ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി നിർമിതമായ ക്രിസ്തീയ ദേവാലയം. പീഡാസഹനങ്ങൾക്കുശേഷം ഉയിർപ്പ് വിളംബരം ചെയ്ത ലാറ്ററൻ പള്ളി.
2023 നവംബർ ഒൻപതിന് ഉദ്ഘാടനം ചെയ്യപ്പെട്ട പള്ളിയുടെ 1700-ാമത് വാർഷികാഘോഷത്തിന് 2024 നവംബർ ഒൻപതിന് പരിസമാപ്തി. ആത്മീയ ചൈതന്യം തുടക്കുന്ന ലാറ്ററൻ ഹൃദയത്തെ തൊട്ടറിയാം.
""ഞാൻ വിജനമായ ഒരു സ്ഥലത്ത് ഒരു പാറപ്പുറത്ത് നിൽക്കുകയായിരുന്നു. പള്ളികളുടെ പള്ളിയായ ലാറ്ററൻ ദേവാലയം എന്റെ കൺമുന്നിൽ. അങ്ങനെ നോക്കിനിന്നപ്പോൾ കണ്ടു - അതു ചായുന്നു. ഗോപുരങ്ങൾ, മണിമാളികകൾ, ചെരിയുന്നു; ചുവരുകൾ പൊട്ടിപ്പിളരുന്നു. അപ്പോൾ ഒരശരീരി: ഫ്രാൻസിസ്, രക്ഷിക്കൂ.''
1210 ഏപ്രിൽ 16. താൻ പുതുതായി തുടങ്ങിയ സന്ന്യാസ സഹോദര സംഘത്തിന് അനുമതി വാങ്ങാൻ ഇന്നസെന്റ് മൂന്നാമൻ പാപ്പായെ കാണാനെത്തിയതായിരുന്നു അസീസിയിലെ ഫ്രാൻസിസ്. തലേന്നു താൻ കണ്ട സ്വപ്നം പാപ്പായോടു വിശദീകരിക്കുകയാണ് ഫ്രാൻസിസ്. മാർപാപ്പ പറഞ്ഞു: ""ഇന്നു വെളുപ്പിനു നീ കണ്ട സ്വപ്നം ഞാനും കണ്ടു. ലാറ്ററൻ ദേവാലയം ചാഞ്ഞു വീഴാൻ തുടങ്ങുന്ന ആ സ്വപ്നം. എന്നാൽ, നീ കാണാത്തതൊന്നു ഞാൻ കണ്ടു. വൃത്തികെട്ട മുഖമുള്ള, കീറവസ്ത്രം ധരിച്ച, ഒരു സന്യാസിയുടെ രൂപം. പക്ഷേ.... ''
ലാറ്ററൻ ബസിലിക്ക കത്തോലിക്കാ സഭയുടെ പ്രതീകമാണ്. ലൗകായതികത്വവും ആഡംബരഭ്രമവും അധികാരപ്രമത്തതയുമൊക്കെ യഥാർഥ ആത്മീയതയെ നിഷ്കാസനം ചെയ്ത്, സഭയെ തകർത്തുകളയുമെന്ന ഘട്ടം വന്നപ്പോൾ, സഭാസൗധത്തെ താങ്ങിനിർത്താനും ബലപ്പെടുത്താനും നിയുക്തനായ ദൈവത്തിന്റെ നിസ്വനായിരുന്നു ഫ്രാൻസിസ് അസീസി. അദ്ദേഹത്തിന്റെ പുതിയ പ്രസ്ഥാനം സഭയ്ക്കു നവജീവൻ നല്കി. ഉയിർപ്പിന്റെ അനുഭവംതന്നെ. അദ്ദേഹത്തിന്റെ സ്മാരകമാണ് ബസിലിക്കയുടെ മുൻവശത്ത് 1926ൽ വിശുദ്ധന്റെ 700-ാം ജന്മവർഷത്തിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമാസമുച്ചയം.
17 നൂറ്റാണ്ട് , മഹാദേവാലയം
റോമാ നഗരത്തിലെ ആദ്യത്തെ ക്രൈസ്തവ ദേവാലയം 17 നൂറ്റാണ്ടുകൾ പിന്നിടുന്നു. അതിഘോരമായ മതപീഡനങ്ങളുടെ രണ്ടര നൂറ്റാണ്ടുകൾക്കു ശേഷം ക്രിസ്തുമതം സാമ്രാജ്യതലസ്ഥാനത്ത് അംഗീകരിക്കപ്പെട്ടപ്പോൾ വിശ്വാസികൾക്ക് ഒത്തുകൂടാൻ ആദ്യമായി നിർമിതമായ പള്ളിയാണിത്. റോമിലെ ഭൂഗർഭാലയങ്ങളിലും സ്വകാര്യ ഭവനങ്ങളിലും രഹസ്യമായി ഒന്നിച്ചുകൂടിയിരുന്ന വിശ്വാസികൾക്കു മതപീഡനത്തിന്റെ പേടികൂടാതെ സമ്മേളിക്കാമെന്നായപ്പോൾ ആദ്യം പണിത പള്ളി. അതുകൊണ്ട് നഗരത്തിലും ലോകത്തിലുമുള്ള എല്ലാ പള്ളികളുടെയും മാതാവും ശിരസും എന്ന് ലാറ്ററന്റെ മുഖവാരത്തിൽ ലത്തീനിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ആർച്ച് ബസിലിക്ക
ലോകത്ത് ആകെയുള്ള നാലു മേജർ പ്രൈമറി അഥവാ പാട്രിയാർക്കൽ ബസിലിക്കകളിൽ ഏറ്റവും പുരാതനവും പ്രമുഖവുമാണ് ലാറ്ററൻ ബസിലിക്ക. അതുകൊണ്ട് ആർച്ച് ബസിലിക്ക എന്ന സ്ഥാനപ്പേരും ഈ പള്ളിക്കുണ്ട്. ക്രൈസ്തവ ചരിത്രത്തിലെ ഏറ്റവും പുരാതനമായ നാലു പാട്രിയർക്കേറ്റുകളെ പ്രതിനിധീകരിക്കുന്നവയാണ് പാട്രിയർക്കൽ ബസിലിക്കകൾ, അവ നാലും റോമിലാണ്. ലാറ്ററൻ (റോം), സെന്റ് പീറ്റേഴ്സ് (കോൺസ്റ്റാന്റിനോപ്പിൾ), സെന്റ് പോൾ (അലക്സാൻഡ്രിയ), മേരി മേജർ (അന്ത്യോഖ്യ) എന്നിവയാണ് റോമിലെ നാലു പാട്രിയർക്കൽ ബസിലിക്കകൾ.
ലാറ്ററൻ എന്ന പേര്
ലാറ്ററൻ എന്ന പേരിനുമുണ്ട് ഒരു ചരിത്രം. ലാറ്റെറാനൂസ് എന്ന ധനിക കുടുംബത്തിന്റെ കൊട്ടാരസദൃശമായ വസതിയാണ് ഇവിടെ നിന്നിരുന്നത്. റോമൻ സെനറ്റർ ആയിരുന്ന പ്ലൗസിയൂസ് ലാറ്റെറാനൂസ് ആയിരുന്നു നീറോ ചക്രവർത്തിയുടെ കാലത്ത് ലാറ്ററൻ കുടുംബത്തിലെ കാരണവർ. നീറോയ്ക്കെതിരേ ഗൂഢാലോചന നടത്തി എന്ന കുറ്റമാരോപിച്ച് നീറോ അദ്ദേഹത്തെ വധിക്കുകയും (എഡി 65) ലാറ്ററൻ വസ്തു സ്വന്തമാക്കുകയുമായിരുന്നു. റോമൻ ചരിത്രകാരനായ ടാസിറ്റസ് ഇക്കാര്യങ്ങളെല്ലാം തന്റെ ""നാളാഗമങ്ങൾ'' എന്ന ചരിത്രഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ചക്രവർത്തിയുടെ കൈവശത്തിലായിരുന്ന ഈ സ്ഥലം കോൺസ്റ്റന്റൈൻ ഒരു പള്ളിയും വസതിയും പണിയാനായി മെൽക്കിയാദെസ് പാപ്പായ്ക്കു (എഡി 311-314) നല്കി. ഇവിടെ പള്ളി പണിത് ദിവ്യരക്ഷകനു പ്രതിഷ്ഠിച്ചത് എഡി 324ൽ സിൽവെസ്റ്റർ ഒന്നാമൻ പാപ്പ(എഡി 314-335)യാണ്. അങ്ങനെ ഇവിടെ നിർമിതമായ പള്ളി ലാറ്ററൻ എന്നറിയപ്പെട്ടു തുടങ്ങി. മാർപാപ്പ റോമാ രൂപതയുടെ മെത്രാനായതുകൊണ്ട് അദ്ദേഹത്തിന്റെ ഭദ്രാസന പള്ളി കൂടിയാണ് ലാറ്ററനിലെ പള്ളി.
സംഭവബഹുലം
ലാറ്ററൻ ബസിലിക്കയുടെ ചരിത്രം സംഭവബഹുലമാണ്. എഡി 408ലും 455ലും കൊള്ളക്കാരുടെ ആക്രമണവും 896ൽ ഭൂകന്പവും 1308ലും 1360ലും തീപിടിത്തവും 1994ൽ മാഫിയാ ആക്രമണവും പള്ളി അതിജീവിച്ചു. പല മാർപാപ്പമാർ പുനർനിർമാണ പ്രവർത്തനങ്ങൾ നടത്തി. ഫ്രാൻചെസ്കോ ബൊറോമീനി 1646-49 വർഷങ്ങളിൽ ഹൈക്കലാ (ദേവാലയന്തർഭാഗം) പരിഷ്കരിച്ചതിന് ഇപ്പോഴും മാറ്റമില്ല. പള്ളിയുടെ കിഴക്കുവശത്തെ പ്രധാന മുഖവാരം 1735ൽ പണിതതാണ്; അലസാന്ദ്രോ ഗലിലേയി ആണ് ശില്പി. മൂന്നു നൂറ്റാണ്ടുകൾ പഴക്കമുള്ള ആ മുഖവാരമാണ് ഇന്നു നമ്മൾ കാണുന്നത്.
ലാറ്ററൻ ബസിലിക്കയിൽ അഞ്ചു സാർവത്രിക സൂനഹദോസുകൾ സമ്മേളിച്ചിട്ടുണ്ട്. 1123, 1139, 1179, 1215, 1512 എന്നീ വർഷങ്ങളിൽ.
ബാരോക് ശില്പകലാ ശൈലിയിലാണ് ഇന്നു നാം കാണുന്ന പള്ളി 1735ൽ നവീകരിക്കപ്പെട്ടത്. അലങ്കാരമേദുരവും വർണശബളവും സൂക്ഷ്മാംശങ്ങളിൽ പോലും കൃത്യത പുലർത്തുന്നതുമായ ഈ ശൈലി 16 മുതൽ 18 വരെ നൂറ്റാണ്ടുകളിൽ റോമിൽ സ്വാധീനം ചെലുത്തിയിരുന്നു. പള്ളിയകത്തെ മാർബിൾ വിന്യാസത്തിലും പ്രതിമകളുടെയും തൂണുകളുടെയും ചിത്രങ്ങളുടെയും നിർമാണത്തിലുമെല്ലാം അക്കാലത്തെ ഏറ്റവും പ്രമുഖരായ നവോത്ഥാന കാലത്തെ കലാകാരന്മാരും ശില്പികളുമാണ് സഹകരിച്ചിട്ടുള്ളത്.
കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ കാലം മുതൽ 1304 വരെ, ഏകദേശം ആയിരം വർഷക്കാലം മാർപാപ്പമാർ വസിച്ചിരുന്നത് പള്ളിയുടെ മുൻവശത്ത് ഇന്നത്തെ പള്ളിമുറ്റത്തുണ്ടായിരുന്ന വലിയൊരു കൊട്ടാരത്തിലാണ്. ആ കൊട്ടാരത്തിന്റെ ഭക്ഷണമുറിയുടെ ഭിത്തി ഇപ്പോഴുമുണ്ട്. പള്ളിമുറ്റത്തുനിന്നു വലത്തോട്ടു നോക്കുന്പോൾ മൊസയിക്കുകൾ പതിച്ച ആ ഭിത്തി നിരത്തിനപ്പുറത്തു കാണാം. ആ കൊട്ടാരത്തിനു പകരമായി സിക്സ്റ്റസ് അഞ്ചാമൻ പാപ്പാ 16-ാം നൂറ്റാണ്ടിൽ പള്ളിയോടു ചേർന്നു വലതുവശത്തായി പണിതതാണ് ഇപ്പോൾ ലാറ്ററൻ കൊട്ടാരമായി അറിയപ്പെടുന്നത്. റോമാ രൂപതയുടെ ആസ്ഥാനവും രൂപതവക ഓഫീസുകളും അതിലാണ്. 14-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ മാർപാപ്പമാർ താമസിക്കുന്നത് വത്തിക്കാനിലാണ്.
ഒറ്റക്കൽ സ്തൂപിക
ലാറ്ററൻ കൊട്ടാരത്തിന്റെ പിന്നിലായി ജോൺ പോൾ രണ്ടാമൻ ചത്വരത്തിൽ റോമിലെ ഏറ്റവും ഉയരമേറിയ ഒറ്റക്കൽ സ്തംഭം നിൽക്കുന്നു. ഈജിപ്തിലെ തീബ്സിൽ അമ്മോൺ ക്ഷേത്രമുറ്റത്തുനിന്നിരുന്നതാണ് ഇത്. എഡി 375ൽ കോൺസ്റ്റൻസ് രണ്ടാമൻ ചക്രവർത്തി റോമിലെത്തിച്ച് മാക്സിമൂസ് സർക്കിളിൽ സ്ഥാപിച്ച ഇത് 1587 മുതൽ ഇവിടെയാണ് നില്പ്. ഇവിടെനിന്ന് ഏതാനും മീറ്റർ അകലെ അഷ്ടകോണാകൃതിയിലുള്ള മാമ്മോദീസ കപ്പേള അഞ്ചാം നൂറ്റാണ്ടിൽ പണിയപ്പെട്ടതാണ്.
മുഖവാരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ""ക്ലെമന്റ് 12-ാമൻ പാപ്പയുടെ അഞ്ചാം ഭരണവർഷം, രക്ഷകനായ മിശിഹായ്ക്ക്, സ്നാപകയോഹന്നാന്റെയും യോഹന്നാൻ സുവിശേഷകന്റെയും ബഹുമാനാർഥം'' എന്നാണ്. മുഖവാരത്തിന്റെ ഒന്നാം നിലയിലെ വരാന്തയുടെ പേര് ലോജിയ. പരിശുദ്ധ പിതാവ് അവിടെനിന്നാണ് ജനങ്ങളെ ആശീർവദിച്ചിരുന്നത്. മുഖവാരത്തിന്റെ മുകളിൽ നടുക്ക് രക്ഷകനായ മിശിഹായുടെയും വശങ്ങളിലായി യോഹന്നാന്മാരുടെയും പത്ത് പാശ്ചാത്യ, പൗരസ്ത്യ പിതാക്കന്മാരുടെയും പ്രതിമകൾ. ഓരോന്നും ഏഴുമീറ്റർ ഉയരമുള്ളവയാണ്.
പള്ളിക്ക് അഞ്ചു കവാടങ്ങൾ. നടുവിലത്തെ വെങ്കലകവാടം പുരാതന റോമൻ ഫോറത്തിൽനിന്ന് 1660ൽ ഇവിടെ കൊണ്ടുവന്നു സ്ഥാപിച്ചതാണ്. വലത്തേ അറ്റത്തേതാണ് വിശുദ്ധ വത്സരത്തിൽ മാത്രം തുറക്കുന്ന വിശുദ്ധകവാടം.
""സുവർണ ദേവാലയം'' എന്ന വിളിപ്പേര് അന്വർഥമാക്കുന്നതാണ് പള്ളിയുടെ ഉൾഭാഗം. ഗംഭീരമായ പത്ത് ചതുരൻ തൂണുകൾ താങ്ങിനിർത്തുന്ന മച്ചിലേക്ക് അറിയാതെ കണ്ണുകൾ പോകും. സുവർണമഞ്ഞപ്പൊലിമയിൽ തിളങ്ങുന്ന അനേകം കാസ്ക്കറ്റുകളാണ് മച്ചിൽ. ഓരോ തൂണിനോടും ചേർന്ന് 12 ശ്ലീഹന്മാരുടെ നാലേകാൽ മീറ്റർ ഉയരമുള്ള മാർബിൾ പ്രതിമകൾ. ഹൈക്കലായുടെ ഇരുവശത്തും ഈരണ്ട് ഇടനാഴികൾ. ഭിത്തികളിൽ നിരവധി ചിത്രങ്ങൾ, ലംബശില്പങ്ങൾ. ഇരുവശങ്ങളിലെയും പുറംഭിത്തികളിൽ കപ്പേളകൾ.
പേപ്പൽ അൾത്താര
ബസിലിക്കയുടെ കേന്ദ്രസ്ഥാനത്തുള്ള പേപ്പൽ അൾത്താര 1367ൽ സ്ഥാപിക്കപ്പെട്ടതാണ്. ഉയരമേറിയ ഒരു പാലികയ്ക്കു താഴെയാണ് അൾത്താര. പാലികയുടെ തൂണുകൾ കൃഷ്ണശിലയിലും മാർബിളിലും തീർത്തതാണ്. അൾത്താര വെണ്ണക്കല്ലിലും. ഈ അൾത്താരയിൽ വിശുദ്ധ പത്രോസ് മുതൽ സിൽവെസ്റ്റർ ഒന്നാമൻ വരെ ഉപയോഗിച്ചിരുന്ന അൾത്താരയിൽനിന്നുള്ള ഭാഗങ്ങൾ ഉൾച്ചേർന്നിട്ടുണ്ട്. പാലികയുടെ ഏറ്റവും മുകളിലത്തെ തട്ടിൽ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ അർധകായ പ്രതിമകൾ കാണാം. ആ പ്രതിമകളിൽ അവരുടെ തിരുശേഷിപ്പുകൾ നിക്ഷേപിച്ചിട്ടുണ്ട്. പാലികയും അൾത്താരയും ഗോത്തിക് ശൈലിയിലും ദേവാലയത്തിന്റെ രൂപഘടന ബാരോക് ശൈലിയിലുമാണ്. ദിവസേന വിശുദ്ധ കുർബാന നടക്കുന്ന കപ്പേള മദ്ബഹയുടെ ഇടതുവശത്താണ്.
കണ്ടുതീരാതെ
മദ്ബഹാഭിത്തിയിലെ മൊസയിക് 1292ൽ പൂർത്തിയായതാണ്. 1884-86 വർഷങ്ങളിൽ പടിഞ്ഞാറേക്കു നീട്ടിയപ്പോൾ ശ്രദ്ധാപൂർവം പുനഃസ്ഥാപിച്ചതാണിത്. ഏറ്റവും മുകളിൽ മാലാഖമാർ വണങ്ങുന്ന മിശിഹാ. മൊസയിക്കിന്റെ മധ്യത്തിൽ രത്നഖചിതമായ കുരിശ് സുവർണപശ്ചാത്തലത്തിൽ വിരാജിക്കുന്നു. പരിശുദ്ധാത്മാവിന്റെ പ്രതീകമായ പ്രാവ് കുരിശിന്മേൽ പറന്നിറങ്ങുന്നു. കുരിശിൻ ചുവട്ടിൽ പറുദീസയിലെ നാലു നദികൾ, ദാഹം ശമിപ്പിക്കുന്ന മാനുകളും ചെമ്മരിയാടുകളും.
കുരിശിന്റെ ഇരുവശങ്ങളിലായി പരി. കന്യകാമറിയം, സ്നാപക യോഹന്നാൻ, യോഹന്നാൻ സുവിശേഷകൻ, പത്രോസ്, പൗലോസ്, അന്ത്രയോസ് എന്നിവരുടെ ചിത്രങ്ങൾ. വിശുദ്ധ ഫ്രാൻസിസ് അസീസി, പാദുവായിലെ വിശുദ്ധ അന്തോനി, നിക്കോളാസ് നാലാമൻ പാപ്പ എന്നിവരെയും ചിത്രീകരിച്ചിരിക്കുന്നു. ഈ മൊസയിക്കിനു താഴെയാണ് വെണ്ണക്കല്ലിൽ കൊത്തിയ പേപ്പൽ ഭദ്രാസനം.
പള്ളിയുടെ ഇടതുവശത്തുനിന്നു പുറത്തേക്കുള്ള വാതിലിലൂടെ കടന്നാൽ വൈദികർ യാമപ്രാർഥനകൾ ചൊല്ലിയിരുന്ന ക്ലോയിസ്റ്റർ എന്നു പേരുള്ള കമാനമാർഗത്തിലെത്താം. ഒരു നടുമുറ്റവും നാലുവശത്തും വരാന്തകളും. വരാന്തകളിലെ വിചിത്രാകൃതിയിലുള്ള നിരവധി മാർബിൾ തൂണുകളാണ് സന്ദർശകരെ ആകർഷിക്കുന്നത്. 1215-1223 വർഷങ്ങളിൽ പണിതതാണ് ഇവ. നടുമുറ്റത്തുള്ള കിണറിനു പതിനൊന്നു നൂറ്റാണ്ട് പഴക്കമുണ്ട്. ഏതൊരു തീർഥാടകനും തൊട്ടറിയാവുന്ന ആത്മീയ ഊർജവുമായി ലാറ്ററൻ ഹൃദയം തുടിച്ചു കൊണ്ടേയിരിക്കുന്നു.
ജെറി ജോർജ്, ബോൺ