നിറഞ്ഞ സദസിൽ സെമിനാറുകൾക്ക് കോഴിക്കോട് തുടക്കം
Friday, May 16, 2025 3:10 PM IST
കോഴിക്കോട്: ലോക സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്നത് വഴി തൊഴിലും വരുമാനവും വർധിപ്പിക്കാൻ കഴിഞ്ഞെന്നും ടൂറിസം കേന്ദ്രങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിന് സാധിച്ചെന്നും പി.ടി.എ. റഹീം എംഎൽഎ.
'എൻറെ കേരളം' പ്രദർശന-വിപണന മേളയുടെ ഭാഗമായി നടത്തുന്ന സെമിനാറുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
'പശ്ചാത്തല വികസനവും ടൂറിസം വളർച്ചയും' എന്ന വിഷയത്തിലാണ് ആദ്യ ദിവസത്തെ സെമിനാർ നടന്നത്. പശ്ചാത്തല വികസന മേഖലയിലുണ്ടായ വികസനങ്ങളിലൂടെയും ഡെസ്റ്റിനേഷൻ ടൂറിസം, ഉത്തരവാദിത്ത ടൂറിസം, ടൂറിസം ക്ലബുകൾ തുടങ്ങിയവയിലൂടെയും പൊതുവായി വിനോദസഞ്ചാര മേഖലയിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞതായി സെമിനാർ വിലയിരുത്തി. കോവിഡാനന്തരം ലോകം കാണാൻ ആഗ്രഹിക്കുന്ന പ്രധാന ഇടങ്ങളിൽ ഒന്നായി കേരളം മാറിയതിനു പിന്നിൽ സർക്കാരിൻറെ ദീർഘവീക്ഷണമുള്ള പദ്ധതികൾ ഉണ്ടെന്നും ഡിസൈൻ പോളിസിയിലൂടെ കേരളത്തിൻറെ മുഖച്ഛായ മാറ്റാൻ കഴിയുമെന്നും അഭിപ്രായമുയർന്നു.
സെമിനാർ കമ്മിറ്റി ചെയർമാൻ ടി.വി. നിർമലൻ അധ്യക്ഷത വഹിച്ചു. സെമിനാർ നോഡൽ ഓഫീസർ അബ്ദുൽ ഹക്കീം, ജില്ലാ ഇൻഫർമേഷൻ ഓഫീസർ അബ്ദുൽ കരീം എന്നിവർ പ്രസംഗിച്ചു.