വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു
Monday, January 24, 2022 3:37 PM IST
ഹാരിസ് കൗണ്ടി: ഹൂസ്റ്റണിലെ ഹാരിസ് കൗണ്ടി ബീച്ച്നട്ടിൽ വാഹന പരിശോധന നടത്തുന്നതിനിടെ ഡെപ്യൂട്ടി കോൺസ്റ്റബിൾ വെടിയേറ്റു മരിച്ചു. ചാൾസ് ഗാലൊവെ (47) ആണ് മരിച്ചത്.

ജനുവരി 23നായിരുന്നു സംഭവം. ട്രാഫിക് നിയമം ലംഘിച്ച് വാഹനമോടിച്ചതിന്‍റെ പേരിൽ കൈകാണിച്ചു നിർത്തിയ വാഹനത്തിലെ ഡ്രൈവർ പുറത്തിറങ്ങി യാതൊരു പ്രകോപനവുമില്ലാതെ ഓഫിസർക്കു നേരെ നിറയൊഴിക്കുകയായിരുന്നു. തുടർന്നു വാഹനത്തിൽ കയറി രക്ഷപ്പെട്ട അക്രമിയെ പോലിസിനു പിടികൂടാനായിട്ടില്ല. ഹിസ്പാനിക്ക് യുവാവാണ് വെടിവച്ചതെന്ന് പ്രാഥമിക അന്വേഷണത്തിനുശേഷം പോലീസ് സ്ഥിരീകരിച്ചു.

12 വർഷമായി ഹാരിസ് കൗണ്ടിയിൽ ഡെപ്യൂട്ടിയായി പ്രവർത്തിക്കുകയായിരുന്നു ചാൾസ്. അടുത്തിടെ ഫീൽഡ് ട്രെയ്നിംഗ് ഓഫിസറായി ജോലി കയറ്റം ലഭിച്ചിരുന്നു.

പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവർ ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ടുമെന്‍റിനെ അറിയിക്കണമെന്ന് ചീഫ് ട്രോയ് ഫിന്നർ പറഞ്ഞു. സംഭവത്തെ ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടർണർ, ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡൽഗ എന്നിവർ അപലപിച്ചു.

മൂന്നു മാസം മുമ്പാണ് സമാനമായ ഒരു സംഭവത്തിൽ ഹാരിസ് കൗണ്ടി കോൺസ്റ്റബിൾ കരീം ആറ്റ് കിൻസ് (30) ഹൂസ്റ്റൺ സ്പോർട്സ് ബാറിനു മുന്നിൽ വെടിയേറ്റു മരിച്ചത്.

പി.പി. ചെറിയാൻ