ഒക്‌ടോബര്‍ 25 ഉപവസിച്ച് പ്രാര്‍ത്ഥിക്കുന്ന ദിവസമായി വേര്‍തിരിക്കണം: ഫ്രാങ്ക്‌ളിന്‍ ഗ്രഹാം
Saturday, October 24, 2020 3:25 PM IST
വാഷിംഗ്ടണ്‍: അമേരിക്ക ഇന്ന് അഭിമുഖീകരിക്കുന്ന അതിസങ്കീര്‍ണ്ണ വിഷയങ്ങളില്‍ ദൈവീക ഇടപെടല്‍ അനിവാര്യമാണെന്നും, അതിനായി ദൈവത്തോട് മുട്ടിപ്പായി പ്രാര്‍ത്ഥിക്കണമെന്നും, ഒക്‌ടോബര്‍ 25 ഞായറാഴ്ച ക്രൈസ്തവ വിശ്വാസികള്‍ ഉപവാസത്തിനും, പ്രാര്‍ത്ഥനയ്ക്കുമായി മാറ്റിവയ്ക്കണമെന്നും ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്‍ പ്രസിഡന്റും, സിഇഒയുമായ ഫ്രാങ്ക്‌ളിന്‍ ഗ്രഹാം അഭ്യര്‍ത്ഥിച്ചു.

മഹാമാരിയുടെ ദുരിതം അനുഭവിക്കുന്ന ബഹുഭൂരിപക്ഷം ജനവിഭാഗം, തെരഞ്ഞെടുപ്പിന്റെ അനിശ്ചിതത്വത്തില്‍ അമേരിക്കയുടെ ഭാവി എന്തായിരിക്കുമെന്ന് വേവലാതിപ്പെടുന്നവര്‍, വംശീയ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ആശങ്കാകുലരായ ന്യൂനപക്ഷം എന്നിവര്‍ക്ക് ഇതിനു പരിഹാരം കണ്ടെത്തണമെങ്കില്‍ അദൃശ്യനായ ദൈവത്തിന്റെ സാന്നിധ്യം ആവശ്യമാണ്.

ഒക്‌ടോബര്‍ 25 ഞായറാഴ്ച വ്യക്തികളും കുടുംബങ്ങളും പ്രാര്‍ത്ഥനയില്‍ പങ്കുചേരണമെന്നും ഫ്രാങ്ക്‌ളിന്‍ അഭ്യര്‍ത്ഥിച്ചു. രാജ്യത്തിന്റെ ഭാവി നോക്കിക്കാണുന്നത് ഇന്നത്തെ യുവതലമുറകളിലൂടെയാണ്. ഇന്ന് നിലവിലിരിക്കുന്ന സാഹചര്യത്തില്‍ മക്കളേയും കൊച്ചുമക്കളേയും ദേശസ്‌നേഹത്തില്‍ നിന്നും അകറ്റിക്കളഞ്ഞുകൂടാ എന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ 3-ന് നടക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ തുടര്‍ഭരണം നന്മയും, ഭാവിയും ശോഭനമാക്കുമെന്ന് ഉറപ്പുള്ള കരങ്ങളില്‍ എത്തിച്ചേരണം. കഴിഞ്ഞ മാസം ഫ്രാങ്ക്‌ളിന്‍ അഹ്വാനം ചെയ്തിരുന്നതനുസരിച്ച് വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന പ്രാര്‍ത്ഥനയില്‍ ആയിരക്കണക്കിന് ആളുകള്‍ സമര്‍പ്പണബോധത്തോടെ പങ്കെടുത്തു. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്നതിന് ഏറ്റവും മൂര്‍ച്ഛയേറിയ ആയുധം പ്രാര്‍ത്ഥന മാത്രമാണെന്നും ഫ്രാങ്ക്‌ളിന്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍