ഡാളസിൽ വെടിയേറ്റു മരിച്ച സാജൻ മാത്യൂസിന്‍റെ പൊതുദർശനം ശോകനിർഭരമായി
Wednesday, November 24, 2021 11:31 AM IST
ഡാളസ്: കഴിഞ്ഞ ബുധനാഴ്ച അക്രമിയുടെ വെടിയേറ്റു മരിച്ച സാജൻ മാത്യൂസിന്‍റെ പൊതുദർശനം ശോകനിർഭരമായി. അകാലത്തിൽ പിരിഞ്ഞ പ്രിയപ്പെട്ടവന് ആദരാഞ്ജലി അർപ്പിക്കുവാൻ വൻജനാവലി എത്തി. ഡാളസിലെ മലയാളി സമൂഹത്തെ കൂടാതെ പ്രദേശവാസികൾ ഉൾപ്പടെയുള്ളവർ സാജന് കണ്ണീർ പുഷ്പങ്ങളുമായി ആദരാഞ്ജലി അർപ്പിച്ചു.

കോഴഞ്ചേരി ചെറുകോൽ കലപ്പമണ്ണിപ്പടി ചരുവേല്‍ വീട്ടിൽ പരേതരായ സി.പി മാത്യുവിന്റെയും, സാറാമ്മയുടെയും മകനും ഡാളസ് സെഹിയോൻ മാർത്തോമ്മ ഇടവകാംഗവുമായ സാജന്‍ മാത്യുവിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് (ബുധൻ) രാവിലെ പത്തിനു സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ വച്ച് നടത്തപ്പെടും.

നവംബർ 24 ബുധൻ (ഇന്ന്) രാവിലെ പത്തിനു സെഹിയോൻ മാർത്തോമ്മപ്പള്ളിയിൽ (3760 14th St, Plano, Tx 75074) വെച്ചുള്ള സംസ്കാര ശുശ്രുഷകൾക്ക് ശേഷം പ്ലാനോയിൽ ഉള്ള ടെഡ് ഡിക്കി ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (2128, 18th St, Plano, Tx 75074) സംസ്കരിക്കും. സംസ്കാര ശുശ്രുഷകൾക്ക് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസ് മുഖ്യ കാർമ്മികത്വം വഹിക്കും

കുറ്റപ്പുഴ മോഴച്ചേരിൽ പരേതനായ എം. സി വർഗീസിന്‍റേയും, അന്നമ്മ വർഗീസിന്‍റേയും മകളായ മിനി സജിയാണ് ഭാര്യ. ഫേബാ സാറാ സാജൻ, അലീന ആൻ സാജൻ എന്നിവർ മക്കളും, മാവേലിക്കര കൊല്ലക്കടവ് ചിറയിൽ അനീഷ് മരുമകനും ആണ്.
സംസ്കാര ശുശ്രുഷകൾ www.provisiontv.in എന്ന വെബ്സൈറ്റിലൂടെ ദർശിക്കാവുന്നതാണ്.

ഷാജി രാമപുരം