ദേശീയ ഓണാഘോഷം ചരിത്ര സംഭവമാകുമെന്നു ചെയർമാൻ
Sunday, July 25, 2021 12:45 PM IST
ഫിലഡൽഫിയ: ഇതാദ്യമായി അമേരിക്കയിൽ ദേശീയതലത്തിൽ ആഘോഷിക്കുന്ന " ദേശീയ ഓണാഘോഷം 21', ജനനിബിഡമാകുമെന്നും ചരി ത്ര സംഭവമാകുമെന്നും ഓണാഘോഷ ചെയർമാൻ വിൻസൻ്റ് ഇമ്മാനുവേൽ പറഞ്ഞു.

കൺസ്റ്റാറ്റർ ഓപ്പൺ തിയേറ്ററിൽ, ഏഴു വേദികളാണ് പ്രശസ്ത രംഗപട ശില്പി ബാബൂ ചീയേഴം (ഫ്ളോറിഡ) രൂപ കൽപ്പന ചെയ്യുന്നത്. സംസ്ഥാന ഗവർണന്മാരുൾപ്പെടെയുള്ള പ്രശസ്തരുടെ സാന്നിദ്ധ്യം ക്ഷണിച്ചിട്ടുണ്ടെന്ന് ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ സുമോദ് നെല്ലിക്കാലാ പറഞ്ഞു.

കോവിഡ് മഹാമാരിയുടെ നരകതാണ്ഡവത്തിൽ നിന്ന് ശാസ്ത്രീയമായ മുൻ കരുതലുകളിലൂടെ അകലം നേടുന്ന അമേരിക്കൻ ജനതയുടെ ഉയിരുണരുന്ന കാർഷികകാല ഉത്സവമുന്നോടി എന്ന നിലയിൽ 'നാഷണൽ ഓണം ഫെസ്റ്റ്21 ന് നൂതനമായ അർത്ഥവ്യാപ്തി കൈവരികയാണ്. കേരളം കോറോണാ വൈറസ്സിൻ്റെ വ്യാപനത്താൽ പലപ്പോഴും അടച്ചു പൂട്ടലുകളിൽ തളയുമ്പോൾ പോലും കേരള നാടിന്‍റെ ദേശീയോത്സവമായ തിരുവോണത്തെ ഗംഭീര പ്രൗഢികളോടെ ദേശീയ തലത്തിൽ ആഘോഷിക്കാൻ അമേരിക്കൻ മലയാളികളിലൂടെ കാലം കരുതിവച്ച കർമപദ്ധതിയായി "നാഷണൽ ഓണം ഫെസ്റ്റ്'21" മാറുന്നൂവെന്ന് ട്രൈസ്റ്റേറ്റ് കേരളാ ഫോറം ജനറൽ സെക്രട്ടറി സാജൻ വർഗീസ് ചൂണ്ടിക്കാണിച്ചു.

ശാസ്ത്രീയ മുൻകരുതലുകളുടെ പ്രായോഗികമായ ക്രമീകരണങ്ങൾക്കു വേണ്ടി പാസ്സു മുഖേന പ്രവേശനം നിയന്ത്രിക്കുന്നതാണെന്ന് ട്രഷറാർ രാജൻ സാമുവേൽ പ്രസ്താവിച്ചു.

ഹെലികോപ്റ്ററിൽ വരുന്ന മഹാബലിയെ വഞ്ചിപ്പാട്ടിൻ്റെ ആരവങ്ങളോടെ, മെഗാതിരുവാതിരയുടെയും കരിമരുന്നു കലാ പ്രകടനങ്ങളുടെയും, ആകാശ പുഷ്പ വൃഷ്ടിയുടെയും നൃത്ത സംഗീതോത്സവങ്ങളുടെയും അകമ്പടികളോടെ വരവേൽക്കും. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനങ്ങൾ പങ്കെടുക്കും. പ്രഗത്ഭരെ ആദരിക്കും. കെങ്കേമ ഓണസദ്യയും പായസ മേളയും ഓണക്കോടി മോടിയിലുടുത്തെത്തുന്ന ദമ്പതിമാർക്ക് സമ്മാനങ്ങളും ഉൾപ്പെടെ; കാർണ്ണിവൽ സ്റ്റൈലിലുള്ള ഉത്സവ-പെരുന്നാൾ-പിക്നിക്ക്-സമ്മേളന മേളയായാണ് ഓഗസ്റ്റ് 21, ശനിയാഴ്ച്ച വൈകുന്നേരം മൂന്നു മണി മുതൽ രാത്രി 10 വരെ "ദേശീയ ഓണാഘോഷം21 'അണിഞ്ഞൊരുങ്ങുന്നത്.

ഇരുപതു സാമൂഹിക സാംസ്കാരിക കലാ സംഘടനകളും കലാഭ്യാസന സ്ഥാപനങ്ങളും അനേകം വ്യാപാരി വ്യവസ്സായ സംരംഭകരും കൈകോർക്കുന്നു. "നാഷണൽ ഓണം ഫെസ്റ്റ്21' വേദിയ്ക്ക് " ജോഷി കുര്യാക്കോസ് നഗരി" എന്നാണ് പേരിട്ടിരിക്കുന്നത്. ട്രൈസ്റ്റേറ്റ് കേരളാ ഫോറം മുൻ ചെയർമാൻ ജോഷീ കുര്യാക്കോസിനുള്ള സ്‌മരണാഞ്ജലിയായാണ് ഈ പേര് സ്വീകരിച്ചിരിക്കുന്നത്. ഉപവേദികൾക്ക് " സുഗതകുമാരി ഗ്രാമം", അക്കിത്തം വേദി" സത്യൻ- പ്രേം നസ്സിർ ഹാൾ" എന്നിങ്ങനെയും പേരിട്ടിട്ടുണ്ട്.

കൺസ്റ്റാറ്റർ ഓപ്പൺ തിയേറ്ററിന്‍റെ മേൽവിലാസം: 9130 Academy Rd, Philadelphia, PA 19114. കൂടുതൽ വിവരങ്ങൾക്ക് സുമോദ് നെല്ലിക്കാല (267 322 8527), സാജൻ വർഗീസ് (215 906 7118 ) രാജൻ സാമുവേൽ (215 435 1015), ഫീലിപ്പോസ് ചെറിയാൻ (215 605 7310), ജോർജ് ഓലിക്കൽ (215 873 4365), ജോബീ ജോർജ് (215 470 2400), റോണി വർഗീസ് (267 213 544), ലെനോ സ്കറിയാ (267 229 0355), വിൻസന്‍റ് ഇമ്മാനുവേൽ (215 880 3341), ജോർജ് നടവയൽ (215 494 6420).

റിപ്പോർട്ട്: പി.ഡി. ജോർജ് നടവയൽ