ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഷിക്കാഗോ ചാപ്റ്ററിന് പുതു നേതൃത്വം
Monday, January 17, 2022 9:33 PM IST
ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഷിക്കാഗോ ചാപ്റ്ററിന് പുതു നേതൃത്വം. ശിവൻ മുഹമ്മ (കൈരളി ടിവി) യുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് അടുത്ത രണ്ടു വർഷത്തേക്ക് ഇന്ത്യാ പ്രസ് ക്ലബ്് ഓഫ് നോർത്ത് അമേരിക്ക ഷിക്കാഗോ ചാപ്റ്ററിനെ നയിക്കുവാൻ വേണ്ടി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യാ പ്രസ് ക്ലബ് ഷിക്കാഗോ ചാപ്റ്ററിനെ കഴിഞ്ഞ രണ്ടു വർഷക്കാലം നയിക്കുകയും ഈ വർഷം നാഷണൽ കമ്മറ്റിയിൽ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ബിജു സഖറിയാ (ഫ്ളവേഴ്സ് ടിവി) യുടെ അധ്യക്ഷതയിൽ കൂടിയ ബോർഡ് മീറ്റിംഗിൽ വച്ചാണ് പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തത്.

സെക്രട്ടറിയായി പ്രസന്നൻ പിള്ള (കൈരളി ടിവി), ട്രഷറർ ആയി അനിൽ മറ്റത്തിക്കുന്നേൽ (ഏഷ്യാനെറ്റ് ), വൈസ് പ്രസിഡന്‍റ് ജോയിച്ചൻ പുതുക്കുളം (ഫ്രീലാൻസ് ജേർണലിസ്റ്റ് ), ജോയിന്‍റ് സെക്രട്ടറിയായി വർഗ്ഗീസ് പാലമലയിൽ (മാസപ്പുലരി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ശിവൻ മുഹമ്മ കൈരളി ടിവി യുഎസ്എയുടെ ഡയറക്ടർ ആയി പ്രവർത്തിക്കുന്നു. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നാഷണൽ പ്രസിഡന്‍റ്്, അഡ്വൈസറി ബോർഡ് ചെയർമാൻ, നാഷണൽ സെക്രട്ടറി , ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്‍റ് തുടങ്ങി വിവിധ സ്ഥാനങ്ങൾ അലങ്കരിച്ചുകൊണ്ട് ഇന്ത്യാ പ്രസ്് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നിട്ടുണ്ട്.

സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രസന്നൻ പിള്ള കൈരളി ടിവി യുഎസ്എയുടെ സജീവ പ്രവർത്തകനാണ്. കഴിഞ്ഞ ഭരണ സമിതിയിലും സെക്രട്ടറിയായി പ്രവർത്തിക്കുകയും, ഷിക്കാഗോയിൽ വച്ച് നടത്തപ്പെട്ട ഇന്ത്യാ പ്രസ്ക്ലബിന്‍റെ അന്താരാഷ്ട്ര മീഡിയാ കോണ്‍ഫറൻസിന്‍റെ രജിസ്ട്രേഷൻ കമ്മറ്റിക്ക് ശ്ലാഘനീയമാം വിധത്തിൽ നേതൃത്വം നൽകുകയും ചെയ്തിരുന്നു.

ട്രഷറർ ആയി തെരഞ്ഞെടുക്കപ്പെട്ട അനിൽ മറ്റത്തിക്കുന്നേൽ, ഏഷ്യാനെറ്റ് യുഎസ് വീക്കിലി റൗണ്ടപ്പിന്‍റെ എക്സിക്യൂട്ടീവ് എഡിറ്ററായി പ്രവർത്തിക്കുന്നു. കെവി ടിവി യുടെ സഹ സ്ഥാപകരിൽ ഒരാളും എക്സിക്യൂട്ടീവ് ന്യൂസ് എഡിറ്ററും ആയി പ്രവർത്തിച്ചുകൊണ്ട് മാധ്യമ രംഗത്തേക്ക് എത്തിയ അദ്ദേഹത്തിന് ഈ കഴിഞ്ഞ വർഷം നടന്ന അന്താരാഷ്ട്ര മീഡിയാകോണ്‍ഫറൻസിൽ മികച്ച ഓൾറൗണ്ടർ മാധ്യമ പ്രവർത്തകനുള്ള മീഡിയാ എക്സലൻസ് അവാർഡ് സമ്മാനിച്ചിരുന്നു.

വൈസ്പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട ജോയിച്ചൻ പുതുക്കുളം, അമേരിക്കയിലെ സീനിയർ ഇന്ത്യൻ മാധ്യമ പ്രവർത്തകരിൽ ഒരാളാണ്. ഫ്രീലാൻസ് ജേർണലിസ്റ്റ് ആയി കഴിഞ്ഞ രണ്ടു ദശകങ്ങളായി പ്രവർത്തിച്ചുവരുന്ന അദ്ദേഹത്തിന്‍റെ വാർത്തകൾ എല്ലാ മുഖ്യധാരാ മലയാള മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കാത്ത ദിവസങ്ങൾ ഒരുകാലത്ത് ഇല്ലായിരുന്നു എന്ന് തന്നെ പറയാം.

ജോയിന്‍റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് വർഗ്ഗീസ് പാലമലയിലാണ്. ചിക്കാഗോയിലെ സാമൂഹിക സാംസ്ക്കാരിക മേഖലകളിൽ സുപരിചിതനായ അദ്ദേഹം 2006 മുതൽ മാസപ്പുലരി എന്ന മാസികയുടെ മാനേജിങ്ങ് ഡയറക്ടർ എന്ന നിലയിൽ ഇന്ത്യാ പ്രസ്‌സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക ചിക്കാഗോ ചാപ്റ്ററിൽ പ്രവർത്തിച്ചുവരുന്നു.

അനിലാൽ ശ്രീനിവാസൻ, ചാക്കോ മറ്റത്തിൽപറന്പിൽ, അല്ലൻ ജോർജ്, സാജു കണ്ണന്പള്ളി, റോയ് മുളക്കുന്നം, ഡോ. സിമി ജെസ്റ്റോ, ജോർജ് ജോസഫ്, റോസ് വടകര, ഷാനാ മോഹൻ, റോമിയോ കാട്ടൂക്കാരൻ, സരിതാ മേനോൻ എന്നിവർ ബോർഡ് മെംബർമാരായി പ്രവർത്തിക്കും.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അഡ്വൈസറി ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട മുൻ ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്‍റും മുൻ നാഷണൽ പ്രസിഡന്‍റുമായ ബിജു കിഴക്കേക്കുറ്റിനെയും , നാഷണൽ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ബിജു സഖറിയായെയും യോഗം അഭിനന്ദിച്ചു. മികച്ച രീതിയിൽ നടത്തപ്പെട്ട മീഡിയ കോണ്‍ഫറൻസിന് ശക്തമായ പിന്തുണ നൽകിയ ബിജു സഖറിയായുടെ നേതൃത്വത്തിലുള്ള കമ്മറ്റിയേയും, എല്ലാ അംഗങ്ങളെയും ബിജു കിഴക്കേക്കുറ്റ് അഭിനന്ദിക്കുകയും നന്ദിപറയുകയും ചെയ്തു. ഇന്ത്യാ പ്രസ് ക്ലബിന്‍റെ ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്‍റ്് എന്ന നിലക്ക് ചുമതല ഏറ്റെടുത്ത ശിവൻ മുഹമ്മ, യോഗത്തിൽ പങ്കെടുക്കുകയും മികച്ച ഒരു ടീമിനെ തെരഞ്ഞെടുക്കുകയും ചെയ്ത ചാപ്റ്റർ അംഗങ്ങൾക്ക് നന്ദി അറിയിക്കുകയും, ഭരമേല്പിച്ച ഉത്തരവാദിത്വം , മികച്ച രീതിയിൽ നിറവേറ്റുവാനും ഇന്ത്യാ പ്രസ് ക്ലബിന്‍റെ മാതൃകാപരമായ പ്രവർത്തനങ്ങൾ നാഷണൽ കമ്മറ്റിയോട് ചേർന്ന് നിന്നുകൊണ്ട് തുടരുവാനും ശ്രമിക്കുമെന്നും അറിയിച്ചു.

പ്രസന്നൻ പിള്ള