ബിബിസിയിലെ "ഡിഗിംഗ് ഫോർ ബ്രിട്ടൻ" എന്ന പരിപാടിയിൽ വിവരങ്ങൾ പുറത്തുവിടും
ഗവേഷകരെ അതിശയിപ്പിച്ച്, മനോഹരമായി അലങ്കരിച്ച ആ വാൾ! തെക്കുകിഴക്കൻ ഇംഗ്ലണ്ടിൽ; മധ്യകാലത്തിന്റെ പ്രാരംഭഘട്ടത്തിലെ, ശ്മശാനങ്ങളിലൊന്നിൽനിന്നാണ് ആ വാൾ കണ്ടെത്തിയത്. അഞ്ചാം നൂറ്റാണ്ടിലെയോ ആറാം നൂറ്റാണ്ടിലെയോ ആണ് വാൾ എന്നു പുരാവസ്തുഗവേഷകർ അഭിപ്രായപ്പെട്ടു.
സ്വർണവും വെള്ളിയും പൂശിയ വാളിന്റെ കൈപ്പിടിയിൽ കൊത്തുപണികളുണ്ട്. മാത്രമല്ല, കൈപ്പിടിയുടെ മുകൾഭാഗത്ത് ഒരു മോതിരം ഘടിപ്പിച്ചിട്ടുണ്ട്. വാളിന്റെ ഉറയും ഗവേഷകർക്കു കണ്ടെത്താൻ കഴിഞ്ഞു.
ബീവറിന്റെ രോമവും മരവും ചേർത്തുനിർമിച്ചതാണ് ഉറ. ഇതുപോലുള്ള വാളുകൾ വളരെ സവിശേഷമാണെന്നു പുരാവസ്തു ഗവേഷകനായ സെൻട്രൽ ലങ്കാഷെയർ സർവകലാശാലയിലെ ഡങ്കൻ സയർ പറഞ്ഞു. വാൾ മൃതദേഹത്തോടു ചേർത്തുവച്ചനിലയിലായിരുന്നു.
വാൾ അയാളുടെ രാജാവിൽനിന്നുള്ള സമ്മാനമായിരിക്കാം. അതിന്റെ അവസാന ഉടമയെ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നതിനുമുമ്പ്, തലമുറകളോളം സാമൂഹിക-അധികാര പദവിയെ സൂചിപ്പിക്കുന്നതായിരിക്കാം വാൾ എന്നും സയർ പറഞ്ഞു.
അമൂല്യസമ്മാനം
പന്ത്രണ്ട് ശ്മശാനങ്ങളിലാണ് പുരാവസ്തു ഗവേഷകർ കുഴിച്ചു നോക്കിയത്. 200 ഓളം ശവകുടീരങ്ങൾ ഇതിലുണ്ടായിരുന്നുവെന്നാണു ഗവേഷകർ കരുതുന്നത്.
വാൾ കെട്ടിപ്പിടിച്ച അവസ്ഥയിൽ കണ്ടെത്തിയ മനുഷ്യന്റെ ശവക്കുഴിയിൽ വ്യാളി അല്ലെങ്കിൽ സർപ്പത്തെ കൊത്തിവച്ച ഒരു സ്വർണ ലോക്കറ്റും ഉണ്ടായിരുന്നു. ഈ ലോക്കറ്റ് അടുത്തു ബന്ധമുള്ള സ്ത്രീയുടെ "അമൂല്യസമ്മാനം' ആയിരിക്കാമെന്നു ഗവേഷകർ കരുതുന്നു.
പുരുഷന്മാരുടെ ശവക്കുഴികളിൽ കുന്തങ്ങളും പരിചകളും പോലുള്ള വലിയ ആയുധങ്ങളാണ് ഉണ്ടായിരുന്നത്. അതേസമയം, സ്ത്രീകളുടെ ശവക്കുഴികളിൽ കത്തികൾ, മാറിടത്തോടു ചേർത്തു വസ്ത്രങ്ങൾ കുത്തുന്ന പിൻ, കൊളുത്തുകൾ എന്നിവയാണ് ഉണ്ടായിരുന്നത്.
ആംഗ്ലോ-സാക്സൺ സെമിത്തേരി
ഇത് അസാധാരണമായ ഒരു ആംഗ്ലോ-സാക്സൺ സെമിത്തേരിയാണ്. മനോഹരമായി സജ്ജീകരിച്ചിരിക്കുന്ന കുഴിമാടങ്ങൾ. വിവിധ തരത്തിലുള്ള ധാരാളം ആയുധങ്ങളും ഇവിടെയുണ്ട്. ഇരുമ്പ് കുന്തങ്ങൾ, ആംഗ്ലോ-സാക്സൺ കത്തികൾ തുടങ്ങിയവ ഇവയിൽ ഉൾപ്പെടുന്നു. കണ്ടെത്തിയ വാളിന്റെ പ്രാധാന്യവും അടയാളങ്ങളും മനസിലാക്കാൻ ഗവേഷകർ ശ്രമിക്കുകയാണ്.
പ്രത്യേകിച്ച്, അതിന്റെ കൈപ്പിടിയിൽ ഘടിപ്പിച്ചിരിക്കുന്ന മോതിരം രസകരമായ ഒരു ഉത്ഭവത്തെയായിരിക്കാം സൂചിപ്പിക്കുകയെന്നു കരുതുന്നതായും ഗവേഷകർ പറയുന്നു. വാളിന് അതിന്റേതായ പ്രത്യേക പദവി ഉണ്ടെന്ന അഭിപ്രായമുണ്ട്. ഇതിലെ മോതിരം രാജാവിന്റെയോ പ്രധാന പ്രഭുവിന്റെയോ സമ്മാനമാണെന്നാണ് സൂചന.
അക്കാലത്തെ ശവസംസ്കാര ചടങ്ങുകളിലേക്കു പുതിയ വെളിച്ചം വീശുമെന്ന പ്രതീക്ഷയിലാണ് വാളിനെ പഠനവിധേയമാക്കുന്നത്. സ്കാൻഡിനേവിയൻ, ഫ്രാങ്കിഷ് വിദേശ വസ്തുക്കളും സെമിത്തേരിയിൽ സൂക്ഷിച്ചിരുന്നു.
ഇത് അഞ്ചാം നൂറ്റാണ്ടിലെയും ആറാം നൂറ്റാണ്ടിലെയും ഇംഗ്ലണ്ടിലെ മാറുന്ന രാഷ്ട്രീയ ഭൂപ്രകൃതിയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഗവേഷകർ പറയുന്നു. സെമിത്തേരിയിലെ പുരാവസ്തുക്കൾ കുഴിച്ചെടുത്ത ശേഷം, കെന്റിലെ ഫോക്ക്സ്റ്റോൺ മ്യൂസിയത്തിലേക്കു കൊണ്ടുപോകും.
ഫോക്സ്റ്റോണിനു വടക്ക് കാന്റർബറിക്ക് സമീപമാണ് ശവക്കുഴികളെന്നു ഗവേഷകർ പറഞ്ഞു. എന്നാൽ, സെമിത്തേരിയുടെ കൃത്യമായ സ്ഥാനം അവർ വെളിപ്പെടുത്തിയിട്ടില്ല. വൈകാതെ ബിബിസിയിലെ "ഡിഗിംഗ് ഫോർ ബ്രിട്ടൻ" എന്ന പരിപാടിയിലൂടെ വാളിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടും.
പി.ടി. ബിനു