ഗര്‍ഭഛിദ്ര നിയമം റദ്ദാക്കിയതിനെതിരെ യുഎസില്‍ പ്രതിഷേധം
Sunday, June 26, 2022 3:28 PM IST
പി.പി ചെറിയാന്‍
ഡാളസ് : അരനൂറ്റാണ്ടായി അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയിരുന്ന സുപ്രിം കോടതി വിധി റദ്ദാക്കിയതിനെതിരെ വന്‍ പ്രതിഷേധം. ഡാലസിലും ഗര്‍ഭഛിദ്ര അനുകൂലികള്‍ വന്‍ പ്രകടനം നടത്തി. ഡാലസ് ഡൗണ്‍ടൗണിലെ മെയിന്‍ സ്ട്രീറ്റ് ഗാര്‍ഡനിലാണ് നാനൂറോളം പേര്‍ ഒത്തു ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിച്ചത്.

സുപ്രിം കോടതി വിധിവരുന്നതിന് മുന്‍പ് തന്നെ ടെക്‌സസില്‍ ഗര്‍ഭഛിദ്രം പൂര്‍ണമയും നിരോധിച്ചിരുന്നു. ഗര്‍ഭഛിദ്രം നടത്തുന്ന ക്ലിനിക്കുകളും അടച്ചു പൂട്ടിയിരുന്നു.

ജൂണ്‍ ആദ്യവാരം ടെക്‌സസ് ഗവര്‍ണര്‍ ഒപ്പുവച്ച ഗര്‍ഭനിരോധന നിയമത്തില്‍ ഗര്‍ഭഛിദ്രത്തെ പ്രേരിപ്പിക്കുകയോ, ഗര്‍ഭഛിദ്രം നടത്തുകയോ ചെയ്യുന്നവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ വരെ പിഴ ചുമത്തുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഡാളസിലെ പ്രകടത്തില്‍ പങ്കെടുത്തവര്‍ ഗവര്‍ണര്‍ ഗ്രെഗ് ഏബട്ടിനെ വോട്ട് ചെയ്ത് പുറത്താക്കണമെന്നും ബെറ്റോ ഒ റൂര്‍ക്കയെ ഗവര്‍ണറായി തെരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ടു.