ബൈഡനെ അംഗീകരിക്കാൻ വിസമ്മതിച്ച് വീണ്ടും മെക്സിക്കൻ പ്രസിഡന്‍റ്
Friday, November 27, 2020 6:46 PM IST
മെക്സിക്കോ സിറ്റി: അമേരിക്കൻ പൊതുതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ജനകീയ വോട്ടുകളും ഇലക്ട്രറൽ വോട്ടുകളും നേടിയ ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാനാവില്ലെന്ന് ആവർത്തിച്ച് മെക്സിക്കൻ പ്രസിഡന്‍റ് . നവംബർ 25 നു നടത്തിയ പതിവു വാർത്താ സമ്മേളനത്തിലാണ് പ്രസിഡന്‍റ് മാനുവൽ ലോപസ് ഒബ്രാഡർ തന്‍റെ തീരുമാനം അസന്നിഗ്ധമായി പ്രഖ്യാപിച്ചത്.

അമേരിക്കൻ തെരഞ്ഞെടുപ്പ് പ്രക്രിയ ഔദ്യോഗീകമായി അവസാനിപ്പിച്ചു വിജയിയെ പ്രഖ്യാപിക്കുന്നതുവരെ കാത്തിരിക്കാനാണ് തീരുമാനം. ആദ്യമേ തന്നെ അഭിനന്ദിക്കുന്നത് തെറ്റാണെന്നും ഞാൻ വിശ്വസിക്കുന്നു- മാനുവൽ പറഞ്ഞു. തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തു ഇപ്പോഴും നിരവധി അപ്പീലുകൾ തീർപ്പാക്കേണ്ടതുണ്ട്. അതിന്‍റെ തീരുമാനം വരുന്നതുവരെ ഞങ്ങൾ ഒരു നടപടിയും സ്വീകരിക്കുകയില്ലെന്നും മാനുവൽ കൂട്ടിച്ചേർത്തു.

അമേരിക്കയിലെ രാഷ്ട്രീയ പാർട്ടികളോടോ, ഇലക്ട്രറൽ നടപടി ക്രമങ്ങളോടൊ, സ്ഥാനാർഥികളോടെ, ഞങ്ങൾ എതിരല്ല. അമേരിക്കൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ബൈഡനെ അംഗീകരിക്കണമെന്ന് നവംബർ 24 നു തന്‍റെ ചില സെക്യൂരിറ്റി ക്യാബിനറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നതായും പ്രസിഡന്‍റ് മാനുവൽ പറഞ്ഞു.

അതേസമയം മെക്സിക്കൻ പ്രസിഡന്‍റിന്‍റെ തീരുമാനത്തിൽ ഡമോക്രാറ്റിക് പാർട്ടിയിലെ പല മുതിർന്ന നേതാക്കളും അസംതൃപ്തി പ്രകടിപ്പിച്ചു. മാനുവലിന്‍റെ തീരുമാനം വിഡ്ഢിത്തമാണെന്നാണ് ചില നേതാക്കൾ വിശേഷിപ്പിച്ചത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ