ഇന്ത്യന്‍ അമേരിക്കന്‍ വംശജ കിരണ്‍ അഹൂജയുടെ നിയമനം സെനറ്റ് അംഗീകരിച്ചു
Thursday, June 24, 2021 4:23 PM IST
വാഷിംഗ്ടന്‍ ഡിസി: ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ കിരണ്‍ അഹൂജയെ തന്ത്രപ്രധാനമായ യുഎസ് ഓഫീസ് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റ് അധ്യക്ഷയായി നിയമിച്ചു. യുഎസ് സെനറ്റില്‍ നടന്ന ചുടേറിയ ചര്‍ച്ചകള്‍ക്കുശേഷം, നേരിയ ഭൂരിപക്ഷത്തിനാണ് നിയമനം അംഗീകരിച്ചത്. കമല ഹാരിസിന്റെ കാസ്റ്റിങ് വോട്ടോടെ 51 വോട്ടുകള്‍ അഹൂജ നേടിയപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 50 സെനറ്റര്‍മാര്‍ നിയമനത്തെ എതിര്‍ത്ത് വോട്ട് ചെയ്തു.

1979 ല്‍ സ്ഥാപിതമായ ഓഫിസ് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്‍റില്‍ (ഒപിഎം) ആദ്യമായാണ് സ്ഥിരമായി അധ്യക്ഷയെ നിയമിക്കുന്നത്.

ഫെഡറല്‍ ഗവണ്‍മെന്‍റ് ജീവനക്കാരുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെങ്കില്‍ പിരിച്ചുവിടണമെന്ന് ട്രംപ് ഭരണ കൂടത്തിന്റെ തീരുമാനം പിന്‍വലിക്കുന്നതിനും, ഫെഡറല്‍ ജീവനക്കാരുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമാണ് അഹൂജ മുന്‍ഗണന നല്‍കുന്നത്.

ഈ തീരുമാനത്തെ പിന്തുണച്ചു നിരവധി ഫെഡറല്‍ ജീവനക്കാരുടെ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. അഹൂജയുടെ നിയമനത്തെ നാഷനല്‍ ഏഷ്യന്‍ പഫസഫിക് അമേരിക്കന്‍ ബാര്‍ അസോസിയേഷന്‍ അഭിനന്ദിച്ചു.1971 ജൂണ്‍ 17ന് ഇന്ത്യയില്‍ നിന്നു കുടിയേറിയവരാണ് അഹൂജയുടെ മാതാപിതാക്കള്‍. ജോര്‍ജിയ സംസ്ഥാനത്തെ സവാനയിലായിരുന്നു അഹൂജയുടെ ജനനം. ഫെബ്രുവരി 23 നാണ് ബൈഡന്‍ ഇവരെ പുതിയ തസ്തികയിലേക്ക് നാമനിര്‍ദേശം ചെയ്തത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍