പാസഡീന മലയാളി അസോസിയേഷൻ 2021 പിക്നിക് അവിസ്മരണീയമായി
Thursday, June 24, 2021 12:00 PM IST
ഹൂസ്റ്റൻ: അമേരിക്കയിലെ പ്രമുഖ മലയാളി കൂട്ടായ്മകളിലൊന്നായ പാസഡീന മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ പിക്നിക് വൈവിധ്യയമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. പ്രകൃതി സുന്ദരമായ ബേ ഏറിയ പാര്‍ക്കില്‍ വച്ച് ജൂൺ 19 ശനിയാഴ്‌ച രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെയാണ് പിക്‌നിക്‌ നടത്തിയത്.

അസോസിയേഷന്‍ പ്രസിഡന്‍റ് ജോൺ ജോസഫ് (ബാബു കൂടത്തിനാൽ) പിക്നിക് ഉദ്ഘാടനം ചെയ്തു. സ്പോര്‍ട്സ് കോർഡിനേറ്റർ റിച്ചാർഡ് സ്കറിയ, സെക്രട്ടറി ബിജു ഇട്ടൻ എന്നിവരോടൊപ്പം ഈശോ എബ്രഹാം, ജോമോൻ ജേക്കബ് തുടങ്ങിയവർ കായിക മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

സീനിയര്‍, ജൂനിയര്‍, കിഡ്സ്‌ തുടങ്ങി വിവിധ പ്രായത്തിലുള്ളവർക്കായി പ്രത്യക മത്സരങ്ങളാണ് നടത്തിയത്. കൊറോണ മഹാമാരിക്ക് ശേഷമുള്ള ആദ്യത്തെ ഈ ഒത്തുചേരൽ അസ്സോസിയേഷൻ കുടുംബങ്ങൾക്ക് കൂടുതൽ ഉണർവ്വ് നൽകി. അംഗങ്ങള്‍ വളരെ ഉത്സാഹ പൂര്‍വമാണ് ഓരോ മത്സരങ്ങളിലും പങ്കെടുത്തത്. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ലെമണ്‍ സ്പൂണ്‍, കസേരകളി എന്നിവ എടുത്തു പറയേണ്ട ഇനങ്ങളാണ്.

വിജയികള്‍ക്ക് വാർഷികാഘോഷദിനത്തില്‍ ട്രോഫികള്‍ നല്‍കും. തോമസ് ഉമ്മൻ, രാജൻ ജോൺ, ജോയിക്കുട്ടി, ബിനു കോശി, വിൽസൺ ജോൺ, ജോഷി വർഗീസ്, . പോൾ യോഹന്നാൻ തുടങ്ങിയവർ പിക്നിക് വിജയകരകമാക്കുവാൻ പ്രവർത്തിച്ചു. തുടര്‍ന്ന് 2022-ലേക്കുള്ള സംഘടന ഭാരവാഹികളായി പ്രസിഡണ്ട് ജോമോൻ ജേക്കബ്, സെക്രട്ടറി സലീം അറക്കൽ‌; മറ്റു കമ്മിറ്റീ അംഗങ്ങളെയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു. രുചികരമായ ബാര്‍ബിക്യൂ പാര്‍ട്ടിയോടെ പിക്നിക് പര്യവസാനിച്ചു.

റിപ്പോർട്ട് : ജീമോൻ റാന്നി