യുവധാര പ്രകാശനോദ്ഘാടനം വ: മനോജ് ഇടിക്കുള നിര്‍വഹിച്ചു
Tuesday, August 4, 2020 11:52 AM IST
ഹൂസ്റ്റണ്‍: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ നോര്‍ത്തമേരിക്ക- യൂറോപ്പ് ഭദ്രാസന യുവജനസഖ്യത്തിന്റെ 2020 -23 വര്‍ഷത്തെ പ്രഥമ യുവധാര പതിപ്പിന്റെ പ്രകാശനോദ്ഘാടനം ഓഗസ്റ്റ് രണ്ടിനു് ഞായറാഴ്ച രാത്രി ഒമ്പതിനു ഭദ്രാസന യുവജനസഖ്യം പ്രസിഡന്റ് റവ: സാം ടി മാത്യുവിന്റെ അധ്യക്ഷതയില്‍ നടന്ന ലളിതമായ വെര്‍ച്ച്വല്‍ ചടങ്ങില്‍ വച്ചു മാര്‍ത്തോമാ സഭാ നോര്‍ത്തമേരിക്ക -യൂറോപ്പ് ഭദ്രാസന സെക്രട്ടറി റവ: മനോജ് ഇടിക്കുള നിര്‍വഹിച്ചു.

അല്‍ഫി ജോസിന്റെ ഗാനത്തോടെയും, ഫിലാഡല്‍ഫിയ ക്രിസ്‌തോസ് മാര്‍ത്തോമാ ഇടവക വികാരി റവ: അനീഷ് തോമസ് അച്ചന്റെ പ്രാര്‍ത്ഥനയുടെയും ആരംഭിച്ച ചടങ്ങില്‍ ഭദ്രാസന യുവജനസഖ്യം സെക്രട്ടറി ബിജി ജോബി സ്വാഗതം ആശംസിച്ചു.

ഓരോ സംഭവങ്ങള്‍ നമ്മുടെ ചുറ്റുപാടും നടക്കുന്നത് കാണുമ്പൊള്‍ നമ്മുടെ ജീവിതത്തിന്റെ അനിശ്ചിതത്ത്വത്തെ പറ്റി നാം ഓര്‍ക്കണം, ലഭിക്കുന്ന ഓരോ ദിവസവും അമൂല്യമാണ്. ഈ സങ്കീര്‍ണതകളില്‍ നമ്മെ നിലനിര്‍ത്തുന്നത് ദൈവത്തിലുള്ള വിശ്വാസമാണ്. വിശ്വാസത്തില്‍ ഉറച്ചു നിന്നു കൊണ്ട് യുവജനസഖ്യം മുന്‍പോട്ടു പോകണം എന്ന് ആശംസിച്ചു കൊണ്ട് ഭദ്രാസന സെക്രട്ടറി റവ: മനോജ് ഇടിക്കുള 2020 -23 വര്‍ഷത്തെ പ്രഥമ യുവധാര പതിപ്പിന്റെ ഉല്‍ഘാടന കര്‍മ്മം നിര്‍വഹിച്ചു. തുടര്‍ന്ന് ഡാളസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ: മാത്യു മാത്യൂസും, മുന്‍ ഭദ്രാസന യുവജനസഖ്യം സെക്രട്ടറി സന്തോഷ് എബ്രഹാമും ആശംസകള്‍ അറിയിച്ചു.

അതിനു ശേഷം യുവധാരയുടെ ചീഫ് എഡിറ്റര്‍ ബിന്‍സി ജോണ്‍ ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അതോടൊപ്പം ലേഖനങ്ങളും കവിതകളും മറ്റും എഴുതി അയച്ചുതന്ന എല്ലാ സഖ്യം സ്‌നേഹിതര്‍ക്കും തന്നോടൊപ്പം എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍ ആയി പ്രവര്‍ത്തിച്ചവരുമായ അന്‍സി മനോജ്, അനീഷ് ജോയ്സണ്‍, ജസ്റ്റിന്‍ ജോസ്, മെര്‍ലിന്‍ വിപിന്‍, സോണി ജോസഫ്, വിജു വര്‍ഗ്ഗിസ് എന്നിവര്‍ക്കും നന്ദി അര്‍പ്പിച്ചു. അറ്റ്‌ലാന്റാ മാര്‍ത്തോമാ ഇടവക വികാരി റവ: അജു എബ്രഹാമിന്റെ പ്രാര്‍ത്ഥനയോടെ ചടങ്ങു സമംഗളം പര്യവസാനിച്ചു.

റിപ്പോര്‍ട്ട്: അജു വാരിക്കാട്