പ്രമേഹ രോഗി ഇന്‍സുലിന്‍ ലഭിക്കാതെ ജയിലില്‍ മരിച്ചു; കുടുംബത്തിന് 2.7 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം
Friday, June 24, 2022 2:23 PM IST
പി.പി ചെറിയാന്‍
മിസിസിപ്പി: 2014 സെപ്റ്റംബര്‍ 24ന് ജോര്‍ജ് കൗണ്ടി റീജിയനല്‍ കറക്ഷണല്‍ ഫെസിലിറ്റിയില്‍ മരിച്ച വില്യം ജോയല്‍ ഡിക്‌സന്‍റെ കുടുംബത്തിന് 2.7 മില്യന്‍ ഡോളര്‍ നല്‍കുന്നതിന് ധാരണയായി. മരിക്കുന്നതിന് മുന്‍പുള്ള ഏഴു ദിവസങ്ങളില്‍, പ്രമേഹ രോഗിയായിരുന്ന വില്യമിനു ഇന്‍സുലിന്‍ നിഷേധിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

വില്യമിന് ആവശ്യമായ ഇന്‍സുലിന്‍ മാതാവ് ജയിലധികൃതരെ ഏല്‍പിച്ചിരുന്നുവെങ്കിലും നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് ജയിലിലെ മുന്‍ നഴ്‌സിന് 15 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചിരുന്നു.

ഇന്‍സുലിനുവേണ്ടി വില്യം ജയിലധികൃതരുടെ മുന്നില്‍ യാചിച്ചെങ്കിലും അധികൃതര്‍ അത് തള്ളികളയുകയും മയക്കുമരുന്നു ലഭിക്കാത്തതാണ് വില്യംമിന്‍റെ ക്ഷീണത്തിനു കാരണമെന്ന് ചൂണ്ടികാണിക്കുകയും ചെയ്തിരുന്നു.

മകന്‍റെ മരണത്തിന് ഉത്തരവാദികള്‍ ജയിലധികൃതരാണെന്ന് ചൂണ്ടികാട്ടി അമ്മ പരാതി നല്‍കിയരുന്നു. ഈ കേസിലാണ് ജോര്‍ജ് കൗണ്ടി അധികൃതര്‍ ഒത്തുതീര്‍പ്പിന് തയാറായത്. ജോര്‍ജ് കൗണ്ടി സൂപ്പര്‍ വൈസറാണ് തുക നല്‍കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചത്. ജോര്‍ജ് കൗണ്ടി അധികൃതര്‍ വില്യമിന്റെ കുടുംബത്തോടു മാപ്പ് പറയണമെന്നും ഒത്തുതീര്‍പ്പു വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയിരുന്നു.