ഹൂസ്റ്റണിൽ പത്തു വയസുകാരന്‍റെ അവയവങ്ങൾ ദാനം ചെയ്ത് മാതൃകകാട്ടി
Tuesday, September 22, 2020 7:22 PM IST
ഹൂസ്റ്റൺ: ബൈക്കിൽ യാത്ര ചെയ്യവേ നിയന്ത്രണം വിട്ട കാർ ഇടിച്ചു മരിച്ച പത്തു വയസുകാരന്‍റെ അഞ്ച് അവയവങ്ങൾ ദാനം ചെയ്തു മാതാപിതാക്കൾ മാതൃകയായി.

സെപ്റ്റംബർ ഒന്നിന്, ജന്മദിനത്തിൽ ലഭിച്ച സൈക്കിളിൽ യാത്ര ചെയ്യവെ വിക്ടർ പീറ്റർസ(10) നെ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു. നോർത്ത് വെസ്റ്റ് ഹൂസ്റ്റൺ സ്പ്രിംഗ് വുഡ്സ് ഹൈസ്കൂളിനു സമീപമായിരുന്നു അപകടം. ബങ്കർ ഹിൽ എലിമെന്‍ററി സ്കൂളിൽ നാലാം ഗ്രേഡ് വിദ്യാർഥിയായിരുന്ന വിക്ടർ, വാഹനത്തിന്‍റെ അടിയിൽ ഞെരിഞ്ഞമരുകയായിരുന്നുവെന്ന് പിന്നീട് ലഭിച്ച ടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായതായി പോലീസ് അറിയിച്ചു.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മസ്തിഷ്ക്കമരണം സംഭവിച്ചതായി ഡോക്ടർമാർ വിധിയെഴുതി. കുറച്ചുദിവസത്തെ വെന്‍റിലേറ്റർ ചികിത്സക്കുശേഷം മകനെ മരണത്തിനേല്പിക്കാൻ മാതാപിതാക്കൾ സമ്മതിക്കുകയായിരുന്നു.

മകൻ ‍ഞങ്ങൾക്ക് ലഭിച്ച ഒരു സമ്മാനമായിരുന്നു. അവൻ മരിക്കുന്നു എന്നതു ഞങ്ങൾക്ക് വിശ്വസിക്കാനാവുന്നില്ല. മാതാവ് - ലൂസിയ പീറ്റർസൻ പറഞ്ഞു. മകൻ മറ്റുള്ളവരിലൂടെ ജീവിക്കുന്നതു കാണുവാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നു. ഹൃദയം, ശ്വാസകോശങ്ങൾ, ലിവർ, കിഡ്നി, പാൻക്രിയാസ് എന്നിവ അഞ്ചു പേർക്ക് നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട് മാതാവ് പറഞ്ഞു. മകന്‍റെ അവയവങ്ങൾ സ്വീകരിച്ചവരെ ഒരുനാൾ കണ്ടുമുട്ടാം എന്ന് മാതാവ് പ്രതീക്ഷിക്കുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ