ഫ്ളോറിഡയിൽ പതിനാലുകാരനെ കൊലപ്പെടുത്തിയ ഭവനരഹിതൻ പിടിയിൽ
Friday, December 3, 2021 5:12 PM IST
പാംബീച്ച് ഗാര്‍ഡന്‍സ്(ഫ്‌ളോറിഡ): സൈക്കിളില്‍ യാത്ര ചെയ്തിരുന്ന പതിനാലുകാരനെ യാതൊരു പ്രകോപനവുമില്ലാതെ അതിക്രൂരമായി കുത്തികൊലപ്പെടുത്തിയ സിമ്മിലി വില്യംസ്(39) എന്ന ഭവനരഹിതനെ അറസ്റ്റു ചെയ്തതായി ഫ്‌ളോറിഡ പോലീസ് ചീഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

റയന്‍ റോജേഴ്‌സ് എന്ന ഹൈസ്‌കൂൾ ഫ്രഷ്മാനെയാണ് ലീ വില്യംസ് നിരവധി തവണ തലയിലും ദേഹത്തും കുത്തികൊലപ്പെടുത്തിയത്.

ബുധനാഴ്ച പുലർച്ചെ സൈക്കിളില്‍ പോയതാണ്. പിന്നെ വീട്ടിലേക്ക് തിരികെ വന്നില്ലായെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അടുത്തദിവസം ഇന്‍റർസ്റ്റേറ്റ് 95 ഓവര്‍ പാസിനു സമീപം
മൃതദേഹം കണ്ടെത്തുകയായിരുന്നു.

സുരക്ഷ കാമറയിൽ നിന്നും സംശയകരമായ രീതിയില്‍ സിമ്മിലിയെ കണ്ടെത്തുകയും തുടര്‍ന്നുള്ള അന്വേഷണത്തില്‍ സിമ്മിലിയുടെ ബാക്ക് പാക്കില്‍ കണ്ടെത്തിയ ചോരകറയുടെ ഡിഎന്‍എ ഫലം റയന്‍റേതാണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു.

വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യം നൽകാതെ ജയിലിലേക്കയച്ചു. നിരവധി അക്രമസംഭവങ്ങളിലും, മോഷണത്തിലും പ്രതിയായ ഇയാളെ ഭീകരനെന്നാണ് പോലീസ് വിശേഷിപ്പിച്ചത്. ഇതോടെ വില്യമിന്‍റെ അക്രമണത്തിന് ഇരയായ പലരും മുന്നോട്ടു വന്ന് തങ്ങളുടെ അനുഭവങ്ങള്‍ പോലീസിനോട് വിവരിക്കുന്നുണ്ട്.

പി.പി. ചെറിയാൻ