അറ്റ്ലാന്‍റ മേയറിനും ഭർത്താവിനും കോവിഡ് സ്ഥിരീകരിച്ചു
Tuesday, July 7, 2020 7:05 PM IST
അറ്റ്ലാന്‍റ: മേയർ കീഷാ ലാൻസിനും ഭർത്താവിനും കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം കീഷാ തന്നെയാണ് വെളിപ്പെടുത്തിയത്.

കോവിഡ് 19 ന്‍റെ യാതൊരു ലക്ഷണങ്ങളും അനുഭവപ്പെട്ടിരുന്നില്ലെന്നും കർശനമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നതായും മേയർ ട്വിറ്ററിൽ കുറിച്ചു. രണ്ടാഴ്ച മുൻപ് പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവായിരുന്നു. പതിവിലും വിപരീതമായി ഭർത്താവ് കൂടുതൽ സമയം ഉറങ്ങുന്നതു കണ്ടതോടെയാണ് വീണ്ടും പരിശോധിക്കാൻ തീരുമാനിച്ചതെന്നും മേയർ പറഞ്ഞു.

തിങ്കളാഴ്ച റിസൾട്ട് വന്നപ്പോൾ ഇരുവർക്കും പോസിറ്റീവാണെന്ന് കണ്ടെത്തിയത് തന്നെ അദ്ഭുതപ്പെടുത്തിയെന്നും മേയർ പറഞ്ഞു. എങ്ങനെയാണ് വൈറസ് തങ്ങളിൽ എത്തിയതെന്ന് അറിയില്ല. കഴിഞ്ഞ വാരാന്ത്യം എട്ടു വയസായ കുട്ടി വെടിയേറ്റു മരിച്ച സംഭവത്തെ തുടർന്നു വാർത്താസമ്മേളനം നടത്തേണ്ടി വന്നുവെന്നും കുട്ടിയുടെ മാതാപിതാക്കളായും മറ്റു ചിലരുമായും ബന്ധപ്പെടേണ്ടി വന്നിട്ടുണ്ടെന്നും അതാകാം രോഗബാധക്കു കാരണമായതെന്നു കരുതുന്നതായും മേയർ പറഞ്ഞു. അടുത്ത രണ്ടാഴ്ച ക്വാറന്‍റൈനിൽ കഴിയാനാണ് തീരുമാനം. കുടുംബത്തിനു വേണ്ടി പ്രാർഥിക്കണമെന്നും മേയർ അഭ്യർഥിച്ചിട്ടുണ്ട്.

അറ്റ്ലാന്‍റയിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ ശക്തയായ നേതാവാണ് കീഷാ, ജോ ബൈഡന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥികളിൽ ചുരുക്കം ചിലരിൽ ഇവരുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ