ആദ്യ കാഴ്ചയില്‍തന്നെ മനസില്‍ കുടിയേറുന്ന വിസ്മയകരമായ ചരിത്ര നിര്‍മിതികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാനാവുമെങ്കിലും 'പടിക്കിണര്‍' എന്ന ആശയവും സാക്ഷാത്കാരവും ഇന്ത്യയ്ക്കു മാത്രം അവകാശപ്പെട്ടതാണ്.
പുരാതന ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട നിരവധി പടിക്കിണറുകള്‍ ഇന്നും വാസ്തു വൈദഗ്ധ്യത്തിന്റെ മകുടോദാഹരണമായി നിലകൊള്ളുന്നു.
ഗുജറാത്തിലെ റാണി കി വാവ് തന്നെ ഉദാഹരണം. എന്നാല്‍, ഇന്ന് ഇവയില്‍ പലതും പ്രേതകഥകളുടെ കേന്ദ്രമാണ്. ഡല്‍ഹിയിലെ അഗ്രസേന്‍ അഥവാ ഉഗ്രസേന്‍ ബാവലി ഇത്തരമൊരു പടിക്കിണറാണ്.
ഡൽഹിയിലെ പടിക്കിണർ
ഡല്‍ഹിയിലെ കൊണാട്ട്പ്ലേസിനു സമീപമാണ് ഈ പടിക്കിണര്‍. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ് ഈ നിര്‍മിതിയും പരിസരവും. മഹാഭാരതത്തിലെ പ്രതാപശാലിയായ രാജാവ് ഉഗ്രസേനന് 3,000 വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിച്ചതാണ് ഈ പടിക്കിണര്‍ എന്നാണ് പറയപ്പെടുന്നത്.
പിന്നീട് കിണര്‍ തകര്‍ച്ച നേരിട്ടെങ്കിലും അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ എന്നവകാശപ്പെടുന്ന അഗര്‍വാള്‍ (അഗ്രവാള്‍) സമുദായം 14-ാം നൂറ്റാണ്ടിൽ, ഡല്‍ഹി സുല്ത്താന്മാരുടെ കാലഘട്ടത്തില്‍ കിണര്‍ പുനര്‍നിര്‍മിക്കുകയായിരുന്നു.
60 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുള്ള പടിക്കിണര്‍ ചുവന്ന മണല്‍ക്കല്ലിലാണ് പണിതീര്‍ത്തിരിക്കുന്നത്. കിണറിലെ ജലസംഭരണിയിലേക്ക് എത്താന്‍ 103 പടവുകളാണ് ഇറങ്ങേണ്ടത്. മൂന്നു നിലകളിലായി സ്ഥിതി ചെയ്യുന്ന കിണറിലെ പടികള്‍ക്കിരുവശവും കമാനങ്ങളുമുണ്ട്.
ഇന്തോ-ഇസ്ലാമിക് ശൈലിയുടെ സമന്വയമാണ് ഇവിടെ കാണുന്നത്. ജലസംഭരണി എന്നതിനൊപ്പം ജനങ്ങള്‍ക്ക് ഒത്തുകൂടാനുള്ള ഒരു കേന്ദ്രം എന്ന നിലയില്‍ കൂടിയായിരുന്നു ഈ പടിക്കിണറുകളുടെ നിര്‍മാണം.
കഥകളിലെ പ്രേതം
എന്നാല്‍, ഇന്ന് ഈ പടിക്കിണറിനെ വാർത്തകളിൽ നിറയ്ക്കുന്നതു പ്രേതകഥകളാണ്. പടിക്കിണറിന്റെ അടിത്തട്ടിലുള്ള കറുത്ത ജലം ആളുകളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നതായും മോഹനിദ്രയില്‍ പെടുത്തി ഇതിലേക്ക് എടുത്തു ചാടി ജീവനൊടുക്കാൻ പ്രേരിക്കുന്നതായും ഒരു കിംവദന്തിയുണ്ട്.
കൂടാതെ പടികള്‍ ഇറങ്ങുമ്പോള്‍ ഉത്കണ്ഠയും അസ്വസ്ഥതയും നിറഞ്ഞ അസാധാരണമായ ശബ്ദങ്ങള്‍ കേട്ടിട്ടുള്ളതായി പലരും പറയുന്നു.
ദുരൂഹമായ ചില പിറുപിറുക്കലും പാദചലനങ്ങളും പൊട്ടിച്ചിരികളും കേള്‍ക്കാറുണ്ടെന്നും എന്നാല്‍ നോക്കുമ്പോള്‍ ആരെയും കാണാനാവില്ലെന്നും മറ്റു ചിലര്‍ പറയുന്നു. പ്രദേശവാസികള്‍ പറയുന്നത് ബാവലി രാത്രിയില്‍ കൂടുതല്‍ പൈശാചികമാവുമെന്നാണ്.
പ്രേതകഥകളുടെ മേലങ്കി ഉണ്ടെങ്കിലും അഗ്രസേന്‍ കി ബാവലി കാണാനായി ഇന്നു നിരവധിപേർ എത്തുന്നു. ചരിത്രസ്നേഹികളുടെയും ഫോട്ടോഗ്രാഫര്‍മാരുടെയും ഒരു ഇഷ്ടപ്രദേശം കൂടിയാണിത്. ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നതിൽ പ്രേതകഥകൾക്കും ഒരു സ്ഥാനമുണ്ട്.
പികെ (2014), സുല്‍ത്താന്‍ (2016) തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാനും ബാവലിക്കു കഴിഞ്ഞിട്ടുണ്ട്. ഇന്നു ഡല്‍ഹിയുടെ സാംസ്കാരിക പൈതൃകത്തിന്റെ ഒരു പ്രതീകം കൂടിയാണ് ഈ പടിക്കിണര്‍.
അഗ്രസേന്‍ കി ബാവലിയിലെ പ്രേതകഥകള്‍ക്ക് ശാസ്ത്രീയമായ ഒരു തെളിവുമില്ലെന്നതാണ് യാഥാര്‍ഥ്യം. ഭീതിപ്പെടുത്തുന്ന നിശബ്ദതയും പടിക്കിണറില്‍ സൃഷ്ടിക്കപ്പെടുന്ന പ്രതിധ്വനിയും പ്രേതകഥകള്‍ മനസില്‍ വിതച്ച ഭയവും കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന മനഃശാസ്ത്രപരമായ പ്രശ്നമാണിതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അജിത് ജി. നായർ