സെന്‍റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് സംഘടിപ്പിച്ച കലാസാംസ്‌കാരിക പരിപാടികള്‍ ആകര്‍ഷകമായി
Monday, October 3, 2022 3:27 PM IST
പി.പി ചെറിയാന്‍
ഡാളസ് : ഡാളസ് സെന്‍റ് പോള്‍സ് മാര്‍ത്തോമ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 1 ശനിയാഴ്ച വൈകിട്ട് പള്ളിയങ്കണത്തില്‍ എക്‌സ്ട്രാവെഗാന്‍സ് എന്ന പേരില്‍ സംഘടിപ്പിച്ച കലാസാംസ്‌കാരിക പരിപാടികള്‍ ആകര്‍ഷകമായി.

ഐശ്വര്യത്തിന്‍റേയും സമൃദ്ധിയുടെയും സന്തോഷത്തിന്‍റേയും നാനാത്വത്തില്‍ ഏകത്വമായിരിക്കുന്ന നമ്മുടെ ഭാരത സംസ്‌കാരം വിവിധ കലാപരിപാടികളോടെ മുതിര്‍ന്ന തലമുറയ്ക്ക് പഴയ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുന്നതിനും വളര്‍ന്നു വരുന്ന തലമുറയ്ക്ക് ഭാരതസംസ്‌കാരത്തെ കുറിച്ച് അറിവ് പകര്‍ന്നു നല്‍കുന്നതിനുമാണ് ഇങ്ങനൊരു പരിപാടി സംഘടിപ്പിച്ചതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ റവ.ഷൈജു സി.ജോയ് പറഞ്ഞു.
സെക്രട്ടറി ഫിന്‍ മാത്യു സ്വാഗതമാശംസിച്ചു. തുടര്‍ന്ന് കെ ഒ. സാംകുഞ്ഞിന്‍റെ ഗാനത്തോടെ കലാപരിപാടികള്‍ക്ക് തുടക്കമായി. റിതിക നേഹ ടീമിന്‍റെ ഡാന്‍സ്, സക്കറിയ തോമസ് ടീമിന്റെ വില്ലൊടിച്ചാന്‍ പാട്ട്, എഡ്‌ന ചെറിയാന്റെ ഫോക്ക് ഡാന്‍സ്, അവടെസ ടീമിന്‍റെ ഡാന്‍സ്, ആഷ്ലി , ജനിഫര്‍, ലിയ, ജോവാന്‍ എന്നിവരുടെ നൃത്തം, ബ്രിന്‍റാ ടോണി ഡാന്‍സ്, ചെണ്ടമേളം എന്നിവ അവതരിപ്പിച്ചത് കാണികളുടെ മനം കവര്‍ന്നു. അലക്‌സ് കോശി പ്രാരംഭ പ്രാര്‍ഥന നടത്തി. ട്രസ്റ്റി ഉമ്മന്‍ ജോണ്‍ നന്ദി പറഞ്ഞു. ജോതം പി, സൈമണ്‍, പ്രിയ ഏബ്രഹാം എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു, പരിപാടികള്‍ക്കു ശേഷം വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.