പിതാവിനെ കൊന്നു മൃതദേഹം ടൂൾ ബോക്സിൽ ഒളിപ്പിച്ച മകൻ അറസ്റ്റിൽ
Friday, September 18, 2020 5:41 PM IST
ഒക്‌ലഹോമ സിറ്റി: പിതാവിനെ കൊലപ്പെടുത്തിയശേഷം മൃതശരീരം ടൂൾ ബോക്സിൽ ഒളിപ്പിച്ച മകൻ അറസ്റ്റിൽ. എഴുപത്തൊന്നുകാരൻ എസ്റ്റിബാൻ ടാപ്പിയയാണ് കൊല്ലപ്പെട്ടത്.

ഒക്‌ലഹോമ സിറ്റിയിലാണ് സംഭവം. സെപ്റ്റംബർ 16ന് പോലീസിനു ലഭിച്ച ഒരു സന്ദേശത്തെ തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് വീടിനു വെളിയിൽ സൂക്ഷിച്ചിരുന്ന ടൂൾ ബോക്സിൽ മൃതദേഹം അടക്കം ചെയ്തതായി കണ്ടെത്തിയത്.

മകളാണ് പിതാവിനെ കാണാനില്ല എന്ന വിവരം പോലീസിനെ അറിയിച്ചത്. ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു ശരീരം. സംഭവുമായി ബന്ധപ്പെട്ടു മകൻ ഫ്രാൻസിസ്ക്കൊ ടാപിയായെ (31) പോലീസ് അറസ്റ്റ് ചെയ്തു. പിതാവുമായി കലഹം ഉണ്ടായതിനെതുടർന്നു വകവരുത്തുകയായിരുന്നുവെന്ന് മകൻ പോലീസിനെ അറിയിച്ചു.

ഫ്രാൻസിസ്ക്കൊയ്ക്കെതിരെ ഫസ്റ്റ് ഡിഗ്രി മർഡറിന് കേസെടുത്തിട്ടുണ്ട്. ഒക്‌ലഹോമ സിറ്റി സൗത്ത് വെസ്റ്റ് പെൻസിൽവാനിയ അവന്യുവിലാണ് സംഭവം. പ്രതിയെ ഒക്‌ലഹോമ കൗണ്ടി ഡിറ്റൻഷൻ സെന്‍ററിലേക്ക് മാറ്റി. പിതാവിനെ കൂട്ടികൊണ്ടു പോകുവാൻ വീട്ടിലേക്ക് വിളിച്ചിട്ടു കിട്ടാതിരുന്നതിനെ തുടർന്നാണ് മകൾ പോലീസിനെ വിളിച്ചത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ