യുക്രെയിന് 450 മില്യന്‍ ഡോളറിന്‍റെ സൈനിക സഹായം പ്രഖ്യാപിച്ച് യുഎസ്
Friday, June 24, 2022 2:17 PM IST
പി.പി ചെറിയാന്‍
വാഷിങ്ടന്‍ ഡിസി : അമേരിക്ക യുക്രെയിന് അനുവദിച്ച 450 മില്യന്‍ ഡോളര്‍ മിലിറ്ററി പാക്കേജിന്‍റെ ഭാഗമായി നാലു ദീര്‍ഘദൂര റോക്കറ്റ് വാഹിനികള്‍ അയക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. റഷ്യ ആക്രമണം ശക്തിപ്പെടുത്തിയതിനെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈ മൊബിലിറ്റി ആര്‍ട്ടിലറി റോക്കറ്റ് സിസ്റ്റം അയയ്ക്കുന്നതിന് തീരുമാനിച്ചത്.

അമേരിക്ക സഖ്യകക്ഷികളുമായി സഹകരിച്ചു കൂടുതല്‍ ആയുധങ്ങള്‍ അയയ്ക്കുന്നതിന് തീരുമാനിച്ചതായി ആക്ടിങ് പെന്‍റഗണ്‍ പ്രസ് സെക്രട്ടറി ടോഡ് ബ്രാസ്സില്ലാ പറഞ്ഞു. ഇത്തരത്തിലുള്ള സഹായങ്ങള്‍ തുടര്‍ന്നും നല്‍കുമെന്ന് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കോര്‍ഡിനേറ്റര്‍ ജോണ്‍ കിര്‍ബി അറിയിച്ചു.


ഫെബ്രുവരി 24ന് ആരംഭിച്ച യുക്രെയിന്‍ അധിനിവേശം റഷ്യ തുടരുകയാണ്. ഇതിനെ തുടര്‍ന്ന് ആയിരകണക്കിനു നിരപരാധികള്‍ മരിക്കുകയും ലക്ഷകണക്കിന് യുക്രെയിന്‍ സ്വദേശികള്‍ അഭയാര്‍ഥികളായി രാജ്യം വിടുകയും ചെയ്തു.