കേരള പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനൽ 25 ന്
Thursday, September 23, 2021 2:54 PM IST
ഡാളസ്: കേരള പ്രീമിയർ ക്രിക്കറ്റ് ലീഗിന്‍റെ ഫൈനൽ സെപ്റ്റംബർ 25 നു (ശനി) വൈകുന്നേരം 6ന് ഗാർലാൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും.

വിൻസെന്‍റ് ജോണിക്കുട്ടി നയിക്കുന്ന കേരള ടൈറ്റാനിക്കും അലൻ ജെയിംസ് നയിക്കുന്ന കേരള ഫെറ്റേഴ്‌സും തമ്മിലാണ് മത്സരം.

ആദ്യ സെമിയിൽ കേരള ഗ്ലാഡിയേറ്റ്സിനെ 94 റൺസിന് പരാജയപ്പെടുത്തിയാണ് കേരള ഫെറ്റേഴ്‌സ് ഫൈനലിന് യോഗ്യത നേടിയത്. കേരള കിംഗ്സിനെ ഏഴു വിക്കറ്റിനു പരാജയപ്പെടുത്തിയാണ് കേരള ടൈറ്റാനിക് ഫൈനൽ ബർത്ത് ഉറപ്പിച്ചത്.

സെമിയിൽ 20 റൺസും നാല് വിക്കറ്റും സ്വന്തമാക്കി മാൻ ഓഫ് ദി മാച്ച് പട്ടം കരസ്ഥമാക്കിയ ബ്ലെസൺ ജോർജിലാണ് ഫൈനലിൽ തങ്ങൾക്ക് പ്രതീക്ഷ എന്ന ക്യാപ്റ്റൻ അലൻ ജെയിംസ് അഭിപ്രായപ്പെട്ടു.

ഒന്പത് ഓൾറൗണ്ടർമാര ഉൾപ്പെടുത്തിയാണ് കേരള ടൈറ്റാനിക് ഫൈനൽ മത്സരത്തിനു തയാറെടുക്കുന്നതെന്ന് മാനേജർ വിൻസെന്‍റ് ജോണിക്കുട്ടി അറിയിച്ചു.

ജൂലൈ ഒന്നിന് ഗാർലാൻഡ് സിറ്റിയിൽ ഉദ്ഘാടനം നിർവഹിച്ച ക്രിക്കറ്റ് ഗ്രൗണ്ടിൽ ആയിരിക്കും മത്സരങ്ങൾ നടത്തപ്പെടുക. ക്രിക്കറ്റ് പ്രേമികൾക്ക് മത്സരം കാണുവാനായി കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഇരിപ്പിടങ്ങൾ തയാറാക്കിയിട്ടുണ്ട് . മത്സരം യൂട്യൂബ് ചാനൽ വഴി തത്സമയം വീക്ഷിക്കുന്നതിന് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

ബാബു പി. സൈമൺ