ഹൂസ്റ്റണിൽ വിദ്യാർഥിനി അജ്ഞാതന്‍റെ വെടിയേറ്റു മരിച്ചു
Thursday, January 13, 2022 3:25 PM IST
ഹൂസ്റ്റ‌ൺ: സൗത്ത് വെസ്റ്റ് ഹൂസ്റ്റ‌ണിൽ വിദ്യാർഥിനിയെ വെടിയേറ്റ മരിച്ച നിലയിൽ ക‌ണ്ടെത്തി. ഡയണ്ട് അൽവാറസ് എന്ന പതിനഞ്ചുകാരിയാണ് അജ്ഞാതന്‍റെ വെടിയേറ്റു മരിച്ചത്.

ജനുവരി 11 നായിരുന്നു സംഭവം. രാത്രി വളർത്തു നായ്ക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു യുവതി. കുറച്ചുസമയത്തിനുശേഷം ഡയമണ്ട് ഇല്ലാതെ വളർത്തുനായ് തനിയെ തിരിച്ചെത്തിയപ്പോൾ എന്തോ പന്തികേടു തോന്നിയ വീട്ടുകാരാണ് ആദ്യം അന്വേഷണം ആരംഭിച്ചത്. ഒടുവിൽ കമ്യൂണിറ്റി പാർക്കിനു സമീപം റോഡ് സൈഡിൽ ഡയമണ്ടിനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. സിപിആർ നൽകിയെങ്കിലും രക്ഷിക്കാനായില്ലെന്ന് ഡയമണ്ടിന്‍റെ അമ്മ പറഞ്ഞു.

അതേസമയം പോലീസ് പറയുന്നതിങ്ങനെ: രാത്രി 9.30 ഓടെ സൗത്ത് പോസ്റ്റ് ഓകിനു സമീപം പാർക്ക് മാനർ സ്ട്രീറ്റീൽ വെടിയൊച്ച കേട്ടതായി ആരോ പോലീസിൽ അറിയിച്ചു. ഇതിനെതുടർന്നു അവിടെയെത്തിയ പോലീസിനു കാണാൻ കഴിഞ്ഞത് മരണത്തോട് മല്ലിടുകയായിരുന്ന ഡയമണ്ടിനെയാണ്. സിപിആർ നൽകിയെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചതായി പോലീസ് സ്ഥിരീകരിച്ചു.

സംഭവസ്ഥലത്തുനിന്നു ലഭിച്ച സൂചനകൾ അനുസരിച്ച് നിരവധി വെടിയൊച്ചകൾ കേട്ടതായും കറുത്ത നിറമുള്ള ഒരു വാഹനം സംഭവസ്ഥലത്തുനിന്നും പോകുന്നതായും സമീപത്തുള്ള കാമറകളിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം പ്രതിയെക്കുറിച്ചു വിവരമൊന്നും ലഭിച്ചിട്ടില്ല.

ഹൂസ്റ്റൺ മാഡിസൺ ഹൈസ്കൂൾ സോഫോമോർ വിദ്യാർഥിനയായിരുന്നു ഡയമണ്ട്. ഒരു കോസ്മറ്റോളജിസ്റ്റ് ആകണമെന്നായിരുന്നു ആഗ്രഹം. വോളിബോൾ, ബാസ്കറ്റ്ബോൾ തുടങ്ങിയ മത്സര ഇനങ്ങളിൽ ഡയമണ്ട് താത്പര്യം പ്രകടിപ്പിച്ചിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു.

ഹൂസ്റ്റൺ ഐഎസ്ഡി ഡയമണ്ടിന്‍റെ വിയോഗത്തിൽ അനുശോചിച്ചു. സഹപാഠികളെ സമാശ്വസിപ്പിക്കുന്നതിന് കൗൺസിലർമാരെ പ്രത്യേകം നിയോഗിക്കുകയും ചെയ്തു.

പി.പി. ചെറി‌യാൻ