജിന്റെയും പിൻവശത്ത് ഡോവിന്റെ ഹോളോംഗ്രാം പതിച്ചു. കൂടുതൽ കാലം ഈടുനിൽക്കണമെന്ന ആഗ്രഹത്തിൽ മികച്ച ലെതറിൽത്തന്നെ കവർ സ്റ്റിച്ച് ചെയ്തു.
ബൈബിളിലെ മാപ്പും അതുപോലെതന്നെ വരച്ചു ചേർത്തു. അങ്ങനെ കൃത്യ സമയത്തുതന്നെ ഞങ്ങൾ വീട്ടിൽത്തന്നെ തയാറാക്കിയ സ്പെഷൽ ബൈബിൾ ഒരുങ്ങി. എഴുത്ത്, വര, ബൈൻഡിംഗ്, പേപ്പർ പ്രോസസിംഗ് അങ്ങനെയല്ലാം വീട്ടിൽ സ്വയം ചെയ്തു എന്നതാണ് ഈ ബൈബിൾ ഞങ്ങൾക്കു നൽകിയ ഏറ്റവും വലിയ സന്തോഷം.
റിക്കാർഡിൽ
140 പേരാണ് മത്സരത്തിനു രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, നാൽപതോളം പേർക്കു മാത്രമേ പൂർണമായി എഴുതി സമർപ്പിക്കാൻ കഴിഞ്ഞുള്ളൂ. 22 പേർ പകുതി എഴുതി നൽകി. അഞ്ചു ഘട്ടങ്ങളായുള്ള വിലയിരുത്തലുകൾക്കു ശേഷം ഞങ്ങളുടെ ബൈബിളിനെ തേടി സമ്മാനമെത്തി. നിരവധി പ്രത്യേകതയുള്ള ബൈബിൾ മറ്റുള്ളവയിൽനിന്നു വേറിട്ടുനിന്ന് ഏറെപ്പേരെ അതിശയിപ്പിച്ചു.
ഇതിനെ പൊതുജനശ്രദ്ധയിൽ കൊണ്ടുവരണമെന്നു പലരും നിർദേശിച്ചതു പ്രകാരം ഇന്ത്യ ബുക്ക് ഒാഫ് റിക്കാർഡിനു വേണ്ടി അപേക്ഷിച്ചു. "Ancient look alike handwritten Bible' എന്ന ടൈറ്റിലിൽ ഞങ്ങളുടെ ബൈബിൾ ഇന്ത്യ ബുക്ക് ഒാഫ് റിക്കാർഡ്സിൽ ഇടംപിടിച്ചു. യാതൊരു ശാരീരിക ബുദ്ധിമുട്ടുകളും അലട്ടാതെ ഈ ദൗത്യം വിജയകരമായി തീർക്കാനായത് കുടുംബത്തിനു കിട്ടിയ വലിയ ദൈവാനുഗ്രഹമായി കരുതുന്നതായി ജൂലി പറയുന്നു.
ചങ്ങനാശേരി അതിരൂപതയിലെ ളായിക്കാട് മോഴൂർ ഹൗസിൽ എം.എൽ. ഫിലിപ്പിന്റെയും കുഞ്ഞമ്മയുടെയും മകളാണ് ജൂലി. പത്തനംതിട്ട രൂപത വയലത്തല നെടുമാൻകുഴിയിൽ എൻ.എൻ.എസ്. തോമസിന്റെയും കുഞ്ഞമ്മയുടെയും മകനായ അജുവാണ് ഭർത്താവ്. ബിസിനസുകാരനായ അജുവാണ് എല്ലാ പ്രോത്സാഹനവും നൽകി ഒപ്പം നിന്നത്. മകൻ അതുലിനെ കൂടാതെ മകൾ അതുല്യ സിഎ ഫൈനൽ വിദ്യാർഥിനിയാണ്.
ജെ.പി.