ഹൂസ്റ്റണിൽ പതിയിരുന്നാക്രമണം; വെടിയേറ്റ മൂന്നു പോലീസുകാരിൽ ഒരാൾ മരിച്ചു
Monday, October 18, 2021 10:13 PM IST
ഹൂസ്റ്റൺ: നോർത്ത് ഹൂസ്റ്റണിൽ ബാറിലുണ്ടായ തർക്കം പരിഹരിക്കാനെത്തിയ മൂന്നു പോലീസ് ഉദ്യോഗസ്ഥർക്കു നേരെ വെടിയുതിർത്തതിനെ തുടർന്ന് ഒരാൾ മരിക്കുകയും രണ്ടുപേർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

ശനിയാഴ്ച രാവിലെ ബാറിൽ കവർച്ചക്ക് ശ്രമിക്കുന്നുവെന്ന് സന്ദേശം ലഭിച്ചതിനെ തുടർന്നാണ് ഹാരിസ് കൗണ്ടി ഡെപ്യൂട്ടിമാരായ കരീം ആറ്റ്കിൻസ് (30), ഒകിം ബാർതെൻ(26), ഡാരൽ ഗാരറ്റ് (28) എന്നിവർ സംഭവസ്ഥലത്ത് എത്തിയത്.

കവർച്ച നടത്താൻ ശ്രമിച്ച പ്രതിയെ രണ്ടു പൊലീസുകാർ ചേർന്ന് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് ഇരുവർക്കും വെടിയേറ്റത്. ശബ്ദം കേട്ടു ഓടിയെത്തിയ മൂന്നാമത്തെ ഓഫീസർക്കു നേരേയും പ്രതി നിറയൊഴിച്ചു. മൂന്നു പേരേയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കരീം ആറ്റ്കിൻസിനെ രക്ഷിക്കാനായില്ല.

ഹൂസ്റ്റൺ മെമ്മോറിയൽ ഹെർമൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡാരൽ ഗാരറ്റിനെ അടിയന്തിര ശസ്ത്രകിയക്കു വിധേയനാക്കി.വെടിവെച്ച പ്രതിയെന്ന സംശയത്തിൽ പിടികൂടിയ യുവാവിനെ ചോദ്യം ചെയ്തതിനെ തുടർന്ന് ഇയ്യാളല്ല വെടിവെച്ചതെന്ന് പോലിസ് അറിയിച്ചു. ശരിയായ പ്രതിയെ പിടികൂടാൻ പോലിസ് തിരച്ചൽ ശക്തമാക്കി.

സംഭവത്തിൽ ഉൾപ്പെട്ട മൂന്നുപേരും സഹോദരന്മാരെ പോലെയായിരുന്നുവെന്നും, ഡൂട്ടിയിലായാലും, ഓഫ് ഡ്യൂട്ടിയിലായാലും എപ്പോഴും ഒരുമിച്ചായിരുന്നുവെന്നും ഹാരിസ് കൗണ്ടി കോൺസ്റ്റബിൾ മാർക്ക് ഹെർമൻ പറഞ്ഞു. 2019 മുതൽ ജോലിയിൽ പ്രവേശിച്ച ആറ്റ്കിൻസ് ഭാര്യയുടെ പ്രസവം സംബന്ധിച്ചു അവധിയിലായിരുന്നു. ഈയിടെയാണ് ജോലിയിൽ പ്രവേശിച്ചത്. മൂന്നുപേരുടേയും കുടുംബാംഗങ്ങളെ സഹായിക്കുന്നതിന് പോലിസ് പ്രത്യേക ഫണ്ട് രൂപീകരിച്ചിട്ടുണ്ട്.

പി.പി. ചെറിയാൻ