ബേ മലയാളിക്ക് പുതിയ ഭാരവാഹികള്‍; ലെബോണ്‍ മാത്യു (പ്രസിഡന്‍റ്), ജീന്‍ ജോര്‍ജ് (സെക്രട്ടറി)
Tuesday, March 9, 2021 12:08 PM IST
കലിഫോര്‍ണിയ : സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയില്‍ കായിക സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബേ മലയാളി ബോര്‍ഡ് , 2021- 2025 കാലയളവിലേക്ക് രണ്ട് വനിതകള്‍ അടക്കം കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ആരംഭിച്ചു.

നിലവിലുള്ള പ്രോഗ്രാമുകള്‍ക്ക് കരുത്ത് പകരുന്നതോടപ്പം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട പ്രോഗ്രാമുകള്‍ക്ക് ഊര്‍ജം പകരുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് എക്‌സിക്യൂട്ടീവ് ബോര്‍ഡിന്‍റെ വിപുലീകരണം.

ലെബോണ്‍ മാത്യു (പ്രസിഡന്‍റ്), ജീന്‍ ജോര്‍ജ് ( സെക്രട്ടറി), സുഭാഷ് സ്കറിയ (ട്രഷറര്‍), ജോണ്‍ കൊടിയന്‍(വൈസ് പ്രസിഡന്റ്), റിനു ടിജു ( ജോയിന്‍റ് സെക്രട്ടറി), നൗഫല്‍ കപ്പച്ചാലി (ജോയിന്‍റ് ട്രഷറര്‍), സജന്‍ മൂലേപ്ലാക്കല്‍ (പബ്ലിക് റിലേഷന്‍സ്), ആന്റണി ഇല്ലിക്കാട്ടില്‍ (കമ്മ്യൂണിറ്റി റിലേഷന്‍സ്), അനൂപ് പിള്ളൈ (സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍), എല്‍വിന്‍ ജോണി (ടെക്‌നോളജി ലീഡ് ), ജോര്‍ജി സാം വര്‍ഗീസ് ( മാര്‍ക്കറ്റിംഗ്), അലീന ജാക്‌സ് (വിമന്‍സ് അഫയേഴ്‌സ്) എന്നിവരാണ് പുതിയ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങള്‍. ടിജു ജോസിനെ പുതിയ ഓഡിറ്ററായും തെരഞ്ഞെടുത്തു. വളണ്ടിയര്‍മാരായ സുബിന്‍ പൂളാട്ട്, ജിജി ആന്റണി, ജാക്‌സ് വര്‍ഗീസ്, നിസാര്‍ മാങ്കുളങ്ങര എന്നിവരുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളെയും എക്‌സിക്യൂട്ടീവ് ബോര്‍ഡ് പ്രശംസിച്ചു. കൂടാതെ കഴിഞ്ഞ കാലയളവിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും, ഓഡിറ്റ് ചെയ്ത കണക്കുകൾ ബോര്‍ഡ് പാസാക്കുകയും ചെയ്തു.

നിലവിലെ പ്രോഗ്രാമുകള്‍ കൂടുതല്‍ ഊര്‍ജ്വസ്വലതയില്‍ നിലനിര്‍ത്തുന്നതോടൊപ്പം വിഷന്‍ 2030 എന്ന നാമകരണത്തില്‍ പ്രസിഡന്‍റ് ലെബോണ്‍ മാത്യുവിന്‍റെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയ രണ്ടു ദീര്‍ഘകാല പ്രോഗ്രാമുകള്‍ക്കും ബോര്‍ഡ് അംഗീകാരം നല്‍കി. ബേ ഏരിയയിലെ മലയാളികള്‍ക്ക് വിനോദത്തിനും സാമൂഹിക ഒത്തുചേരലുകള്‍ക്കും വേണ്ടി "കേരളാ ഹൗസ്', മലയാളി തനിമയോടു കൂടിയ ഒരു റിട്ടയര്‍മെന്‍റ് കമ്മ്യൂണിറ്റി എന്നീ പ്രൊജക്ടുകള്‍ക്കാണ് അംഗീകാരം നല്‍കിയത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം