ലളിത രാമമൂർത്തി മയൂഖം വേഷ വിധാന മത്സര വിജയി
Thursday, January 27, 2022 2:19 PM IST
ന്യൂയോർക്ക്: ഫോമാ വനിതാവേദിയുടെ മയൂഖം വേഷ വിധാന മത്സരത്തിൽ ലളിത രാമമൂർത്തി വിജയി ആയി. ആവേശവും ഉദ്വേഗവും നിറഞ്ഞുനിന്ന മണിക്കൂറുകൾ നീണ്ട മത്സരത്തിനൊടുവിൽ പതിനഞ്ചോളം മത്സരാർഥികളെ പിന്തള്ളിയാണ് മിഷിഗണിലെ ഗ്രേറ്റ് ലേക്‌സ്‌ മേഖലയിൽ നിന്നുള്ള ബഹുമുഖ സംരംഭകയും ഭരതനാട്യം, കർണാടക സംഗീതം തുടങ്ങിയ ഇനങ്ങളിൽ പ്രാവീണ്യവുമുള്ള ലളിത രാമമൂർത്തി കിരീടം ചൂടിയത്.

ടൊറന്‍റോയിൽനിന്നുള്ള ഐടി അനലിസ്റ്റ് നസ്മി ഹാഷിം ഫസ്റ്റ് റണ്ണറപ്പും കലിഫോർണിയ ബേക്കേഴ്‌സ്‌ഫീൽഡിൽ നഴ്സ് പ്രാക്ടീഷണറായി ജോലി ചെയ്യുന്ന ശ്വേത മാത്യു സെക്കൻഡ് റണ്ണറപ്പ് ആയും തിരഞ്ഞെടുക്കപ്പെട്ടു.

ഫ്ളവേഴ്സ് ടിവി യുഎസ്എയുമായി കൈകോർത്ത് ഫോമാ വനിതാ വേദി നിർധനരായ വിദ്യാർഥിനികൾക്ക് പഠനസഹായത്തിനായുള്ള ധനശേഖരണാർത്ഥമാണ് ഒരു വർഷം മുന്പ് മയൂഖം പരിപാടി ആരംഭിച്ചത്.

അമേരിക്കയിലും കാനഡയിലുമായി പന്ത്രണ്ടു മേഖലകളിൽ നടന്ന പ്രാരംഭ മത്സരത്തിലെ വിജയികളാണ് ഫൈനലിൽ മാറ്റുരച്ചത്. പ്രയാഗ മാർട്ടിൻ, രഞ്ജിനി ഹരിദാസ്, രഞ്ജിനി ജോസ്, ലക്ഷ്മി സുജാത, രേഖ തുടങ്ങിയവരടങ്ങുന്ന വിധികർത്താക്കളാണ് വിജയികളെ തിരഞ്ഞടുത്തത് .

വിജയികൾക്കും മത്സരാർഥികൾക്കും ഫോമാ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ, വനിതാ ഫോറം നാഷണൽ കമ്മിറ്റി ചെയർപേഴ്‌സൺ ലാലി കളപ്പുരക്കൽ, വൈസ് ചെയർപേഴ്‌സൺ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ എന്നിവർ ആശംസകൾ നേർന്നു.

മത്സരം ഫ്ലവർസ് ടിവി തത്സമയം പ്രക്ഷേപണം ചെയ്തു.

ടി. ഉണ്ണികൃഷ്ണൻ