ഫോമാ വിമൻസ് ഫോറം ശിശുദിനാഘോഷവും പേരന്‍റിംഗ് സെമിനാറും സംഘടിപ്പിച്ചു
Wednesday, November 18, 2020 6:22 PM IST
ഫോമാ വിമൻസ് ഫോറം ശിശുദിനാഘോഷവും പേരന്‍റിംഗ് സെമിനാറും സംഘടിപ്പിച്ചു. നവംബർ 14 നു നടന്ന ആഘോഷത്തിൽ മുഖ്യ പ്രഭാഷകയായിരുന്ന മുൻ വൈറ്റ് ഹൗസ് ലേഖികയും സിബിഎസ് , എബിസി, ഫോക്സ് ന്യൂസ് ചാനലുകളിലെ വാർത്താ അവതാരികയും ആയിരുന്ന റീന നൈനാൻ, മഹാമാരി കാലത്ത് കുട്ടികളെ എങ്ങനെ മികച്ച രീതിയിൽ നോക്കാനും അവരുടെ വളർച്ചയെ എപ്രകാരം സഹായിക്കാനാകും എന്നതിനെപ്പറ്റി പ്രേക്ഷകരോട് സംവദിച്ചു.

വളരെ ഉപകാരപ്രദവും കാലിക പ്രസക്തവുമായ സെമിനാറിനുശേഷം പ്രേക്ഷകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയും ചെയ്തു. അമേരിക്കയിൽ ജനിച്ചു വളർന്ന റീന, ഏറ്റവും മികച്ച അഞ്ചു പേരന്‍റിംഗ് പോഡ്‌കാസ്റ്റുകളിൽ ഒന്നായ "Ask Lisa - The Pyschology of Parenting" ന്‍റെ കാര്യകർത്താവും കൂടിയാണ്.

മുഖ്യാതിഥികളായിരുന്ന പിന്നണി ഗായിക സിതാര കൃഷ്ണകുമാറും പ്രശസ്ത ചലചിത്ര നടി സരയു മോഹനും വെർച്വൽ സംഗമത്തിൽ പങ്കെടുത്തു. സരയു മോഹൻ തന്‍റേതായ ശൈലിയിൽ പേരന്‍റിംഗിനെ പറ്റിയും തന്‍റെ കലാജീവിതത്തെ പറ്റിയും സംസാരിച്ചു. സിതാരയുടെ "തിരുവാവണി രാവ്' എന്ന ഗാനാലാപനത്തിനുശേഷം അമേരിക്കയിലെ ശിശുരോഗ വിദഗ്ധയും മുൻ ഫോമാ വനിതാ പ്രതിനിധിയുമായ ഡോ. സിന്ധു പിള്ള ശിശുദിന സന്ദേശം നൽകി.

അപർണ ഷിബുവിന്‍റെ (ന്യൂയോർക്ക്) പ്രാർഥനാലാപനത്തോടെ തുടങ്ങിയ ചടങ്ങിൽ ജാസ്മിൻ പാരോൾ സ്വാഗതവും അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൊച്ചു ഗായികമാരായ റിയാന ഡാനിഷ് (കലിഫോർണിയ), അശ്വിക അനിൽ നായർ (അറ്റ്ലാന്‍റ), സാറ എസ്. പീറ്റർ (ന്യൂ യോർക്ക്) എന്നിവർ അവരുടെ ഗാനാലാപന ശൈലിയോടെ ശിശുദിനത്തെ അതി മനോഹരമാക്കി. ഷൈനി അബൂബക്കർ അവതരികയായിരുന്നു. ബിനു ജോസഫും ജിജോ ചിറയിലും സാങ്കേതി സഹായങ്ങൾ നൽകി. ജൂബി വള്ളിക്കളം , ഷൈനി അബൂബക്കർ, ജാസ്മിൻ പാരോൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ദേശീയ വിമെൻസ് ഫോറത്തിന്‍റെ പ്രവർത്തനോദ്ഘാടനം ഡിസംബർ ആദ്യ വാരം നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

റിപ്പോർട്ട്: ടി. ഉണ്ണികൃഷ്ണൻ