അഭയാര്‍ഥികളെ പുറത്താക്കുന്നതു ത്വരിതപ്പെടുത്തി ബൈഡന്‍ ഭരണകൂടം
Sunday, August 1, 2021 3:11 PM IST
വാഷിങ്ടന്‍: യുഎസ് സതേണ്‍ ബോര്‍ഡില്‍ അഭയം തേടിയെത്തിയ ആയിരക്കണക്കിന് അഭയാര്‍ഥികളെ തിരിച്ചു നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തി ഭരണകൂടത്തിന്റെ ഉത്തരവ്. ജൂലൈ 30നാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവിറക്കിയത്. 18,800 അഭയാര്‍ഥികള്‍ യുഎസ് സതേണ്‍ ബോര്‍ഡറില്‍ സെന്‍ട്രല്‍ അമേരിക്കയില്‍ നിന്നു രണ്ടു മാസത്തിനുള്ളില്‍ എത്തിച്ചേര്‍ന്നതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി അറിയിച്ചു.

അഭയാര്‍ഥികളുടെ വരവോടെ കോവിഡ് വ്യാപനം നിയന്ത്രണാതീതമായിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. അതിര്‍ത്തിയില്‍ എത്തിച്ചേര്‍ന്ന കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്റെ പിടിയിലായവര്‍ അടുത്ത കാലങ്ങളില്‍ ഉണ്ടായിട്ടുള്ള കുടിയേറ്റക്കാരുടെ എണ്ണത്തേക്കാള്‍ പതിന്മടങ്ങ് വര്‍ധനവാണ്.

ഇവരെ പുറത്താക്കണമെന്ന ബൈഡന്‍ ഭരണകൂടത്തിന്മേല്‍ സമ്മര്‍ദം ഏറിവരികയായിരുന്നു. ഗ്വാട്ടിമാല, എല്‍സാല്‍വദോര്‍, ഹോണ്ടൂറാസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണു ഭൂരിപക്ഷവും അമേരിക്കന്‍ അതിര്‍ത്തിയില്‍ വച്ചു പിടിയിലായിരിക്കുന്നത്.

ഇവരെ അതാതു രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കുന്നതിന് ഫാസ്റ്റ് ട്രാക്ക് ഡിപ്പോര്‍ട്ടേഷന്‍ ഫ്‌ലൈറ്റ്‌സും തയാറായി കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. അനധികൃത കുടിയേറ്റക്കാരെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുമെന്ന ബൈഡന്റെ പ്രസ്താവന പ്രായോഗികതലത്തില്‍ നടപ്പാക്കാനാകില്ല എന്നതിന് അടിവരയിടുന്നതാണു പുതിയ ഉത്തരവ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍