മൃതദേഹങ്ങളുമായി കൂട്ടുണ്ടാക്കിയവൾ. കുഴിയെടുത്തും കുഴിമൂടിയും മൃതദേഹങ്ങൾക്കു കൂട്ടിരുന്നും ആയിരങ്ങളുടെ ഹൃദയത്തിൽ ഇടംനേടിയ വനിത. സെമിത്തേരിയിൽ കുഴിവെട്ട് ജോലി ചെയ്യുന്ന മലയാളി വനിത എന്ന അപൂർവതയിൽ അരനൂറ്റാണ്ട് പിന്നിട്ട് ബേബിച്ചേച്ചി.
മൃതദേഹമെന്നും സെമിത്തേരിയെന്നും ശവക്കോട്ടയെന്നുമൊക്കെ കേട്ടാൽ കാര്യമൊന്നുമില്ലെങ്കിലും ഇത്തിരി പേടിയുള്ളവരാണ് ചിലരെങ്കിലും. സെമിത്തേരിയിലേക്കു തനിയെ പോകാൻ പേടിയുള്ളവരും ഇല്ലാതില്ല.
എങ്കിൽ നിങ്ങളെ പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയിലേക്കു ക്ഷണിക്കുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് അദ്ഭുതകരമായ രീതിയിൽ സംരക്ഷിക്കപ്പെട്ട, പെരിയാർ തീരത്തെ പൗരാണിക പള്ളി.
കേരളത്തിലെ ഏറ്റവും പുരാതന വിദേശ നിർമിതിയെന്ന വിശേഷണമുള്ള പള്ളിപ്പുറം കോട്ടയ്ക്കു സമീപത്തെ സെമിത്തേരിയിലേക്കു പോയാലോ?. അവിടെ നിങ്ങളെ കാത്ത് കൈയിലൊരു തൂന്പയുമായി ഒരു വീട്ടമ്മ നിൽപ്പുണ്ട്. ഇതു നാട്ടുകാരുടെ പ്രിയപ്പെട്ട ബേബിച്ചേച്ചി എന്ന മറിയം. വയസ് 67.
ജോലി എന്താണെന്നറിഞ്ഞാൽ പരിചയമില്ലാത്തവർ അമ്പരക്കും, ചിലർക്ക് ഒരു ഞെട്ടൽ തോന്നിയേക്കാം. കഴിഞ്ഞ അരനൂറ്റാണ്ടായി ഈ സെമിത്തേരിയിൽ ബേബിച്ചേച്ചിയുടെ സാന്നിധ്യമില്ലാതെ, കരസ്പർശമില്ലാതെ ഒരു മൃതദേഹവും മൺമറഞ്ഞിട്ടില്ല. മൃതസംസ്കാരത്തിനു കുഴിവെട്ടി ഒരുക്കുന്നതും മൃതദേഹം കുഴിയിൽ വച്ചു മൂടുന്നതും ബേബിച്ചേച്ചിയാണ്.
അധികം പേരൊന്നും ചെയ്യാൻ സന്നദ്ധമാവില്ലാത്ത ജോലിയിൽ അരനൂറ്റാണ്ട് തികച്ചിരിക്കുകയാണ് ബേബിച്ചേച്ചി.17-ാം വയസിൽ വിശപ്പകറ്റാൻ കുഴിവെട്ടുകാരിയുടെ വേഷം കെട്ടി ഇറങ്ങിയതാണ് ബേബിച്ചേച്ചി. 67-ാം വയസിലും കൈയിൽ തൂന്പയുമായി അവരുണ്ട്.
ഇത്രയും ദീർഘകാലം ഈ ജോലി ചെയ്ത പുരുഷൻമാർ പോലും നാട്ടിൽ അധികം കാണില്ല എന്നതോർക്കുന്പോഴാണ് ബേബിച്ചേച്ചി തെരഞ്ഞെടുത്ത വേറിട്ട വഴിയുടെ മഹത്വം വ്യക്തമാകുന്നത്. ആദ്യ കാലത്ത് ജീവിതമാർഗമായിരുന്നെങ്കിൽ ഇന്ന് ഇതൊരു ശുശ്രൂഷയായിട്ടാണ് അവർ ചെയ്യുന്നത്.
പള്ളിപ്പുറം മേഖലയിലെത്തി ബേബി എന്ന് അന്വേഷിച്ചാൽ ആരും ആ വീട്ടിലേക്കുള്ള വഴി കാട്ടിത്തരും. പ്രിയപ്പെട്ടവരുടെ മൃതസംസ്കാര ശുശ്രൂഷയിൽ സഹായിയായി മാറിയതു വഴി ആയിരക്കണക്കിനു കുടുംബങ്ങളുമായി ആത്മബന്ധംകൂടി ഈ അമ്മയ്ക്കുണ്ട്.
വിശപ്പിലാണ് തുടക്കം
1975ൽ പതിനേഴാം വയസിൽ കുഴിവെട്ടാൻ ഇറങ്ങുന്നതു വീട്ടിലെ ദാരിദ്ര്യം കണക്കിലെടുത്തായിരുന്നു. മാതൃസഹോദരൻ ഔസേഫ് ആയിരുന്നു പള്ളിപ്പുറം പള്ളിയിലെ കുഴിവെട്ട് നിർവഹിച്ചിരുന്നത്.
അദ്ദേഹത്തിന്റെ മരണ ശേഷം ബേബിച്ചേച്ചിയുടെ അമ്മ കുടുംബം പുലർത്താൻ ആ ജോലി ഏറ്റെടുത്തു. ആറു പതിറ്റാണ്ടുകൾക്ക് അപ്പുറത്ത് ഈ ജോലിക്കായി ഇറങ്ങിയ ആദ്യ വനിത ഒരുപക്ഷേ, ബേബിചേച്ചിയുടെ അമ്മ മറിയം ആയിരിക്കും.
എന്നാൽ, അമ്മയുടെ അനാരോഗ്യം ഈ ജോലിയിൽ ഏറെക്കാലം തുടരാൻ അവരെ അനുവദിച്ചില്ല. അതോടെ അന്പതു വർഷങ്ങൾക്കു മുമ്പ് അമ്മയുടെ കൈയിൽനിന്നു ബേബിച്ചേച്ചി തൂമ്പ ഏറ്റുവാങ്ങി. ബേബി ജനിക്കുംമുമ്പേ പിതാവ് മരണപ്പെട്ടു.
ഒാർമവച്ച കാലം മുതൽ അമ്മ കുഴിവെട്ടാൻ പോകുന്പോൾ ബേബിയും ഒപ്പം പോകും. ആദ്യമൊക്കെ സെമിത്തേരിയെന്നു കേൾക്കുന്പോൾ പേടിയുണ്ടായിരുന്നു. അമ്മ കുഴിയെടുക്കുന്നതും നോക്കി സെമിത്തേരിയുടെ ഒരു വശത്ത് ഇരിക്കും.
അങ്ങനെ പതിവായതോടെ സെമിത്തേരിയോടും മൃതദേഹങ്ങളോടുമുള്ള പേടിയും മടിയും ചെറുപ്പത്തിലേ ഇല്ലാതായി. മൃതസംസ്കാര ശേഷം കുഴിയും മൂടി എല്ലാവരും പോയിക്കഴിയുമ്പോൾ ആ അമ്മയും മകളും മരിച്ചയാളുടെ ആത്മശാന്തിക്കായി പ്രാർഥിച്ചിട്ട് വീട്ടിലേക്കു മടങ്ങും.
ആദ്യ കാലത്ത് അമ്മയ്ക്കു കൂട്ടിരുന്ന മകൾ പിന്നീട് കൗമാരത്തിൽ അമ്മയെ കൂട്ടിരുത്തി ജോലി ഏറ്റെടുത്തു. ജോലി വേണ്ടെന്നുവച്ചാലോയെന്ന് അന്നൊക്കെ ചിന്തിച്ചിരുന്നു. പക്ഷേ, സാഹചര്യം മുന്നോട്ടുനയിച്ചു.
മടുപ്പില്ലാതെ മുന്നോട്ട്
ഈ സെമിത്തേരിയിൽ ഇരുനൂറിലധികം കല്ലു കെട്ടിത്തിരിച്ച കല്ലറകളാണുള്ളത്. മണ്ണ് നിറച്ചിട്ടിരിക്കുന്ന കല്ലറകളിലെ മണ്ണ് നാലടിയിലധികം കോരിമാറ്റിയാണ് ഓരോ മൃതസംസ്കാരവും നടത്തുക. സ്ലാബും മാർബിളുകളും ഇട്ട കുടുംബക്കല്ലറകൾ പൊളിച്ചും മണ്ണു വെട്ടിമാറ്റിയും ചിലപ്പോൾ കല്ലറ ഒരുക്കണം.
ആദ്യ കാലത്ത് എല്ലാം മണ്ണ് മാത്രം നിറച്ച കുഴിമാടങ്ങളായിരുന്നു. അന്നു മഴക്കാലമായാൽ കുഴിവെട്ടുക ദുഷ്കരം. ചിലപ്പോൾ നാലും അഞ്ചും മണിക്കൂർ ജോലി ചെയ്യേണ്ടി വരും. എന്നാൽ, ഇന്ന് ഓരോന്നും സെല്ലുകളായി കെട്ടിത്തിരിച്ചതിനാൽ അത്രയും ബുദ്ധിമുട്ടില്ല.
അധികം അവശിഷ്ടങ്ങളില്ലെങ്കിൽ രണ്ടു മണിക്കൂർ കൊണ്ട് കുഴിവെട്ടി ഒരുക്കാം. മൂടാനും ഒരു മണിക്കൂറിൽ താഴെ മതി. ശരീരത്തിന് 17ലെ ആരോഗ്യം 67ൽ ഇല്ല എന്നതൊഴിച്ചാൽ കുഴിവെട്ട് പഴയതിലും കുറച്ചുകൂടി സൗകര്യപ്രദമായെന്നു ബേബിച്ചേച്ചി.
മപേടിച്ചുവിറച്ച കാലം
ജോലി തുടങ്ങിയ ആദ്യ കാലങ്ങളിൽ ഭീകരവും പേടിപ്പെടുത്തുന്നതുമായ മൃതദേഹ ദൃശ്യങ്ങളും കാണേണ്ടി വന്നിട്ടുണ്ട്. ദിവസങ്ങളോളം പേടിച്ച് ഉറങ്ങാതെയും മനംമടുപ്പുകൊണ്ട് ഭക്ഷണം കഴിക്കാതെയും കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഇന്ന് അങ്ങനെയുള്ള കാഴ്ചകൾ വിരളം.
എങ്കിലും ഭാഗികമായും മറ്റും അഴുകിയ ശരീരങ്ങൾ വല്ലപ്പോഴും കൈകാര്യം ചെയ്യേണ്ടി വരാറുണ്ട്. 45 വർഷങ്ങൾക്ക് അപ്പുറത്ത് ഒരിക്കൽ തയാറാക്കിക്കൊണ്ടിരുന്ന കുഴിയിൽ അഴുകാത്ത ശരീരം കണ്ടുപേടിച്ച് ഓടിയ ചരിത്രവും ബേബിച്ചേച്ചിക്കുണ്ട്.
അക്കാലങ്ങളിൽ വിദേശത്തു മരിക്കുന്നവരുടെ ശരീരം കൊണ്ടുവന്നിരുന്നതു പ്രത്യേകതരം പെട്ടികളിലായിരുന്നു. പലപ്പോഴും പെട്ടിയുടെ മൂടി മാത്രം പൊട്ടിച്ചു മറ്റുള്ളവർക്കു കാണാൻ സൗകര്യം ഒരുക്കിയ ശേഷം സംസ്കരിക്കും. ഇതിൽ മൃതദേഹങ്ങൾ അഴുകാൻ വൈകും.
അങ്ങനെ സംസ്കരിക്കപ്പെട്ട ഒരാളുടെ ഭാഗികമായി മാത്രം അഴുകിയ ശരീരം കണ്ടാണ് ബേബിച്ചേച്ചി ഭയന്നോടിയത്. അമ്മ കൂട്ടിരിക്കെയാണ് സംഭവമെന്നതുകൊണ്ടാണ് പേടിച്ചു ജീവൻ പോകാതിരുന്നതെന്നു പറയുന്പോൾ ചേച്ചിക്കു ചിരി.
നാട്ടിൽ ലഭ്യമാകുന്ന പെട്ടികളിലാണ് ഇന്നു വിദേശത്തുനിന്നു കൊണ്ടുവരുന്ന മൃതദേഹങ്ങളും സംസ്കരിക്കുന്നത്. എന്നിരുന്നാലും ഉപയോഗിച്ചിരുന്ന മരുന്നുകളുടെയും മറ്റും പ്രതിപ്രവർത്തനഫലമായി ചില മൃതദേഹങ്ങൾ നാലും അഞ്ചും വർഷങ്ങൾ കഴിഞ്ഞാലും പൂർണമായി അഴുകണമെന്നില്ല.
സെല്ലുകളുടെ എണ്ണം കൂടിയതോടെ ഇന്ന് ഏകദേശം നാലു വർഷത്തിനു ശേഷം മാത്രമേ കുഴികൾ പുനരുപയോഗിക്കേണ്ടി വരുന്നുള്ളൂ എന്നതുകൊണ്ട് പഴയതുപോലെ അഴുകാത്ത ശരീരഭാഗങ്ങൾ കുറവാണ്.
ആൾബഹളവും സങ്കടവും കരച്ചിലും ഉള്ള സം സ്കാരശുശ്രൂഷകളായിരുന്നു ഏറെയും. എന്നാൽ, കോവിഡ്കാലം പതിവുകൾ തെറ്റിച്ചു. നല്ല വാക്കും നല്ല യാത്രയും ഏതാണ്ട് ഉറപ്പുള്ളതു സെമിത്തേരിയിൽ മാത്രമെന്ന് വിശ്വസിക്കുന്ന ആളാണ് ബേബിച്ചേച്ചി.
മആരും മരിക്കരുതേ...
1977ലാണ് ബേബിക്ക് ഒരു കൂട്ട് കിട്ടിയത്. മുനമ്പത്തെ സമ്പന്നമായ ഒരു ഹൈന്ദവ തറവാട്ടിൽനിന്ന് ഒരാളാണ് ബേബിയെ സ്നേഹിച്ച് എത്തിയത്.
കുഴിവെട്ടുകാരിയെ ജീവിതസഖിയാക്കാനുള്ള തീരുമാനത്തിനു പലരും എതിരായിരുന്നെങ്കിലും അവസാനം അദ്ദേഹം ആന്റണി പുഷ്കിൻ എന്ന പേര് സ്വീകരിച്ച് 1994ൽ നിയമപരമായി ബേബിയുടെ ജീവിതത്തിലേക്കു വന്നു. പള്ളിപ്പുറം പള്ളി നൽകിയ ഭൂമിയിൽ വീടുവച്ചാണ് കുടുംബം താമസിക്കുന്നത്. പള്ളിയുടെ വിളിപ്പാടകലെ.
ഇക്കാലമത്രയും പള്ളി ചുമതലക്കാരായെത്തിയ വൈദികരും കൈക്കാരൻമാരും സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ഇടപെട്ടിട്ടുള്ളതെന്ന് ബേബിച്ചേച്ചി.
പള്ളിപ്പുറം പള്ളിയിലെയും സമീപത്തെ ചില പള്ളികളിലേയും കരിമരുന്നു പ്രയോഗത്തിന്റെയും ചുമതല വർഷങ്ങളോളം ബേബിയുടെ കുടുംബത്തിനായിരുന്നു.
എന്നാൽ, വർഷങ്ങൾക്കു മുൻപ് ജോലിക്കാരിൽ ഒരാൾക്ക് അപകടമുണ്ടായതോടെ അത് ഒഴിഞ്ഞു. ആഴ്ചകളും മാസങ്ങളും ജോലിയില്ലാതായ സാഹചര്യവും ചിലപ്പോൾ ഒരേ ദിവസം ഒന്നിലധികം കുഴി ഒരുക്കേണ്ട സ്ഥിതിയും വന്നിട്ടുണ്ട്.
ഓരോ മരണത്തിന്റെയും നഷ്ടവശം ഹൃദയത്തിലേറ്റിയാണ് അവസാന മണ്ണ് അവർ കോരി ഇടുന്നത്. ജോലിക്ക് നിശ്ചിത കൂലി ഏർപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ആരും മരിക്കരുതേ എന്നു പ്രാർഥിച്ചാണ് ഒാരോ ദിവസവും തുടങ്ങുന്നതെന്നു ബേബിച്ചേച്ചി പറയുന്നു.
ആന്റണി ആറിൽചിറ ചമ്പക്കുളം